- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴകുളം കിഴക്ക് ബാങ്കിൽ നിന്നും പ്യൂൺ മുകേഷ് തട്ടിയെടുത്തത് 60 ലക്ഷത്തിൽ അധികം രൂപ; തിങ്കളാഴ്ചയും പണം തിരിച്ചടച്ചില്ല; അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി പൊലീസിൽ പരാതി നൽകി; പണം വെള്ളിയാഴ്ച അടയ്ക്കാമെന്ന് പ്യൂണിന്റെ വാഗ്ദാനം
പത്തനംതിട്ട: പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്കിൽ നിന്ന് പ്യൂൺ മുകേഷ് തട്ടിയെടുത്ത് 31.50 ലക്ഷമല്ല. 60 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കാണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി പൊലീസിൽ പരാതി നൽകി. എടുത്ത പണം മുഴുവൻ തിങ്കളാഴ്ച തിരികെ അടയ്ക്കാമെന്നൊരു വാഗ്ദാനമാണ് മുകേഷ് ബാങ്ക് അധികൃതർക്ക് നൽകിയിരുന്നത്. അത് നടക്കാതെ വന്നതോടെയാണ് ഇന്നലെ വൈകിട്ട് അടൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുള്ളത്. ഫോൺ ഓഫ് ചെയ്ത് മുകേഷ് ഒളിവിലാണ്.
അടൂർ ബോയ്സ് ഹൈസ്കൂൾ ജങ്ഷനിലുള്ള ശാഖയിലാണ് പ്യൂൺ തട്ടിപ്പ് നടത്തിയത്. പ്യൂണിന് കാഷ്യറുടെ അധികചുമതല നൽകിയ ബാങ്ക് അധികൃതരും വെട്ടിലായിട്ടുണ്ട്. 31.50 ലക്ഷത്തിന്റെ തട്ടിപ്പ് മാത്രമാണ് ആദ്യം പുറത്തു വന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കോടികൾ നിക്ഷേപിച്ചവരുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ ഇയാൾ പിൻവലിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. തട്ടിയെടുത്ത പണം കൊണ്ട് ആഡംബര ജീവിതം നയിച്ചു വരിയായിരുന്നു ഇയാൾ. പുതിയ മോഡൽ കാറുകൾ വാങ്ങി, വസ്തുവകകൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പ് പുറത്തായതോടെ എടുത്ത തുക തിരിച്ചടയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതും പണം കൈവശമുണ്ടായിട്ടാണെന്ന് പറയുന്നു.
അതിനിടെ, പ്യൂണിനെ മാത്രം ബലിയാടാക്കി പേരുദോഷം ഒഴിവാക്കാനുള്ള സിപിഎം നീക്കം തിരിച്ചടിച്ചേക്കും. ബി.ജെപിക്കാരനായ പ്യൂൺ, താൻ കുടുങ്ങിയാൽ പ്രമുഖരായ സിപിഎം നേതാക്കളുടെ പേരു കൂടി വിളിച്ചു പറയുമെന്ന് ഭീഷണി മുഴക്കിയതായിട്ടാണ് വിവരം. ജില്ലാ നേതാക്കൾ അടക്കം പ്രതിക്കൂട്ടിൽ വന്നേക്കുമെന്ന് കണ്ടതോടെ സിപിഎം റിവേഴ്സ് ഗിയറിലായി. കോൺഗ്രസ് തന്ത്രപരമായ നിലപാടാണ് സ്വീകരിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുടെ ഏതെങ്കിലും ബാങ്കിൽ ഒരു കുഞ്ഞു തട്ടിപ്പ് നടന്നാൽ പോലും കൊടിയും പിടിച്ച് സമരത്തിനിറങ്ങുന്ന കോൺഗ്രസുകാരെ പഴകുളത്തേക്ക് കണ്ടിട്ടില്ല. കാൽനൂറ്റാണ്ടായി ഡിസിസി നേതാവ് പഴകുളം ശിവദാസൻ പ്രസിഡന്റായിരിക്കുന്ന ബാങ്കാണിത്.
യു.ഡി.എഫ് ഭരണസമിതിയെ ചവിട്ടിപ്പുറത്താക്കിയാണ് സിപിഎം നേതാക്കളെ തിരുകി കയറ്റി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിച്ചത്. ഈ കമ്മറ്റിയുടെ പിൻബലത്തിൽ ബാങ്കിന്റെ ഭരണം പിടിക്കാൻ വേണ്ടിയുള്ള ശ്രമം നടത്തി വരികയായിരുന്നു സിപിഎം.അതണിപ്പോൾ പാളിയിരിക്കുന്നത്. എന്നിട്ടും സമരം നടത്താൻ തയാറാകാത്ത കോൺഗ്രസിന്റെ നിലപാടാണ് സംശയത്തിന് ഇട നൽകിയിരിക്കുന്നത്.
യുഡിഎഫ് ഭരണത്തിൽ ബാങ്കിൽ നടന്ന തട്ടിപ്പുകളുടെ രേഖകൾ സിപിഎം അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലൂടെ കൈക്കലാക്കിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന തട്ടിപ്പുകളിൽ കോൺഗ്രസ്, സിപിഎമ്മിനെതിരേ സമരവുമായി വന്നാൽ ആ രേഖകൾ അവർ പുറത്തു വിടും. ഇതോടെ മുൻ പ്രസിഡന്റ് പഴകുളം ശിവദാസൻ അടക്കമുള്ളവർ പ്രതിക്കൂട്ടിലാകും. രേഖകളില്ലാതെ ബാങ്കിലെ പണം പുറത്തുള്ളവർക്ക് കൊടുക്കുന്ന പരിപാടി തുടങ്ങി വച്ചത് കോൺഗ്രസ് ഭരണ സമിതിയാണ്. നല്ല ആശയമാണെന്ന് കണ്ട് ചില ജീവനക്കാർ അത് പിന്തുടർന്നതാണ് ബാങ്കിന്റെ ശാഖകളിൽ വൻ തുകയുടെ തട്ടിപ്പിന് വഴി വച്ചിരിക്കുന്നത്. മിത്രപുരം ശാഖയിൽ നിന്ന് ഗിരീഷ് എന്ന ജീവനക്കാരൻ 60 ലക്ഷമാണ് തട്ടിയത്.
അടൂർ ബോയ്സ് ഹൈസ്കൂൾ ജങ്ഷനിലെ ശാഖയിൽ നിന്നാണ് പ്യൂൺ 31.50 ലക്ഷം തട്ടിയത്. ഈ പണം കൊടുത്ത് പ്യൂൺ എസ്.യു.വിയും ഹോണ്ടാ സിറ്റിയും വാങ്ങിയെന്ന് പറയുന്നു. ഇതിന് പുറമേ വടക്കൻ ജില്ലയിൽ എവിടെയൊക്കെയോ ഭൂമിയും വാങ്ങിക്കൂട്ടിയിട്ടുണ്ടത്രേ. ബാങ്കിൽ നിലവിൽ പുറത്തു വന്ന രണ്ടു തട്ടിപ്പും പാർട്ടി കമ്മറ്റി കൂടി ഒതുക്കി തീർക്കുകയാണ് ചെയ്തത്. പണം തിരികെ അടപ്പിച്ച ശേഷം ഗിരീഷ് എന്ന ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. അയാൾ കുറച്ചു ലക്ഷങ്ങൾ കൂടി തിരിച്ചടയ്ക്കാനുള്ളതിനാൽ ആറു മാസം വീതം സസ്പെൻഷൻ കാലാവധി നീട്ടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുറത്തു വന്ന തട്ടിപ്പിൽ നാളെ പ്യൂൺ പണം തിരികെ അടയ്ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതിന് ശേഷം അയാളെ സസ്പെൻഡ് ചെയ്യും. കാലക്രമത്തിൽ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്യും. സഹകരണ സംഘത്തിൽ എന്തു തട്ടിപ്പ് നടത്തിയാലും കുഴപ്പമില്ല എന്ന നിലയിലേക്കാണ് കാര്യങ്ങൾ വരുന്നത്. അതാത് സംഘങ്ങളുടെ ഡയറക്ടർ ബോർഡ് സംഭവം രഹസ്യമാക്കുകയും ഒതുക്കുകയുമാണ് ചെയ്യുന്നത്. ഇത് കൂടുതൽ സഹകരണ സംഘങ്ങളിൽ തട്ടിപ്പ് വ്യാപിക്കാനും ഇടയാക്കുന്നു.
സഹകരണ സംഘത്തിനോ സഹകാരികൾക്കോ പരാതി ഇല്ല എന്നാണ് ഇത്രയും നാൾ പറഞ്ഞിരുന്നത്. എന്നാൽ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് ഇതേ കുറിച്ച് സ്വമേധയാ അന്വേഷണം നടത്താം. അതിന് രജിസ്ട്രാർ തയാറാകുന്നുമില്ല. ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുവർത്തികളായി ഇവർക്ക് പ്രവർത്തിക്കേണ്ടി വരുന്നതാണ് കാരണം. മോദി സർക്കാർ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ കാരണമായതും ഇത്തരം തട്ടിപ്പുകളും കള്ളപ്പണ നിക്ഷേപവുമാണ്.