അടൂർ: പുറമേ ശത്രുതയാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും തമ്മിൽ. പക്ഷേ, ഈ മൂന്നു കൂട്ടരും ചേർന്ന് കോടികൾ കൊള്ളയടിച്ച ഒരു സഹകരണ പ്രസ്ഥാനമുണ്ട് അടൂർ താലൂക്കിൽ. അതാണ് പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക്. ആസ്ഥാന ഓഫീസിന് പുറമേ അടൂർ ഹൈസ്‌കൂൾ ജങ്ഷനിലും മിത്രപുരത്തും ശാഖകളുള്ള സഹകരണ സ്ഥാപനം.

ഈ ബാങ്കിൽ നിന്ന് മൂന്നു കൂട്ടരും ചേർന്ന് തട്ടിയെടുത്ത കണക്ക് കണ്ടാൽ ആരും ഞെട്ടും. കണക്കിൽപ്പെട്ടത് തന്നെ അഞ്ചു കോടിയോളം വരും. കണക്കിൽപ്പെടാത്തത് അതിനുമപ്പുറം. കോൺഗ്രസ് നേതാവ് പഴകുളം ശിവദാസന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണ സമിതി പിരിച്ചു വിട്ടു. ആദ്യം അഡ്‌മിനിസ്ട്രേറ്ററും പിന്നീട് സിപിഎമ്മുകാരെ കുത്തിത്തിരുകി അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയും നിലവിൽ വന്നു.

ഈ രണ്ടു കൂട്ടരുടെയും കാലത്ത് ക്രമക്കേടിന് വിഘ്നം ഒന്നുമുണ്ടായില്ല. ബിജെപിക്കാരനായ മുകേഷ് ഗോപിനാഥ് എന്ന അറ്റൻഡർ കോടികൾ അടിച്ചു മാറ്റി. സിപിഎമ്മുകാരനായ മറ്റൊരു ജീവനക്കാരൻ കൊണ്ടു പോയത് ഒരു കോടി. അത് സധൈര്യം തുടർന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിൽ ഭരണ സമിതി അധികാരത്തിൽ വന്നു. രാധാകൃഷ്ണ കുറുപ്പാണ് ഇപ്പോൾ പ്രസിഡന്റ്.

എസ്ബി അക്കൗണ്ട് ഉണ്ടെങ്കിൽ ഓവർ ഡ്രോവൽ

പഴകുളം ശിവദാസൻ പ്രസിഡന്റായിരിക്കുന്ന കാലത്താണ് ഈ തട്ടിപ്പ് തുടങ്ങിയത്. ബാങ്കിൽ ഒരു എസ്ബി അക്കൗണ്ട് ഉണ്ടെങ്കിൽ അവർക്ക് ഓവർ ഡ്രോവൽ അനുവദിക്കും. അതായത് എസ്ബി അക്കൗണ്ടിൽ ഒരു രൂപ പോലുമില്ലെങ്കിലും അയാൾക്ക് 15 മുതൽ 20 ലക്ഷം വരെ ഓവർ ഡ്രോവൽ വഴി നൽകും. സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിലിൽ പണം നൽകും. അവസാന ദിവസമായ മാർച്ച് 31 ന് ഈ പണം തിരികെ അടയ്ക്കും. വീണ്ടും ഏപ്രിൽ രണ്ടിന് ഇത്രയുമോ ഇതിലധികമോ തുക ഓവർ ഡ്രോവൽ ആയി നൽകും. ഒരു പൈസ ബാങ്കിലേക്ക് പലിശ അടയ്ക്കേണ്ടതില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

കൊണ്ടു പോകുന്നവർ ഈ ലക്ഷങ്ങൾ കൊണ്ട് കോൺട്രാക്ട് പണി ചെയ്തും കൊള്ളപ്പലിശ കൊടുത്തും മൂന്നിരട്ടി സമ്പാദിക്കും. ഈ തരത്തിൽ ഏറ്റവും കൂടുതൽ പണം കൊടുത്തിരുന്നത് സിപിഎമ്മുകാർക്കായിരുന്നു. സ്വന്തം നിലയിൽ പഴകുളം ശിവദാസനും എടുത്തിട്ടുള്ളതായി പറയുന്നു. അതൊക്കെ വലിയ കെട്ടിടങ്ങളായി കണ്ണായ സ്ഥലങ്ങളിൽ ഉണ്ടെന്നാണ് പറയുന്നത്. ഈ സിസ്റ്റത്തിന് ഇപ്പോഴും മാറ്റമില്ല. കൃഷ്ണകുമാർ എന്ന പേരിൽ മൂന്ന് അക്കൗണ്ടുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ ഓവർ ഡ്രോവൽ നടന്നിട്ടുണ്ട്. തീർത്തും നിയമവിരുദ്ധമാണ് ഇത്തരം ഓവർ ഡ്രോവൽ.

അടൂർ ഹൈസ്‌കൂൾ ജങ്ഷൻ ബ്രാഞ്ചിൽ 0049 നമ്പർ അക്കൗണ്ട് 2008 ൽ തുടങ്ങിയതാണ്. ഇതിൽ ലക്ഷക്കണക്കിന് രൂപയുടെ ഓവർ ഡ്രോവൽ ഉണ്ട്. സിപിഎം ഭരണ സമിതി സ്വന്തക്കാർക്ക് ഇങ്ങനെ പണം നൽകി വരുന്നു. ചോദിക്കാനും പറയാനും ആരുമില്ല. പരസ്പരം സഹായിച്ചുള്ള കൊള്ളയടിയായതിനാൽ ആർക്കും പരാതിയില്ല.

കാർഷിക വായ്പയിലും തട്ടിപ്പ്

ഈ ബാങ്കിൽ നിന്ന് കാർഷിക വായ്പ നൽകുന്നതിലും വമ്പൻ തട്ടിപ്പ് അരങ്ങേറി. സെന്റിന് രണ്ടായിരം രൂപ വീതമാണ് കാർഷിക വായ്പ നൽകുക. കൃത്യസമയത്ത് തിരിച്ച് അടച്ചാൽ സബ്സിഡിയും ലഭിക്കും. 20 സെന്റ സ്ഥലമുള്ളവർക്ക് കാർഷിക വായ്പ ഇനത്തിൽ 40,000 രൂപയാണ് ലഭിക്കേണ്ടത്. ഇവിടെ അനുവദിച്ചിരിക്കുന്നത് നാലു ലക്ഷമാണ്. ഈ രീതിയിൽ ഇപ്പോഴത്തെ പ്രസിഡന്റ് രാധകൃഷ്ണ കുറുപ്പ് 17 സെന്റ് സ്ഥലത്തിന് 4.30 ലക്ഷം രൂപ വായ്പ എടുത്തു.

അതിന് സബ്സിഡിയും കൈപ്പറ്റിയിട്ടുണ്ട്. 16 സെന്റുള്ള ശങ്കർ എന്ന ലോക്കൽ കമ്മറ്റി അംഗത്തിന് 32,000 രൂപയാണ് കാർഷിക വായ്പയ്ക്ക് അർഹത. ഇയാൾക്ക് 1.30 ലക്ഷം വായ്പ നൽകി. സബ്സിഡിയും ഇയാൾ കൈപ്പറ്റി. ബാങ്കിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്യൂൺ ആയ മുകേഷ് ഗോപിനാഥ് സസ്പെൻഷനിലാണ്. ഇയാൾക്ക് മതിയായ ബോണ്ട് ഇല്ലാതെ 2016 ൽ 2.44 ലക്ഷം രൂപ അനുവദിച്ചതിന് മുൻ സെക്രട്ടറി ദിനേശനെ പ്രതിയാക്കി ഇപ്പോഴത്തെ സിപിഎം ഭരണ സമിതി പൊലീസിൽ നൽകിയ പരാതിയിൽ കേസ് എടുത്തിട്ടുണ്ട്.

ദിനേശന് പിന്നാലെ വന്ന പങ്കജാക്ഷൻ എന്ന സെക്രട്ടറി 2017 ൽ അഡ്‌മിനിസ്ട്രേറ്ററുടെയും അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെയും ഭരണ കാലത്ത് മുകേഷിന് ബോണ്ടില്ലാതെ ഏഴു ലക്ഷം അനുവദിച്ചിരുന്നു. ഒരു രേഖയുമില്ലാതെ മറ്റൊരാൾക്ക് 10 ലക്ഷവും നൽകി. ഇങ്ങനെ ചെയ്തതിന് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥനായ അഡ്‌മിനിസ്ട്രേറ്റർക്കും സിപിഎം നേതൃത്വത്തിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിക്കും എതിരേയും കേസ് എടുക്കേണ്ടതാണ്. ഈ അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ കൺവീനർ രാധാകൃഷ്ണ കുറുപ്പാണ് ഇപ്പോൾ ബാങ്ക് ഭരണ സമിതി പ്രസിഡന്റ്. പക്ഷേ, ലോക്കൽ കമ്മറ്റിയംഗം കൂടിയായ ദിനേശന് എതിരേ മാത്രം പരാതി വന്നത് സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായിട്ടാണെന്ന് പറയുന്നു.

അടുത്ത ബാങ്കിലെ അംഗം ഈ ബോർഡിൽ ഡയറക്ടർ ബോർഡ് അംഗം

ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പലരും സഹകരണ ചട്ട പ്രകാരം മത്സരിക്കാൻ അയോഗ്യതയുള്ളവരാണ്. പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണ ബാങ്കിൽ അംഗത്വമുള്ള, ആ ബാങ്കിന്റെ പരിധിയിൽ വരുന്നവരാണ് പഴകുളം കിഴക്ക് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ എത്തിയിരിക്കുന്നത്. ഇവരിൽ പലർക്കും ഈ ബാങ്കിൽ കുടിശികയുണ്ട്. കുടിശികയുള്ള സഹകാരിക്ക് ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കുന്നതിന് വിലക്കുണ്ട്.

ഈ വിലക്ക് മറി കടന്നാണ് ഇവർ ഇപ്പോൾ ഡയറക്ടർ ബോർഡിൽ എത്തിയിരിക്കുന്നത്. ഡയറക്ടർ ബോർഡ് പ്രസിഡന്റ് രാധാകൃഷ്ണകുറുപ്പ് പെരിനാട് സർവീസ് സഹകരണ ബാങ്കിൽ 839-ാം നമ്പർ അംഗമാണ്. രത്നമ്മ സുരേഷ് പഴകുളം പടിഞ്ഞാറ് സഹകരണ ബാങ്കിൽ അംഗമാണ്. പഴകുളം കിഴക്ക് ബാങ്കിൽ കുടിശികയുണ്ട്. അതിന് രജിസ്ട്രേഡ് നോട്ടീസും പോയിട്ടുള്ളതാണ്. മത്സരിക്കാൻ അയോഗ്യതയുണ്ട്. ഡയറക്ടർ ബോർഡ് കൃഷ്ണകുമാറും പഴകുളം പടിഞ്ഞാറ് ബാങ്കിൽ അംഗമാണ്. പഴകുളം കിഴക്ക് ബാങ്കിൽ ഓവർ ഡ്രോവലിലൂടെ കുടിശികയുണ്ട്. 0049 ആണ് ഇയാളുടെ അക്കൗണ്ട് നമ്പർ.

അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ കാലത്ത് തീരുമാനമില്ലാതെ നിരവധി പേർക്ക് ലോൺ നൽകി. മിത്രപുരം ബാങ്കിൽ രമണൻ എന്നയാൾക്ക് കമ്മറ്റി തീരുമാനമില്ലാതെ വായ്പ നൽകിയിരുന്നു. വീണ്ടും ഇയാളുടെ മകനും വായ്പ അനുവദിച്ചിരുന്നു. ഇതിന് പിടി വീണിട്ടുണ്ട്. 0050 നമ്പർ അക്കൗണ്ട് ഉടമ അജീഷിന് ഓവർ ഡ്രോവൽ അനുവദിച്ചിട്ടുണ്ട്. ഇയാൾ ഈ ബാങ്കിന്റെ പരിധിയിലെ താമസക്കാരനല്ല. ഏറ്റവും കൂടുതൽ തിരിമറി നടന്നിരിക്കുന്നത് അടൂർ എച്ച്എസ് ജങ്ഷനിലെ ശാഖയിലാണ്. ലോക്കൽ കമ്മറ്റി അംഗങ്ങളായ അഞ്ചു പേരാണ് ചട്ടം മറികടന്ന് പ്രവർത്തിച്ചിരിക്കുന്നത്. ഇവരിൽ ദിനേശന് എതിരേ മാത്രമാണ് പരാതി നൽകിയിരിക്കുന്നത്.

ടെസ്റ്റ് നടത്തിയത് അറ്റൻഡർക്ക് നിയമനം പ്യൂൺ തസ്തികയിൽ

അറ്റൻഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് പ്യൂണിന്റെ തസ്തികയിലേക്ക് നിയമനം നടത്തിയ ബാങ്ക് കൂടിയാണിത്. പുതിയ ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം നിരവധി താൽകാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അപ്രന്റീസ് എന്ന ഓമനപ്പേരിട്ടാണ് നിയമനങ്ങളിൽ ഏറെയും.

സ്വർണം മറിച്ചു പണയം വച്ചും തട്ടിപ്പ്

ഈ ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ ജില്ലാ സഹകരണ ബാങ്കിൽ കൊണ്ടു പോയി പണയം വച്ച് വൻ തുക എടുത്ത് ബിസിനസ് നടത്തുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളുമുണ്ട്. വെറും പ്യൂൺ മാത്രമായിരുന്ന മുകേഷ് ഗേപിനാഥന് അടൂർ ശാഖയിൽ കാഷ്യറുടെ ചുമതല നൽകിയിരുന്നു. ഇവിടെ ഇരുന്ന് ഇയാൾ നടത്തിയ തട്ടിപ്പ് കോടികൾ വരും. പക്ഷേ, വെറും 40 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് പരാതി ഭരണ സമിതി നൽകിയത്.

മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൻ തട്ടിപ്പാണ് മുകേഷ് നടത്തിയത്. എഫ്ഡി ഇട്ടിരിക്കുന്നവരുടെ അക്കൗണ്ടിൽ നിന്ന് വായ്പ എടുത്തും എഫ്ഡി ഇടാൻ കൊടുക്കുന്ന പണം ബാങ്കിൽ അടയ്ക്കാതെ സ്വന്തമായി സർട്ടിഫിക്കറ്റ് നൽകിയുമായിരുന്നു തട്ടിപ്പ്. ഇതിന്റെ വ്യാപ്തി ഒരു കോടിയിൽ അധികം വരും. താൻ തട്ടിയ പണം ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് പങ്കു വച്ചുവെന്ന് മുകേഷ് പറഞ്ഞിരുന്നു.

സെക്രട്ടറി അറിഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും സൂചിപ്പിച്ചിരുന്നു. ഈ കേസിൽ അടുർ ശാഖാ മാനേജർ ഷീല ജയരാജും പ്രതിയാണ്. എന്നാൽ, തട്ടിപ്പിൽ അവർക്ക് പങ്കില്ലെന്ന് മുകേഷ് തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.