കണ്ണൂർ:പഴനിയിൽ തീർത്ഥാടനത്തിനെത്തിയ യുവതിയെ ലോഡ്ജുടമയടക്കം മൂന്നുപേർ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പൊലിസിൽ പരാതി നൽകിയിരുന്നുവെന്ന യുവതിയുടെ ഭർത്താവിന്റെ മൊഴി വാസ്തവവിരുദ്ധമാണെന്ന് പൊലിസ് അറിയിച്ചു. പഴനി ബേസ് പൊലിസ് സ്റ്റേഷനിൽ ഇങ്ങനെയൊരു പരാതിയുമായി യുവതിയുടെ ഭർത്താവ് വരികയോ രേഖാമൂലം നൽകുകയയോ ചെയ്തിട്ടില്ലെന്നാണ് തമിഴ് നാട്് പൊലിസ് നൽകിയ റിപ്പോർട്ട്.

അതിനിടെ പഴനി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് രംഗത്തു വന്നു. പഴനി പൊലീസ് വേട്ടയാടുകയാണെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. ഡിണ്ടിഗല്ലിലുള്ള സഹോദരിയേയും ഭർത്താവിനേയും പൊലീസ് ക്രൂരമായി മർദിച്ചു. പൊലീസിനെതിരെ പരാതി നൽകിയതിനുള്ള പ്രതികാര നടപടിയാണിതെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. ഈ സഹോദരിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

യുവതിയുടെ ഭർത്താവ് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. ഡിണ്ടിഗൽ സ്വദേശിയായ ഇയാൾ അജ്ഞാതൻ പറഞ്ഞതനുസരിച്ചാണ് പഴനിയിൽ ദർശനം നടത്താൻ തീരുമാനിച്ചതെന്നും ലോഡ്ജിൽ മുറിയെടുത്തതെന്നും മൊഴി നൽകിയിരുന്നു. എന്നാൽ ഇങ്ങനെയൊരു അജ്ഞാതനെ പൊലിസിന് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.പഴനി പൊലിസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഈക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി സംഭവം നടന്ന ലോഡ്ജിലെ ജീവനക്കാർ,ഓട്ടോ റിക്ഷ ഡ്രൈവർമാർ, കടയുടമകൾ എന്നിവരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്്.

ഡിണ്ടിഗൽ എസ്‌പി രമണിപ്രീയയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചുവരുന്നത്. ഇതിനായി പ്രത്യേക പൊലിസ് സംഘം രൂപീകരിച്ചിട്ടുണ്ട്. കേസിലെ അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കേരള ഡി.ജി.പി അനിൽകാന്ത് തമിഴ്‌നാട് ഡി.ജി.പി സി. ശൈലേന്ദ്രബാബുവിന് കത്തെഴുതിയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചത്. ഇതിനിടെമജിസ്ട്രേറ്റ് മുഖേനെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് തലശേരി അസി.കമ്മിഷണർ തലശേരി കോടതിയിൽ ഹരജി സമർപ്പിച്ചു. മൊഴി റിപ്പോർട്ട് ലഭിക്കുന്നതിനലു വേണ്ടി കൂടുതൽ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് പൊലിസും അറിയിച്ചിട്ടുണ്ട്.

യുവതിയും ഭർത്താവും നൽകിയ പ്രാഥമിക മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് അന്വേഷണ സംഘംഇപ്പോൾ പരിശോധിച്ചുവരുന്നത്. പീഡിപ്പിക്കപ്പെട്ടുവെന്നു പറയുന്ന യുവതിയുടെ കൂടെയുള്ളത് രണ്ടാം ഭർത്താവാണെന്ന് നേരത്തെ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നാലുമക്കളുള്ള നാൽപതുവയസുകാരിയായ പരാതിക്കാരി ഇവരെ നാട്ടിൽ ഉപേക്ഷിച്ചതിനു ശേഷമാണ് ഇപ്പോഴത്തെ ഭർത്താവുമായി തലശേരി നഗരത്തിലെ ലൈന്മുറിയിൽ കഴിയുന്നത്. എന്നാൽ ഇവരും തമ്മിലും അത്രസുഖകരമായ ജീവിതമായിരുന്നില്ല നയിച്ചിരുന്നതെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

യുവതിയും ഭർത്താവും തമ്മിൽ കുടുംബകലഹം പതിവായിരുന്നുവെന്നാണ് അയൽ വാസികൾ നൽകിയ മൊഴി. ഭർത്താവിന് ലൈസൻസെടുക്കുന്നതിന് ഡിണ്ടിഗലിലേക്ക് പോകുന്നതിന്റെ നാലുദിവസം മുൻപ് ലൈന്മുറിയിൽ വെച്ചു ഇവരും ഭർത്താവും തമ്മിൽ പൊരിഞ്ഞ വഴക്കു നടന്നിരുന്നു. അയൽവാസികളും നാട്ടുകാരുമാണ് പരസ്പരം ചീറിയടുത്ത ഇരുവരെയും പിടിച്ചു മാറ്റിയത്. നിരന്തരം പരസ്പരം വഴക്കുകൂടിയിരുന്ന ഇരുവരും തീരാതലവേദനയായതിനെ തുടർന്ന്അയൽവാസികൾ പലവട്ടം ഇരുവർക്കും താക്കീതു നൽകിയതാണ്. തലശേരി നഗരത്തിൽ മാത്രം നൂറിലേറെ തമിഴ് കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും പീഡനത്തിനിരയായ യുവതിയും ഭർത്താവും ഇവരുമായൊന്നും ബന്ധമില്ലെന്നു അയൽവാസികൾ പറയുന്നു.

ഭർത്താവിന് വേണ്ടി ഡിണ്ടിഗലിൽ നിന്നും ഡ്രൈവിങ് ലൈസൻസെടുക്കുന്നതിനായി യുവതിയെന്തിനാണ് കൂടെ പോയതെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരികയാണ്. യുവതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജുടമയും സംഘവും പീഡിപ്പിക്കുന്ന വേളയിൽ ഭർത്താവ് എവിടെയായിരുന്നുവെന്നത് പരിശോധിക്കാനായി ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനും പരിശോധിക്കുന്നുണ്ട്. തന്നെ അതിക്രൂരമായി പീഡിപ്പിച്ചവരിൽ നിന്നും രക്ഷപ്പെട്ട യുവതി തന്നെ തിരഞ്ഞു നടക്കുന്ന ഭർത്താവിനെ ആകസ്മികമായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടുമുട്ടിയെന്നാണ് പറയുന്നത്്. ഈക്കാര്യത്തിലും കൂടുതൽ വ്യക്തതവരുത്തണമെന്ന നിലപാടിലാണ് പൊലിസ്. ഇതിനായി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറയുൾപ്പെടെ പരിശോധിക്കുന്നുണ്ട്.

ബിയർകുപ്പികൊണ്ടു രഹസ്യഭാഗത്ത് കുത്തിയതടക്കമുള്ള അതിക്രൂരമായ പീഡനമേറ്റതായി പറയുന്ന യുവതി എന്തുകൊണ്ടു സംഭവം നടന്നതിനു ശേഷം ആഴ്ചകൾ കഴിഞ്ഞു പരാതി നൽകിയതെന്ന കാര്യവും അന്വേഷണ പരിധിയിൽ വരുന്നുണ്ട്. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതിയെ തിങ്കളാഴ്‌ച്ച വൈകുന്നേരത്തോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്.