തൃശ്ശൂർ: ഇരുപത്തിയഞ്ച് വർഷത്തോളമായി കൂടെ നിൽക്കുന്ന ആളാണ്. ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായി പ്രതികരിക്കാറുമുണ്ട്. സ്ത്രികൾക്കെതിരെ മോശം പരാമർശമുണ്ടായാൽ കൂട്ടത്തിലുള്ളവരുടെയായലും ചെകിടടിച്ച് പൊളിക്കുന്ന സ്വഭാവക്കാരനുമാണ്.ജോലിക്കിടയിൽ രണ്ടെണ്ണം അടിക്കുന്നതൊഴിച്ചാൽ ആയാൾക്ക് ഒരു ദൂഷ്യസ്വഭാവുമില്ല.എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.അയാൾ അങ്ങിനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

വനിത കോൺസ്റ്റബിളിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തന്റെ സഹായികളിൽ പ്രമുഖനായ കുറവിലങ്ങാട് ഒഴികയിൽ വിജയ(58)നെ പൊലീസ് അറസ്റ്റുചെയ്ത സംഭവത്തിൽ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രതികരണം ഇങ്ങിനെ.

ഉച്ചസമയത്ത് ജോലി തീർത്ത ശേഷം പുറത്ത് പോയി ബിയർ കഴിച്ച ശേഷം കിഴക്കുഭാഗത്തുനിന്നും ഭക്ഷണശാലയിലേക്കുള്ള പ്രവേശന കവാടം വഴി പാചകപ്പുരയിലെത്തി വസ്ത്രം മാറുന്നതിനിടെയാണ് പിന്നാലെ എത്തി പൊലീസ് വിജയനെ കസ്റ്റഡിയിൽ എടുക്കുന്നതെന്നും ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും മറ്റുമുള്ള പൊലീസിന്റെ പ്രചാരണത്തിൽ കഴമ്പില്ലന്നും അദ്ദേഹം വ്യക്തമാക്കി.

സി സി ടി വി ദൃശ്യങ്ങൾ പ്രകാരം കിഴക്കുഭാഗത്തുനിന്നും ഭക്ഷണശാലയിലേക്കുള്ള പ്രവേശന കവാടത്തിന് പുറത്താണ് സംഭവം നടക്കുന്നത്.തിരക്കിട്ട്് ആളുകൾ കയറിവരുന്നതും ഇതിനിടയിൽ വനിത കോൺസ്റ്റബിൾ ഞെട്ടുന്നതും തിരിഞ്ഞ് നോക്കുന്നതും കാണാം.ഈ സമയം മൂന്ന് പേർ പുറകിലുണ്ട്.ഈ ദൃശ്യം കണക്കിലെടുത്ത് വിജയനാണ് ഇത് ചെയ്തതെന്ന് കരുതാൻ പറ്റില്ല.

മനഃപ്പൂർവ്വം കേസിൽ കുടുക്കിയതാണെന്ന് ഞാൻ പറയുന്നില്ല. വനിത കോൺസ്റ്റബിളിന് അയാളോട് ശത്രുതയോ വൈരാഗ്യമോ ഉണ്ടാവാനിടയില്ല. പിന്നെ കൊച്ചിന്റെ അച്ഛൻ ആരാണെന്ന് പറയുന്നത് തള്ളയാണല്ലോ... അവരുടെ വാക്ക് വിശ്വസിച്ച് കേസെടുത്തു.. ടെസ്റ്റ് ചെയ്തപ്പോൾ മദ്യം കഴിച്ചിട്ടുണ്ടെന്നുകൂടി വ്യക്തമായതോടെ സംഭവം സത്യമാണെന്ന് വരുത്തിതീർക്കാനും അവർക്ക് സാധിച്ചു. ഞാൻ അറിഞ്ഞിരുന്നെങ്കിൽ അയാളെ പുറത്ത് പോകാൻ അനുവദിക്കില്ലായിരുന്നു.അതാണ് എല്ലാത്തിനും കാരണമായത്.അദ്ദേഹം പറഞ്ഞു.

കൂട്ടത്തിലെ പ്രധാനപ്പെട്ട കൈയാൾ ഇല്ലാതായതോടെ താൻകൂടി പാചകപ്പുരയിൽ അമിത ജോലിചെയ്യേണ്ട സാഹചര്യം സംജാതമായൈന്നും പരിപാടിക്കിടയിൽ പ്രതികരിച്ചാൽ അത് മാധ്യമങ്ങൾ ഏറ്റെടുക്കുകയും കാര്യങ്ങൾ മറ്റൊരുവഴിക്ക് നീങ്ങുമെന്നും മനസ്സിലാക്കിയതിലാണ് ഇന്നലെ പ്രതികരിക്കാതിരുതെന്നും ഇന്ന് ഭക്ഷണശാല പൂട്ടുന്നതോടെ ഇക്കാര്യത്തിൽ പരസ്യമായി നിലപാട് വ്യക്തമാക്കുമെന്നും സത്യം പുറത്തുകൊണ്ടുവരുന്നതിനായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.അക്വാട്ടോ കോംപ്ലക്‌സിനോട് ചേർന്നുള്ള സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന്റെ ഭക്ഷണ ശാലയ്ക്ക് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്റെ പൃഷ്ഠത്തിൽ വിജയൻ കൈക്രീയ നടത്തിയെന്നാണ് പൊലീസുകാരിയുടെ പരാതി.