തിരുവനന്തപുരം: ജലന്തർ ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പി.സി.ജോർജ് എംഎൽഎക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തീരുമാനം. ഇതോടെ സംഭവത്തിൽ പിസി ജോർജ് കുടുങ്ങുകയാണ്. സ്വമേധയാ കേസെടുക്കാനാകുമോയെന്ന് അറിയാൻ ദൃശ്യങ്ങൾ പരിശോധിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു നിർദ്ദേശം നൽകി. അപമാനിച്ചുവെന്നു തെളിഞ്ഞാൽ ക്രിമിനൽ കേസെടുക്കാനാണ് ആലോചന. നടപടി എടുക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോർജ് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനൊപ്പം സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ കന്യകാത്വം പരിശോധിക്കണമെന്നും പറഞ്ഞു. ഇത് ദേശീയ തലത്തിൽ തന്നെ ഏറെ ചർച്ചയായി. എന്തും വിളിച്ചു പറഞ്ഞ് കൈയടി നേടുന്ന ജോർജിന്റെ പതിവ് ശൈലിയാണ് തിരിച്ചടിയായത്. എന്തും വിളിച്ചു പറയുന്ന പിസി വിവാദമായതോടെ കന്യാസ്ത്രീ വിഷയത്തിൽ മലക്കം മറിയുമെന്ന ചർച്ചകളും സജീവമാണ്.

കോട്ടയത്തു വാർത്താസമ്മേളനത്തിലാണു മോശം പദങ്ങളുപയോഗിച്ചു ജോർജ് കന്യാസ്ത്രീയെ അപമാനിച്ചത്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ അധിക്ഷേപിക്കുന്ന ജനപ്രതിനിധിയുടെ നിലപാട് നാണക്കേടാണെന്നു വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. ഇതോടെയാണ് കേസെടുക്കാൻ കേരളാ പൊലീസും തീരുമാനിച്ചത്. സ്ത്രീകളെ സഹായിക്കുന്നതിനു പകരം നിയമസഭാ സാമാജികർ ഇത്തരം മോശം ഭാഷ പ്രയോഗിക്കുന്നതിൽ ലജ്ജ തോന്നുന്നു. സംഭവം വനിത കമ്മിഷൻ ഗൗരവത്തിലെടുത്തിട്ടുണ്ട്. ജോർജിനെതിരെ കർശന നടപടിയെടുക്കാൻ ഡിജിപിക്കു നിർദ്ദേശം നൽകിയതായും രേഖ ശർമ പറഞ്ഞിരുന്നു.

ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോർജ് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനുപിന്നാലെ, ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിൽനിന്നു കന്യാസ്ത്രീ പിന്മാറി. ജോർജിന്റെ പരാമർശത്തിൽ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായും പരാതി നൽകുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവർ അറിയിച്ചു. കുറുവിലങ്ങാട്ടെ മഠത്തിൽ അവർ ഏകാന്തവാസത്തിലേക്കും കടന്നു.

കന്യാസ്ത്രീക്കും നീതിക്കായി സമരംചെയ്യുന്ന സഹ കന്യാസ്ത്രീകൾക്കുമെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ പി.സി. ജോർജ് എംഎ‍ൽഎ.യുടെ കോലം സമരവേദിക്കുസമീപം കത്തിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജങ്ഷനിൽ ശനിയാഴ്ചമുതൽ സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയർപ്പിച്ചെത്തിയവരാണ് കോലം കത്തിച്ചത്. കന്യാസ്ത്രീകൾ നടത്തുന്ന സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ മാർച്ചും പൊതുയോഗവും നടത്തി. പ്രതിയെ അറസ്റ്റുചെയ്യാത്തത് നീതിന്യായ വ്യവസ്ഥയ്ക്ക് അപമാനമാണെന്ന് യുക്തിവാദിസംഘം അഭിപ്രായപ്പെട്ടു.

കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി തിരുവസ്ത്രം ധരിച്ച് കന്യാസ്ത്രീകൾ സഭാനേതൃത്വത്തിനെതിരെ പൊതുവഴിയിൽ സമരത്തിനിറങ്ങി സമയത്തായിരുന്നു പിസിയുടെ പ്രതികരണങ്ങൾ. സഭാനേതൃത്വത്തിൽ നിന്ന് നീതി കിട്ടാനായിരുന്നു ഈ അസാധാരണ പ്രതിഷേധം. ബിഷപ്പിനാൽ പീഡിപ്പിക്കപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയ്ക്ക് എതിരെ നടക്കുന്ന അനീതിയിൽ മനം മടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഇത്. കോട്ടയം കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളാണ് എറണാകുളം ഹൈക്കോടതിക്ക് മുന്നിലെ പൊതുനിരത്തിൽ പ്ലക്കാർഡുകളുമായി എത്തിയത്.

പൊലീസ് നീതിപാലിക്കണം, ജീവൻ അപകടത്തിൽ, ഞങ്ങൾക്ക് നീതിവേണം, ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്നത് എന്തിനുവേണ്ടി തുടങ്ങിയവ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ദൈവത്തിന്റെ മണവാട്ടികൾ മുദ്രാവാക്യം വിളിച്ചപ്പോൾ സഹതാപമാണ് പലർക്കുമുണ്ടായത്. ഇതിനെയാണ് പിസി ചോദ്യം ചെയ്തതും വിവാദത്തിൽ ചെന്നുപെട്ടതും.