കോട്ടയം: പൂഞ്ഞാറിൽ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതെന്നും പരാജയത്തിൽ നിരാശയില്ലെന്നും കേരള ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജ്. പരാജയത്തിന്റെ യഥാർഥ കാരണമെന്താണെന്ന് വിശദമായി പഠിക്കാതെ പറയാൻ കഴിയില്ലെന്നും പിസി ജോർജ് പറഞ്ഞു. എൽഡിഎഫിലെ കേരള കോൺഗ്രസ്(എം) സ്ഥാനാർത്ഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കലിനോട് വൻ പരാജയമാണ് പൂഞ്ഞാറിൽ പി.സി ജോർജ് ഏറ്റുവാങ്ങിയത്.

'എൽഡിഎഫിന് 70 സീറ്റ് കിട്ടുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അത് കൂടി. യുഡിഎഫിന് 68 കിട്ടുമെന്ന് വിചാരിച്ചു. എന്നാൽ യുഡിഎഫ് ഇത്രയും ഗതികേടിലാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. യുഡിഎഫ് ഇനി ഇങ്ങനെ പോയിട്ട് കാര്യമില്ല. മുന്നണി പിരിച്ചുവിടണം. യുഡിഎഫിന് രക്ഷപ്പെടാനാവില്ല. ചെന്നിത്തല പലതും പറയുന്നുണ്ടെങ്കിലും അത് കേൾക്കാനാളില്ല. അതാണ് പ്രശ്നം. ലീഗിന്റേയും ഗതി അധോഗതിയാവാൻ പോവുകയാണ്.'

പാലായിൽ തോറ്റ ജോസ് കെ മാണിക്ക് പക്വതമില്ലായ്മയാണെന്നും പിസി പറഞ്ഞു. ജോസ് കടുത്തുരുത്തിയിൽ നിന്ന് മത്സരിക്കണമായിരുന്നു, റോഷി അഗസ്റ്റിനെ പാലായിലും നിർത്തണം. അത് ചെയ്തില്ല. പാലാ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിൽ ഇറങ്ങി. ദൈവം അഹങ്കാരം സമ്മതിക്കില്ല. നിരാശനാണ് അയാൾ. തർക്കമില്ലാത്ത ഒരു മന്ത്രിയാണ് ഇപ്പോൾ വെറുതെയിരിക്കുന്നത് എന്നും പിസി ജോർജ് പരിഹസിച്ചു.

പൂഞ്ഞാറിൽ ബൂത്ത് കമ്മിറ്റിയിൽ വിളിച്ചപ്പോഴൊക്കെ അറിയാൻ കഴിഞ്ഞത് ഇരുപതിനായിരത്തിലധികം ഭൂരിപക്ഷം കിട്ടുമെന്നാണ്. ബൂത്ത് പ്രസിഡന്റുമാർ തന്നെ ലിസ്റ്റിലും അങ്ങനെ തന്നെയാണുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ അഞ്ച് പഞ്ചായത്തിലും ദയനീയമായിരുന്നു വോട്ടുനില. പൂഞ്ഞാറിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹം എനിക്കെതിരായായിരുന്നു. എട്ടായിരത്തോളം വോട്ടുകൾ കുറയുമെന്നായിരുന്നു കണക്കുകൂട്ടൽ. അത് കൃത്യമായിരുന്നു. ആ കണക്കിലൊന്നും തെറ്റ് വന്നില്ല. തെറ്റിയത് കാഞ്ഞിരപ്പള്ളിയിലെ അഞ്ച് താലൂക്കിൽ മാത്രമാണെന്ന് പിസി വിശദീകരിച്ചു.

വോട്ടെണ്ണി തുടങ്ങുമ്പോൾ ഏത് തരത്തിലാണ് ലീഡ് മാറി മറിയുകയെന്ന് പോലും കേരള ജനപക്ഷം പ്രവചിച്ചിരുന്നു. ആദ്യമെണ്ണുന്ന ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ തിരിച്ചടി നേരിട്ടാലും പഞ്ചായത്തുകളിലേക്ക് വോട്ടെണ്ണൽ നീങ്ങുമ്പോൾ മുന്നിലെത്തുമെന്നായിരുന്നു ജോർജും കേരള ജനപക്ഷവും പറഞ്ഞിരുന്നത്.

ഈരാറ്റുപേട്ടയിൽ സ്വാധീനമുള്ള മുസ്‌ലിം സമുദായം കൈവിട്ടാലും ഹിന്ദു-ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണത്തിലൂടെ വിജയിക്കാൻ കഴിയുമെന്നായിരുന്നു പി.സി ജോർജിന്റെ പ്രതീക്ഷ. ഇതിനായി വർഗീയ പരാമർശങ്ങൾ ജോർജ് ആവോളം നടത്തി. ലൗ ജിഹാദ് പോലുള്ള ആരോപണങ്ങളുയർത്തി ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ തന്നിലേക്ക് ഏകീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് ജോർജ് നടത്തിയത്. എന്നാൽ കണക്കുകൂട്ടലുകൾ പൂഞ്ഞാറിൽ പിഴയ്ക്കുകയായിരുന്നു.