കോട്ടയം: 'പൂഞ്ഞാർ ആശാൻ പിസി ജോർജ്ജ്' എന്ന പേജ് ഹാക്ക് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത് മാണി കോൺഗ്രസ്സുകാരെന്ന് പി.സി ജോർജ്ജ്. മാണി അഴിമതിക്കാരനാണെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞ സംഭവത്തിൽ പരസ്യ പ്രസ്താവന നടത്തുമെന്ന് ഭയന്നാണ് പേജ് ഹാക്ക് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. ഹാക്ക് ചെയ്തവരെ വെറുതെ വിടില്ലെന്നും കണ്ടെത്തി കടുത്ത ശിക്ഷാ നടപടികൾ വാങ്ങിക്കൊടുക്കുമെന്നും ജോർജ്ജ് മറുനാടനോട് പറഞ്ഞു. ഇതിനെതിരെ ഡി.ജിപിക്ക് പരാതിയും നൽകിയതായി ജോർജ്ജ് അറിയിച്ചു.
 
കഴിഞ്ഞ ദിവസമാണ്  പി.സി ജോർജ്ജിനെ പിന്തുണച്ചിരുന്ന 'പൂഞ്ഞാർ ആശാൻ പിസി ജോർജ്ജ്' എന്ന ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. യുവതികളുടെ നഗ്നചിത്രങ്ങൾ അടക്കം സ്റ്റാറ്റസായിട്ടാണ് പോസ്റ്റു ചെയ്തത്. ഇതോടെ സംഭവത്തിൽ കടുത്ത ഭാഷയിൽ പ്രതികരണവുമായി ജോർജ്ജ് രംഗത്തുവന്നു. 'പൂഞ്ഞാർ ആശാൻ പേജ് ഏതോ ഒരുത്തൻ ഹാക്ക് ചെയ്തു. പാനലിനെ മുഴുവൻ മാറ്റി അനാവശ്യമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. ഏതു പതിനാറു... **യ്ക്കു ഉണ്ടായവൻ ആണെങ്കിലും ചെവിയിൽ നുള്ളിക്കോ -അഡ്‌മിൻ പാനൽ.' എന്നാണ് പിസി ജോർജ്ജ് തന്റെ സ്വന്തം അക്കൗണ്ടിലൂടെ പ്രതികരിച്ചിരിക്കുന്നത്.

പൂഞ്ഞാർ ആശാൻ പേജ് പി.സി. ജോർജിന്റെ ഒരു ഫാൻ പേജ് ആയി പ്രവർത്തിച്ചുവരികയായിരുന്നു. അഞ്ച് കൊല്ലം മുമ്പ് തെരഞ്ഞെടുപ്പു വേളയിൽ അടക്കം ഈ പേജ് സജീവമായിരുന്നു. ഈ പേജാണ് ഇപ്പോൾ പി സിക്ക് നഷ്ടമായിരിക്കുന്നത്. പി. സി. ജോർജിന്റെ പോസ്റ്റ് വന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തു. അല്ലെങ്കിൽ തന്നെ ഈ തോറ്റ എംഎ‍ൽഎക്കെന്തിനാ അഡ്‌മിൻ പാനലൊക്കെ. വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്ന സമയത്ത് സ്വന്തമായിട്ട് അങ്ങ് പോസ്റ്റിയാ പോരേ എന്ന് ഒരാൾ പരിഹസിച്ചു.

അവനെ കിട്ടിയാൽ ചെവിക്കല്ല് അടിച്ചു പൊട്ടിക്കണം ആശാനേ,പിന്നെ തോക്ക് കൈയിൽ ഇല്ലേ രണ്ട് കൽമുട്ടിനു താഴെ നോക്കി വെടിവെച്ചോ. ഉണ്ട എടുത്താലും അവൻ നിവർന്നു നടക്കരുത് എന്നാണ് മറ്റൊരു കമന്റ്. പൂഞ്ഞാറ്റിലെ ആശാൻ പേജ് അങ്ങനെ ഹദാ ഹുവാ... ?? പൂഞ്ഞാറ്റിലെ തോറ്റ പ്രധാനമന്ത്രി എന്ന് പേരിൽ പുതിയൊരു പേജ് അങ്ങ് തുടങ്ങ് ആശാനേ എന്നും, നിലവിൽ ഒരു തെറിയും ആരെയും പറയാൻ ഇല്ലാതെ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു അതിനിടയിൽ ഇത് വീണു കിട്ടി ആശാൻ പെരുത്ത് ഹാപ്പിയിൽ ആകും എന്നിങ്ങനെ കമന്റ് നീളുകയാണ്.

രണ്ടു ലക്ഷത്തിൽ പരം ഫോളോവേഴ്‌സ് ആണ് പൂഞ്ഞാർ ആശാൻ പേജിന് ഉള്ളത്. പേജ് ഹാക്ക് ചെയ്തതോടെ ജോർജിനെതിരെ ട്രോളുകളും ഉയർന്നുവന്നിട്ടുണ്ട്. തോറ്റ എംഎൽഎയ്ക്ക് എന്തിനാണ് അഡ്‌മിൻ പാനൽ എന്ന ചോദ്യം പലരും ഉയർത്തുന്നത്. അഡ്‌മിൻ പാനൽ എന്നാൽ പി.സി. ജോർജ് തന്നെയല്ലേ എന്ന് വരെ ചോദിക്കുന്നുണ്ട് കമന്റുകളിൽ. പി.സി. ജോർജിന്റെ കടുത്ത ഭാഷാ പ്രയോഗങ്ങൾ നേരത്തെയും വൈറൽ ആയിട്ടുണ്ട്.

ഇദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വെല്ലുവിളി പ്രസംഗങ്ങൾ പൂഞ്ഞാറിലെ തോൽവിക്ക് അടക്കം നിർണായക കാരണമായി മാറിയിട്ടുണ്ട്. ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ നിന്ന് തനിക്ക് ആരും വോട്ട് ചെയ്യേണ്ട എന്ന് പറഞ്ഞു ജോർജ് അന്ന് നടത്തിയ പ്രസംഗം ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഈരാറ്റുപേട്ട സമീപം തെരഞ്ഞെടുപ്പിൽ വാഹന പ്രചരണവുമായി പി.സി. ജോർജ് എത്തിയപ്പോഴായിരുന്നു അന്ന് വലിയ രീതിയിൽ കൂക്കുവിളികൾ ഉണ്ടായത്. അതിനു പിന്നാലെയാണ് ഈരാറ്റുപേട്ടയിൽ നിന്നും വോട്ട് വേണ്ട എന്ന് ജോർജ് പറഞ്ഞത്.