- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളം കണ്ട ഏറ്റവും കഴിവുകെട്ട മന്ത്രിയാണ് വീണാ ജോർജ്ജ് എന്ന് പറഞ്ഞിരുന്നു; അതിൽ എന്താണ് ഇത്ര കുറ്റം; സത്യസന്ധമായ കാര്യമല്ലേ പറഞ്ഞത്; കഴിവുകെട്ടത് എന്ന് പറഞ്ഞാൽ അവരുടെ ചാരിത്രം നഷ്ടപ്പെടുമോ? ഒരു മന്ത്രിയെ വിമർശിക്കാൻ ആവകാശമില്ലാത്ത നാടായി മാറി കേരളം; ആ കേസിൽ പിസി ജോർജിന് പറയാനുള്ളത്
കൊച്ചി: ഒരു മന്ത്രിയെ വിമർശിക്കാൻ ആവകാശമില്ലാത്ത നാടായി മാറിയിരിക്കുകയാണ് കേരളമെന്ന് ജനപക്ഷം സെക്കുലർ നേതാവ് പി.സി ജോർജ്ജ്. തന്നെ എങ്ങനെയെങ്കിലും കേസിൽപെടുത്തി ജയിലിലടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന കേസ്. വീണാ ജോർജ്ജിനെ ഒരു തരത്തിലും അപമാനിച്ചിട്ടില്ല. ഒരു സ്ത്രീ എന്ന ബഹുമാനത്തോടെയാണ് സംസാരിച്ചത്-പിസി പറയുന്നു.
കേരളം കണ്ട ഏറ്റവും കഴിവുകെട്ട മന്ത്രിയാണ് വീണാ ജോർജ്ജ് എന്ന് പറഞ്ഞിരുന്നു. അതിൽ എന്താണ് ഇത്ര കുറ്റം. സത്യസന്ധമായ കാര്യമല്ലേ പറഞ്ഞത്. കഴിവുകെട്ടത് എന്ന് പറഞ്ഞാൽ അവരുടെ ചാരിത്രം നഷ്ടപ്പെടുമോ? കോവിഡ് പടർന്നു പിടിക്കുമ്പോൾ അത് തടയാനോ എല്ലാവർക്കും വാക്സിൻ നൽകാനോ കഴിയാത്ത മന്ത്രി കഴിവു കെട്ടവരല്ലെ. അത് തുറന്ന് പറഞ്ഞതാണ് ഇപ്പോൾ കുഴപ്പമായിരിക്കുന്നത്. ഒരു മന്ത്രിയെ വിമർശിച്ചതിന് കേസെടുത്ത പൊലീസുകാരനെ വെറുതെ വിടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടിയുമായി ഏതറ്റം വരെ പോകുമെന്നും പി.സി മറുനാടനോട് പറഞ്ഞു.
വീണാ ജോർജ്ജ് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ച വരുത്തിയിട്ടുണ്ടെന്നും പി.സി ജോർജ്ജ് പറയുന്നു. ഒരു സമയത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കേരളത്തിലായിരുന്നു. കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണ് രോഗികൾ വർദ്ധിക്കാൻ കാരണം. വകുപ്പിന്റെ വീഴ്ചയ്ക്ക് കാരണം വകുപ്പ് മന്ത്രിയുടെ കഴിവുകേടുകൊണ്ടാണ്. കേരളത്തിൽ തന്നെ പത്തനംതിട്ടയിലായിരുന്നു കൂടുതൽ രോഗികൾ. മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ. സ്വന്തം മണ്ഡലത്തിൽ പോലും രോഗികൾ കൂടിയിട്ടും അതു തടയാൻ കഴിഞ്ഞില്ല. പിന്നെ എങ്ങനെ കേരളത്തിലെമ്പാടും പ്രതിരോധം തീർക്കും.
അത് തുറന്ന് പറയുമ്പോൾ സഹിക്കാൻ പറ്റില്ല. നേർക്കു നേരെ പരാതി കൊടുക്കാതെ എസ്.ഡി.പി.ഐക്കാരനെ കൊണ്ടാണ് പരാതി കൊടുപ്പിച്ചിരിക്കുന്നത്. അപ്പോൾ തന്നെ മനസ്സിലാക്കാം രണ്ടു പാർട്ടിക്കാരും തമ്മിലുള്ള അന്തർധാര എത്രത്തോളമുണ്ടെന്ന്. ധൈര്യമുണ്ടെങ്കിൽ വീണാ ജോർജ്ജ് തന്നെ എനിക്കെതിരെ കേസു കൊടുക്കട്ടെ. അതു മാത്രമല്ല, പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിച്ച് കേസെടുക്കാമെന്ന തീരുമാനത്തിലായിരുന്നു പൊലീസ്. എന്നാൽ ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു;- പി.സി ജോർജ്ജ് പറഞ്ഞു.
വീണാ ജോർജ്ജിനെതിരെ ആർക്കും വിമർശിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കുറച്ചുനാൾ മുൻപ് ഒരു യുവാവ് പത്തനം തിട്ട ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫെയ്സ് ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. മന്ത്രിയെ വിമർശിച്ചു എന്നു പറഞ്ഞു അയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വീഴ്ചകൾ ആരും പറയാൻ പാടില്ല. ഒരു തുഗ്ലക്ക് ഭരണം. എപ്പോഴും പുകഴ്‌ത്തിക്കൊണ്ടേയിരിക്കണം. അപ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല. പക്ഷേ എന്നെ അതിനു കിട്ടില്ല. ജനങ്ങൾക്കു വേണ്ടി എന്റെ ശബ്ദം ഉയർന്നു കൊണ്ടേയിരിക്കും. അതിനി എന്ത് ചെയ്താലും നിർത്താനും പോകുന്നില്ല. നിർത്തണമെങ്കിൽ മരിക്കണമെന്നും പി.സി പറഞ്ഞു.
കോവിഡ് മരണത്തിലും ആരോഗ്യ വകുപ്പ് മന്ത്രി കള്ളക്കളി നടത്തിയിട്ടുണ്ടെന്നും പി.സി ജോർജ്ജ് പറയുന്നു. മരണ സംഖ്യയുടെ യഥാർത്ഥ കണക്കെടുക്കുമ്പോൾ ഏഴായിരത്തോളം പേരുടെ മരണം കൂടി പുറത്തു വരുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതു പോലെ നാണംകെട്ട ഒരു സർക്കാരുണ്ടായിട്ടില്ല. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ അതു വകവയ്ക്കാതെ നടത്തി. അതുകൊണ്ടെന്തു പറ്റി രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റമെല്ലെ സംഭവിച്ചത്. ഇതോക്കെ തുറന്നു പറയുമ്പോൾ സ്വാഭാവികമായും തോന്നുന്ന വൈരാഗ്യമാണ് എനിക്കെതിരെയുള്ള ഈ നീക്കം. അത് എന്ത് വിലകൊടുത്തും നേരിടുകയും ചെയ്യുമെന്ന് ജോർജ്ജ് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് എറണാകുളം നോർത്ത് പൊലീസ് പി.സി ജോർജ്ജിനെതിരെ കേസെടുത്തത്. ക്രൈം നന്ദകുമാറുമായുള്ള ഫോൺ സംഭാഷണത്തിലാണ് അപമാനിച്ചത് എന്ന് കാട്ടി ഹൈക്കോടതി അഭിഭാഷകൻ ബി.എച്ച്. മൻസൂർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
പൊലീസ് മേധാവിക്ക് ഇ-മെയിൽ മുഖേന അയച്ച പരാതി എറണാകുളം നോർത്ത് പൊലീസിനു കൈമാറുകയായിരുന്നു. ഈ സംഭാഷണം പ്രസിദ്ധീകരിച്ചതിന് ടി.പി. നന്ദകുമാറിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരു അശ്ലീലവാക്കുപോലുമില്ലെന്ന് ടി.പി. നന്ദകുമാർ പറഞ്ഞു.