കോട്ടയം: പ്രളയത്തിൽ കടുങ്ങിയ പിസി ജോർജിനെ രക്ഷിച്ചത് എസ് ഡി പി ഐക്കാരാണെന്നാണ് സോഷ്യൽ മീഡിയയിലെ വ്യാപക പ്രചരണം. എന്നാൽ അത്തരത്തിലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് പിസി ജോർജ് മറുനാടനോട് വെളിപ്പെടുത്തിയത്. കള്ള പ്രചരണമാണ് ഇതെന്നും നേതാവ് പറഞ്ഞു. അങ്ങനെ ആരെങ്കിലും പ്രചരിപ്പിച്ചാൽ ഇല്ലാത്ത കാര്യം പറഞ്ഞ് മുതലെടുക്കുന്ന തെണ്ടികളാണ് അവരെന്ന് വിളിക്കേണ്ടി വരുമെന്നാണ് പിസി ജോർജിന്റെ പ്രതികരണം. 

എന്റെ വീട്ടിന്റെ പറമ്പിൽ വെള്ളം കയറി. അടുക്കളയിലും എത്തി. പുരയ്ക്ക് അകത്ത് വെള്ളം കയറിയില്ല. അടുക്കളയിലെ വെള്ളം ഭാര്യയും ജോലിക്കാരും ചേർന്ന് ക്ലീനാക്കി. ഞാനും ഉണ്ടായിരുന്നു. വെള്ളം ഇറങ്ങി കഴിഞ്ഞപ്പോൾ അഞ്ച് പാമ്പിനെ കണ്ടു. അല്ലാതെ ആരും വീട്ടിലെത്തിയില്ല. വെള്ളം കയറി എന്ന് അറിഞ്ഞപ്പോൾ ഓടിയെത്തിയത് സിപിഎമ്മുകാരാണ്. അവർ ഗേറ്റിൽ എത്തിയപ്പോൾ തന്നെ കുഴപ്പമില്ലെന്ന് കൈകാട്ടി അവരെ പറഞ്ഞയച്ചു. ചേനാട്ടുള്ള സിപിഎമ്മുകാരാണ് വെള്ളം കയറിയത് അറിഞ്ഞ് ഓടിയെത്തിയത്-പിസി ജോർജ് പറയുന്നു. ദൈവകൃപ കൊണ്ട് ആരുടേയും സഹായം വേണ്ടി വന്നില്ലെന്നും മറുനാടനോട് പിസി വിശദീകരിച്ചു.

പാലാ ബിഷപ്പിനെ എസ് ഡി പി ഐ രക്ഷിച്ചുവെന്ന വാർത്തയോടും അതിരൂക്ഷമായാണ് ജനപക്ഷ നേതാവിന്റെ പ്രതികരണം. പാലാ ബിഷപ്പിനെ തല്ലാനും കാലൊടിക്കാനും പദ്ധതി ഇട്ടവരാണ് അവർ. ആർ എസ് എസുകാരാണ് ബിഷപ്പിനെ രാമപുരത്തെ അരമനയിൽ എത്തിയത്. ബിഷപ്പ് പോയി. പിറകെ ആർ എസ് എസുകാരും. അതുകൊണ്ട് മാത്രം തല്ലുമെന്ന് പറഞ്ഞവർക്ക് അടക്കാൻ കഴിഞ്ഞില്ല. പണ്ടത്തെ എസ് ഡി പി ഐ അല്ല ഇപ്പോഴത്തെ എസ് ഡി പി ഐയെന്നും ജോർജ് കുറ്റപ്പെടുത്തുന്നു.

അവർ നല്ല പിള്ളേരായിരുന്നു. പിന്നീട് ക്രിസ്ത്യാനികളേയും ഹിന്ദുക്കളേയും മാത്രമേ കല്യാണം കഴിക്കൂവെന്ന് തീരുമാനിച്ചു. ഇത് ഞാൻ പറഞ്ഞു. ഇതോടെയാണ് ശത്രുവായത്. ഇനിയും ഇത് പറയും. ഈ ഇടയ്ക്കും ഇത്തരത്തിലൊരു പരാതി മുമ്പിൽ വന്നു. അയാളോട് ഈരാറ്റുപേട്ടയിൽ നിന്ന് നല്ലൊരു മുസ്ലിം പെൺകുട്ടിയെ വധുവായി കണ്ടെത്തി തരാമെന്ന് ഉപദേശിച്ചു. അപ്പോൾ ഫോൺ വച്ചു പോയി-പിസി ജോർജ് മറുനാടനോട് പറഞ്ഞു.

പ്രളയത്തിൽ ഈരാറ്റുപേട്ടയിലെ ദുരിതം തീർന്നെന്ന് പിസി ജോർജ്ജ് പറയുന്നു. കൂട്ടിക്കലാണ് കൂടുതൽ നഷ്ടം. ആരേയും സർക്കാർ സഹായിച്ചില്ലെന്നും നാട്ടുകാർ ഇറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും പിസി പറയുന്നു. നേരത്തെ ശക്തമായ മഴയിൽ ജനപക്ഷം പാർട്ടി നേതാവ് പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി എന്ന മകന്റെ വീഡിയോ വൈറലായിരുന്നു. അരയ്ക്ക് മുകളിലെത്തുന്ന വെള്ളത്തിൽനിന്ന് നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്ന പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ വീഡിയോ ആണ് ചർച്ചയായത്.

തന്റെ വീടിന്റെ സമീപത്ത് ആദ്യമായാണ് ഇത്രയും വെള്ളം കയറുന്നതെന്ന് ഷോൺ ജോർജ് വീഡിയോയിൽ പറയുന്നു. തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ഈരാറ്റുപേട്ടയിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോർജും പ്രതികരിച്ചിരുന്നു. ഇതിന് പിന്നലെയാണ് എസ് ഡി പി ഐക്കാരാണ് പിസിയെ രക്ഷിച്ചതെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.