തിരുവനന്തപുരം: പിസി ജോർജിനെ ജാമ്യത്തിൽ വിടില്ല. മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിദ്വേഷ പ്രസംഗം നടത്തിയതിന് കസ്റ്റഡിയിലെടുത്തുകൊണ്ടുപോകവെ പി.സി.ജോർജിന്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. തിരുവനന്തപുരം വട്ടപ്പാറയിൽ വച്ചാണ് പി.സി.ജോർജുമായി വന്ന വാഹനവും പിന്നാലെയുള്ള പൊലീസ് വാഹനവും ബിജെപി പ്രവർത്തകർ തടഞ്ഞത്. അതിന് ശേഷം എആർ ക്യാമ്പിലേക്ക് കൊണ്ടുവന്നു.

വാഹനം തടഞ്ഞുനിർത്തി പി.സി.ജോർജിന് അഭിവാദ്യമർപ്പിച്ച ശേഷമാണ് വാഹനം കടത്തിവിട്ടത്. ബിജെപി ജില്ലാ പഠനശിബിരം ഇന്ന് വട്ടപ്പാറയിൽ നടക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരാണ് വാഹനങ്ങൾ തടഞ്ഞത്. പി.സി.ജോർജിന് പ്രവർത്തകൾ ഷാളണിയിച്ചു. അപ്രതീക്ഷിതമായിരുന്നു ബിജെപി പ്രവർത്തകരുടെ നീക്കം. ഇത് കഴിഞ്ഞ് വാഹനം നാലഞ്ചിറയിലെത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തി. പി.സി.ജോർജിന് നേരെ കരിങ്കൊടി കാട്ടിയ പ്രവർത്തർ മുദ്രാവാക്യംവിളിച്ചും പ്രതിഷേധിച്ചു. ഇതിനിടെ ചിലർ അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ മുട്ടയെറിയുകയും ചെയ്തു.

ഇന്ന് പുലർച്ചെയാണ് പി.സി.ജോർജിനെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം എ.ആർ.ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. സ്വന്തം വാനത്തിലാണ് പി.സി.ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. പൊലീസും മകൻ ഷോൺ ജോർജും വാഹനത്തിലുണ്ടായിരുന്നു. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് മുൻ എംഎ‍ൽഎ. പി.സി.ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. 295 എ വകുപ്പ് കൂടി ചേർത്തിട്ടുണ്ട്. കോടതി അവധി ആയതിനാൽ അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടിൽ ജോർജിനെ ഹാജരാക്കിയേക്കും.

തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റിഡിയിലെടുത്തത്. ഡി.ജി.പി. അനിൽകാന്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോർജിനെതിരെ കേസെടുത്തത്. യൂത്ത് ലീഗ് ഉൾപ്പെടെ ഡി.ജി.പി.ക്ക് പരാതിനൽകിയിരുന്നു. കൂടുതൽ വകുപ്പുകൾ ജോർജ്ജിനെതിരെ ചുമത്തും. റിമാൻഡ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് പുലർച്ചെ അറസ്റ്റു ചെയ്തത്.

മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകൾക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോർജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ വൈരമുണ്ടാക്കുന്ന തരത്തിലാണ് പി.സി.ജോർജ് പ്രസംഗിച്ചിട്ടുള്ളത്. മുസ്ലിങ്ങൾ അവരുടെ ഹോട്ടലുകളിലും മറ്റും വരുന്ന ഇതര മതസ്ഥർക്ക് വന്ധ്യത വരുത്തുന്നതിന് തുള്ളിമരുന്ന് ആഹാരപദാർത്ഥങ്ങളിൽ ചേർത്തു നൽകുന്നവെന്നടക്കം പ്രസംഗത്തിൽ പറഞ്ഞുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദേവസ്വം ബോർഡ്, സർക്കാരിന് കടമെടുക്കാനുള്ള സ്ഥാപനം മാത്രമാണ്. അത് ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തില്ലെങ്കിൽ ക്ഷേത്രത്തിനു പുറത്തുവെച്ച് ഭക്തർ കാണിക്ക സ്വീകരിച്ച് ഹിന്ദുക്കളുടെ ഉന്നമനത്തിനായി ഉപയോഗിക്കണം എന്നും ജോർജ് പറഞ്ഞിരുന്നു.