- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ എആർ ക്യാമ്പിൽ ഉറക്കം; മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്താൽ ജയിലിലേക്ക് മാറ്റും; ഹൈക്കോടതിയിലെ ജാമ്യ ഹർജിയിൽ അനുകൂല വിധി വന്നാൽ ഇന്നു തന്നെ തിരികെ വീട്ടിലേക്ക് എത്താം; പിസി ജോർജിന് നിർണ്ണായകം ഹൈക്കോടതിയുടെ മനസ്സ്; വെർട്ടിഗോ രോഗത്തിന്റെ ആനുകൂല്യം പൂഞ്ഞാറിലെ നേതാവിന് കിട്ടുമോ?
തിരുവനന്തപുരം: പിസി ജോർജിന് ഇന്ന് നിർണ്ണായകം. സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മുൻ എംഎൽഎ. പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തിരുവനന്തപുരം എആർ ക്യാമ്പിലാണ് പിസി ജോർജിനെ എത്തിച്ചത്. രാവിലെ പി.സി ജോർജിനെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. മജിസ്‌ട്രേട്ട് ജാമ്യം നൽകിയാൽ പിസിക്ക് മോചനം കിട്ടും. എന്നാൽ അതിനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ പിസി ജോർജിന് ജയിലിൽ പോകേണ്ട സാഹചര്യമുണ്ട്.
എന്നാൽ ഇന്ന് പിസിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ജോർജിന്റെ ജാമ്യഹർജി കേൾക്കാനായി പ്രത്യേക സിറ്റിങ് നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. രാവിലെ ഒമ്പത് മണിക്ക് പ്രത്യേക സിറ്റിങ് നടത്താനായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് തീരുമാനിച്ചത്. എന്നാൽ സാധാരണ സമയക്രമത്തിൽ തന്നെ ഹർജി പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ ഹർജിയിൽ അനുകൂല തീരുമാനം വന്നാൽ തിരുവനന്തപുരം മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്താലും ഇന്നു തന്നെ പിസി ജോർജിന് വീട്ടിലേക്ക് പോകാൻ കഴിയും. അതുകൊണ്ട് തന്നെ ഹൈക്കോടതി നിരീക്ഷണങ്ങൾ അതിനിർണ്ണായകമാണ്.
അതിനിടെ പിസി ജോർജിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എ ആർ ക്യാമ്പിന് മുൻവശത്ത് ബിജെപി പ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. വാഹനവ്യൂഹം കടന്നു വരുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന് ആവശ്യമായ മരുന്നുകളും മറ്റും മകൻ ഷോൺ ജോർജ് നൽകിയിരുന്നു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണു പി.സി.ജോർജിനെതിരായ തിരുവനന്തപുരത്തെ കേസ്. ഈമാസം ഒന്നിനു ജോർജിനെ ഈരാറ്റുപേട്ടയിൽനിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് മജിസ്‌ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ, പറഞ്ഞതിലെല്ലാം ഉറച്ചുനിൽക്കുന്നതായാണ് തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ജോർജ് പറഞ്ഞതെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് മജിസ്‌ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയത്. തിരുവനന്തപുരത്തും എറണാകുളത്തും നടത്തിയ പ്രസംഗങ്ങളുടെ സിഡിയും പരിശോധിച്ചു. മറ്റു മത വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്നു നിർദേശിച്ചാണ് ജാമ്യം നൽകിയതെങ്കിലും അതു ലംഘിച്ചതായും മതസ്പർധ കൂട്ടുന്ന കാര്യങ്ങളാണു ജോർജ് പറഞ്ഞതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം അസി.കമ്മിഷണർക്കു വേണമെന്നു തോന്നിയാൽ ജോർജിന അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ കോടതിയുടെ തീരുമാനവും അതീവ നിർണ്ണായകമാണ്. രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. നേരത്തെ അസി.പബ്ലിക് പ്രോസിക്യൂട്ടറുമായി പൊലീസ് കൂടിയാലോചന നടത്തിയിരുന്നു.
നാടകീയ രംഗങ്ങൾക്കൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് എസിപി വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ എത്തുകയും താൽക്കാലം പി.സി. ജോർജിനെ ഹാജരാകുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ വസതിയിൽ ഉണ്ടായിരുന്ന കോടതി ഉദ്യോഗസ്ഥർ മടങ്ങി. ചില നടപടികൾ കൂടി പൂർത്തിയാക്കാൻ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. അർദ്ധരാത്രി 12.35 ഓടെയാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പി.സി. ജോർജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.
അർദ്ധരാത്രി 12.35 ഓടെയാണ് ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിസി ജോർജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എആർ ക്യാമ്പിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. ജോർജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവർത്തകർ അഭിവാദ്യം ചെയ്തത്.
നടപടികളിൽ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയിൽ കിടക്കുന്ന ആളല്ലെന്നും പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി തന്നെ ഓൺലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ഷോൺ പ്രതികരിച്ചു. ഷോണിനെ ആദ്യഘട്ടത്തിൽ എആർ ക്യമ്പിനകത്തേക്ക് കയറ്റാൻ പൊലീസ് അനുവദിച്ചിട്ടില്ല. പിന്നീട് ഷോണിനെ പൊലീസ് ക്യാമ്പിനുള്ളിലേക്ക് പോകാനായി അനുവദിച്ചു.
വൈകിട്ട് കൊച്ചിയിൽ വച്ചാണ് ഫോർട്ട് പൊലീസ് പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജോർജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയിൽ രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പൊലീസ് സംഘം ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.
തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോർജ് ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു പിസി ജോർജിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതെങ്കിലും കോടതി വിസമ്മതിച്ചു. നാളെ രാവിലെ ഒൻപത് മണിക്ക് പരിഗണിക്കാമെന്നും രാത്രി പരിഗണിക്കാൻ അസൗകര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി. പിന്നീട് അതും വേണ്ടെന്ന് വച്ചു.
മറുനാടന് മലയാളി ബ്യൂറോ