- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് കാരണം ജീവിക്കാൻ കഴിയുന്നില്ല; തനിക്ക് ആരേയും ഭയമില്ല; പൊലീസ് ഉപദ്രവിക്കുമെന്ന പരാതിയുമില്ലെന്ന് മജിസ്‌ട്രേട്ടിന് മുമ്പിൽ പിസി ജോർജ്; പൂജപ്പുര ജയിലിലേക്ക് അയച്ച് മജിസ്ട്രേട്ടിന്റെ അതിവേഗ തീരുമാനം; പൂഞ്ഞാറിലെ മുൻ എംഎൽഎ എത്തിച്ചത് പൂജപ്പുര ജയിലിൽ; ഹൈക്കോടതി കനിഞ്ഞില്ലെങ്കിൽ 14 ദിവസം ജയിൽവാസം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത പിസി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ജോർജിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റി. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മെയ് 30ന് പരിഗണിക്കും.
പുറത്തുനിന്നാൽ പ്രതി കുറ്റം ആവർത്തിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോർജിനെ കോടതി റിമാൻഡ് ചെയ്തത്. തന്നെ വേട്ടയാടുകയാണ് എന്ന തരത്തിൽ മജിസ്‌ട്രേട്ടിന് മുമ്പിൽ പിസി ജോർജ് പ്രതികരിച്ചിരുന്നു. തനിക്ക് ആരേയും ഭയമില്ലെന്നും കൂട്ടിച്ചേർത്തു. പൊലീസിനോട് പരാതിയുമില്ലെന്നും പറഞ്ഞു. ഇതിന് ശേഷമാണ് 14 ദിവസ റിമാൻഡിൽ മജിസ്‌ട്രേട്ട് തീരുമാനമെടുത്തത്. ഇന്ന് ബിജെപിക്കാരുടെ പ്രതിഷേധവും പിസി ജോർജിന് വേണ്ടി ഉണ്ടായില്ല. എന്നാൽ പിസിയുടെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കരയിലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെന്നും പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് അറസ്‌റ്റെന്നും കൂട്ടിച്ചേർത്തു.
പൊലീസു കാരണം ജീവിക്കാൻ പിസി ജോർജിന് കഴിയുന്നില്ലെന്ന വാദമാണ് മജിസ്‌ട്രേട്ടിന് മുമ്പിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉയർത്തിയത്. ഇതിന് ശേഷമാണ് പൊലീസിനെ കുറിച്ചുള്ള ചോദ്യം എത്തിയത്. തനിക്ക് ആരേയും ഭയമില്ലെന്നും പൊലീസ് ഉപദ്രവിക്കുമെന്ന ഭയമില്ലെന്നും പിസി പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ ജോർജിനെ വേണമെന്നതായിരുന്നു പൊലീസിന്റെ ആവശ്യം. അത് ഇന്ന് കോടതി പരിഗണിച്ചുമില്ല. ഹൈക്കോടതിയുടെ തീരുമാനം കൂടി അറിഞ്ഞ് ഇത് പരിഗണിക്കാനാണ് തീരുമാനം.
കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ ദിവസമാണ് ജോർജിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയിരുന്നത്. ഇതിന് തൊട്ടുപിന്നാലെ കൊച്ചിയിലെത്തി പൊലീസ് സംഘം ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു. രാത്രിതന്നെ തിരുവനന്തപുരത്തേക്കും എത്തിച്ചു. രാവിലെ മജിസ്‌ട്രേട്ടിന് മുമ്പിൽ എത്തിച്ചാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ സാഹചര്യത്തിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിനു പിന്നാലെ മകൻ ഷോണിനൊപ്പം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ പി.സി. ജോർജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി.സി. ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്. നിയമത്തിന് വഴങ്ങുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു പി.സി. ജോർജ് സ്റ്റേഷനിലെത്തിയത്. തുടർന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സിറ്റി പൊലീസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം പി.സി. ജോർജിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകൾ പി.സി. ജോർജ് ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ഷോൺ ജോർജ് അറിയിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇടത് സർക്കാരിന്റെ ഈ നടപടി. പി.സി. ജോർജിനെ പിന്തുണച്ച് പൊലീസ് സ്റ്റേഷൻ പരിസരത്ത് ബിജെപി പ്രവർത്തകരും എത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 20 ശതമാനം വോട്ടിന് വേണ്ടി ജോർജിനെ സർക്കാർ അകാരണമായി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പ്രതികരിച്ചു.
കൊലവിളി നടത്തിയ ബാലനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. സംഘാടകർക്കെതിരെ നടപടി എടുക്കുന്നില്ല. ഇരട്ടനീതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. നീതി നിഷേധിക്കപ്പെടുന്ന ജോർജിനൊപ്പം നിലനിൽക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ