- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യം ചെയ്യലിന് ഇന്നലെ എത്താത്തത് ജാമ്യ വ്യവസ്ഥാ ലംഘനം; തൃക്കാക്കരയിലെ പ്രചരണം ഹൈക്കോടതിയെ അറിയിച്ച് പൂഞ്ഞാറിലെ നേതാവിനെ വീണ്ടും ജയിലിൽ തളയ്ക്കാൻ ഫോർട്ട് പൊലീസ്; ചോദ്യം ചെയ്യലിന് ഇന്ന് എത്താമെന്ന പ്രതിരോധ മറുപടിയുമായി പിസി ജോർജ്; അനന്തപുരി പ്രസംഗ വിവാദം തുടരും
കൊച്ചി: ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പേരിൽ പി.സി. ജോർജിനെ വീണ്ടും ജയിലിൽ അടയ്ക്കാൻ പൊലീസ്. ഇതിനെ പ്രതിരോധിക്കാൻ പിസി ജോർജും നീക്കം തുടങ്ങി. ഇതോടെ ഈ വിഷയത്തിൽ കോടതി നിലപാട് നിർണ്ണായകമാകും. പിസി ജോർജിനെ ജയിലിൽ അടയ്ക്കാൻ പഴുതുകളില്ലാത്ത നീക്കം നടത്താനാണ് പൊലീസ് ശ്രമം.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള കേസിലെ ജാമ്യ ഉപാധി ലംഘിച്ചെന്നാരോപിച്ചാണു ഫോർട്ട് പൊലീസിന്റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടുവട്ടം വിളിച്ചിട്ടും ഹാജരാകാത്തതു ജാമ്യ ഉപാധിയുടെ ലംഘനമാണെന്നാണു പൊലീസ് പറയുന്നത്. തുടർനടപടി സ്വീകരിക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും. ജാമ്യം അനുവദിച്ചതു ഹൈക്കോടതിയാണ്. അതിനാൽ, ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിലാണ് അപേക്ഷ നൽകേണ്ടത്.
ആരോഗ്യപ്രശ്നങ്ങൾ മൂലവും മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടതിനാലും ചോദ്യംചെയ്യലിനെത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു ജോർജ് പൊലീസിനെ അറിയിച്ചിരുന്നു. പൊതു സമ്മേളനത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവും നടത്തി. ഇത് തടയാനായിരുന്നു പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന വാദം ഉയർന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പിസി ജോർജ് പൊലീസ് ആവശ്യം അംഗീകരിക്കാത്തതെന്നും വ്യക്തമാണ്.
പൊതുപ്രവർത്തകനും 33 വർഷം എംഎൽഎയുമായിരുന്ന തനിക്കു തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അവകാശവും ഉത്തരവാദിത്വവുമാണു പൊലീസ് നിഷേധിച്ചതെന്ന് അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിക്കെതിരേ സംസാരിക്കുമെന്ന ചിന്തയിലാണു തിരക്കിട്ട് ഇന്നലെത്തന്നെ ചോദ്യംചെയ്യലിനെത്താൻ പൊലീസ് ആവശ്യപ്പെട്ടത്. അന്വേഷണവുമായി ഏതുഘട്ടത്തിലും സഹകരിക്കാൻ തയാറാണ്. എന്നാൽ, ഇന്നലെത്തന്നെ ചോദ്യംചെയ്യണമെന്ന പൊലീസിന്റെ പിടിവാശി നീതിയല്ലെന്നും ജോർജ് വാദിക്കും.
അതിനിടെ ഇന്ന് ചോദ്യം ചെയ്യാൻ എത്താമെന്ന് കാട്ടി ഫോർട്ട് പൊലീസിന് പിസി ജോർജ് കത്തും നൽകി. ഇതും കോടതിയിൽ അന്വേഷണത്തെ താൻ തടസ്സപ്പെടുത്തിയില്ലെന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജാമ്യവ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാട്ടി ഫോർട്ട് പൊലീസ് ഇന്നു ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. ഇത് മനസ്സിലാക്കിയാണ് ഇന്ന് ഹാജരാകാൻ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ ഹൈക്കോടതിയിലെ നീക്കത്തിന് ശേഷം ജോർജിനെ ചോദ്യം ചെയ്താൽ മതിയെന്നാണ് പൊലീസിലെ നിലവിലെ തീരുമാനം.
തിരുവനന്തപുരത്തു നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണു് ഇന്നലെ ഹാജരാകാൻ ഫോർട്ട് പൊലീസ് എ.സി.പി. നോട്ടീസ് നൽകിയത്. എന്നാൽ ഹാജരാവാൻ കഴിയില്ലെന്നു പി.സി. ജോർജ് അറിയിച്ചു. തുടർന്ന് ഇന്നലെ രാവിലെ 11 മണിക്കു ഹാജരാവണമെന്ന് കാണിച്ചു മറ്റൊരു നോട്ടീസ് കൂടി നൽകിയെങ്കിലും ജോർജിന്റെ മറുപടിയിൽ മാറ്റമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന വാദം ഹൈക്കോടതിയിൽ പൊലീസ് നിറയ്ക്കുന്നത്.
നിലവിലെ ആരോഗ്യാവസ്ഥയിൽ എറണാകുളത്തു പോയതിനു ശേഷം തിരുവനന്തപുരത്തേക്കുകൂടി യാത്ര ചെയ്യാൻ കഴിയില്ലെന്നും ജോർജ് വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഹാജരാകാൻ തയാറാണെന്നും തെളിവെടുപ്പിന്റെ ഭാഗമായി ശബ്ദപരിശോധന നടത്താൻ ഈരാറ്റുപേട്ടയുടെ സമീപത്തെവിടെയങ്കിലും സൗകര്യം ഏർപ്പെടുത്തിയാൽ നന്നായിരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ഹാജരാകാം എന്ന നിലപാടും പൊലീസിനെ പിസി ജോർജ് അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ