- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിസിയെ വീണ്ടും അറസ്റ്റ് ചെയ്ത് താരമാക്കരുതെന്ന് രാഷ്ട്രീയ തീരുമാനം; ചോദ്യം ചെയ്യലിന് എത്താതെ തൃക്കാക്കരയിൽ പോയി പിണറായിയെ വിമർശിച്ചത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാകില്ലെന്ന് നിയമോപദേശം; ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കില്ല; അനന്തപുരി പ്രസംഗത്തിൽ ഗൂഢാലോചന കണ്ടെത്താൻ ജോർജിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം : പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഇനി പൊലീസ് ഹൈക്കോടതിയെ സമീപിക്കില്ല. വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പി.സി. ജോർജിന് നോട്ടീസ് നൽകും. തിരുവനന്തപുരം അനന്തപുരി മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം.
ചോദ്യംചെയ്യലിന് ഹാജരാകാതെ തൃക്കാക്കരയിൽ പ്രചാരണത്തിന് പോയതിനെതിരെ അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. വിശദീകരണം നൽകിയായിരുന്നു ഇത്. അതിന് ശേഷം അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
പി.സി. ജോർജ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തത് ജാമ്യ ഉപാധി ലംഘിച്ചതല്ലെന്നും നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടതില്ല. ചോദ്യം ചെയ്ത് വിട്ടയയ്ക്കാനാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ ഒരുതവണ തിരുവനന്തപുരം ജില്ലാ കോടതി പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കിയതാണ്. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച ശേഷം പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും പി.സി.ജോർജ് ഹാജരായിരുന്നില്ല. പകരം അദ്ദേഹം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. പിസി ജോർജിനെ ഇനി താരമാക്കാൻ അവസരം നൽകേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനവും ഇതിന് പിന്നിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹാജരാകണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി പി.സി.ജോർജിന് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ താൻ തൃക്കാക്കരയിൽ പ്രചാരണത്തിന് പോകുമെന്ന് പി.സി.ജോർജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായിതിനാലും ഒരു പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലക്കും തൃക്കാക്കരയിൽ പോകേണ്ടത് അനിവാര്യമാണെന്നും അതിനാൽ ഹാജരാകാൻ ആകില്ലെന്നും ചൂണ്ടിക്കാട്ടി പി.സി.ജോർജ് പൊലീസിന് മറുപടി നൽകിയിരുന്നു. തൃക്കാക്കരയിൽ പി.സി.ജോർജ് നടത്തിയ പ്രസ്താവനകളിലും ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. കൊച്ചിയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജിന് ഇതിനോടകം ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ