തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ സിറ്റി കന്റോൺമെന്റ് പൊലീസ് എടുത്ത് ഡി ജി പി യുടെ ഉത്തരവനുസരിച്ച് ക്രൈംബ്രാഞ്ച് എസ്‌പി സ്‌പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്ന ലഹള പ്രകോപന ഗൂഢാലോചന കേസിൽ മുൻ എം എൽ എ പി.സി.ജോർജിനെ അറസ്റ്റ് ചെയ്യരുതെന്ന് തലസ്ഥാന ജില്ലാകോടതി ഉത്തരവിട്ടു.

ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെയും പി സി സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലെ അന്തിമ തീർപ്പ് വരെയും പി സി യുടെ അറസ്റ്റ് തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി വിലക്കി. കേസ് ഡയറി ഫയൽ ഇന്ന് (വെള്ളിയാഴ്ച) ഹാജരാക്കാനും ജഡ്ജി പ്രസുൻ മോഹൻ ഉത്തരവിട്ടു. സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സംസ്ഥാനത്തുടനീളം ജൂൺ 13 വരെ 208 നാശനഷ്ട കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.

തൽസമയം ഇതേ കുറ്റത്തിനാണോ കേസെന്ന് കോടതി അഡീ.പ്രോസിക്യൂട്ടർ ഹരീഷ് കുമാറിനോട് ചോദിച്ചു. മുൻകൂർ ജാമ്യഹർജി തള്ളണമെന്ന സർക്കാർ ആവശ്യം തള്ളിക്കൊണ്ടാണ് പി സിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടത്. ന്യൂസ് വാല്യു ഉണ്ടാക്കാൻ ചില മാധ്യമങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ജാമ്യത്തെ എതിർത്ത് ക്രൈംബ്രാഞ്ച് സമർപ്പിച്ച 12 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ആരോപിക്കുന്നത്.

സ്വർണ്ണക്കടത്ത് കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും എൻ ഐ എ കേസുകളിലുമായി എറണാകുളം പ്രിൻസിപ്പൽ ജില്ലാ കോടതിയിലടക്കം നടന്നു വരുന്ന കേസിൽ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി മാധ്യമ വാർത്തയായതിനെതിരെ ജലീൽ നൽകിയ പൊലീസ് പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. സ്വർണ്ണക്കടത്തിലും മറ്റും തന്നെയും മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റും ചേർത്ത് സ്വപ്ന സുരേഷ് മൊഴി കൊടുത്തെന്ന് കാട്ടിയാണ് ജലീലിന്റെ പൊലീസ് പരാതി.

സ്വപ്ന സുരേഷ് , പി.സി.ജോർജ് എന്നിവർക്കെതിരെ 120 (ബി) ( ക്രിമിനൽ ഗൂഢാലോചന) ,153 (ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി തോന്ന്യാസമായി പ്രകോപനം ഉണ്ടാക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടന്ന് രഹസ്യമൊഴി കോടതിയിൽ കൊടുത്തത് മാധ്യമ വാർത്തയായാൽ എങ്ങനെ സർക്കാരിനെതിരായ ഗൂഢാലോചനയാകുമെന്ന് പി സി ജോർജിന് വേണ്ടി അഡ്വ.ശാസ്തമംഗലം അജിത് കുമാർ വാദിച്ചു.

35 വർഷം എം എൽ എ യും പൊതുപ്രവർത്തകനുമായ തന്നെ കാണാൻ സ്വപ്നക്ക് വന്നു കൂടെ. അതിലെന്താണ് തെറ്റ്. പൊതുപ്രവർത്തകരെ കാണാൻ എല്ലാ തുറയിലുള്ളവരും വരാറുണ്ട്. താനും സ്വപ്നയും തമ്മിൽ സംസാരിച്ചു കൂടേ. അതെങ്ങനെ സർക്കാരിനെതിരായ ഗൂഢാലോചനയാകും. ആരോപണം കളവാണെങ്കിൽ അപകീർത്തി കേസ് കൊടുക്കാതെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഈ യുഗത്തിൽ വിമർശന സ്വാതന്ത്ര്യത്തിൽ മേലുള്ള കടന്നുകയറ്റമാണ് കേസ്.

ഭരണഘടന അനു ഛേദം 19 വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു. പൊലീസ് അധികാരത്തിന്റെ ദുരുപയോഗമാണ് കേസെന്നും പി സി വാദിച്ചു.താൻ നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടുന്ന ആളല്ല. ഈ യുഗത്തിൽ ഒരാൾക്ക് മറ്റൊരാളെ ഫെയർ ക്രിറ്റിസിസം എന്ന രീതിയിൽ വിമർശിക്കാൻ അവകാശമുണ്ട്. അപകടകരമായ അവസ്ഥയിലുള്ള പൊലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നത്.

79 വയസ്സുള്ള വാർദ്ധക്യ സഹജമായ അസുഖങ്ങളുള്ള ആളാണ് താൻ. മുൻകൂർ ജാമ്യഹർജി തള്ളിച്ച ഉടൻ തന്നെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യിക്കാനാണ് സർക്കാർ നീക്കമെന്നും ബോധിപ്പിച്ചു.