കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് പിൻവലിക്കൽ നടപടികളിൽ പ്രതിഷേധിച്ച് പി.സി. ജോർജ് എംഎ‍ൽഎ.യുടെ നേതൃത്വത്തിൽ ട്രെയിൻ ഗതാഗതം തടഞ്ഞു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് പി.സി. ജോർജ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 'കറൻസി ആന്തോളൻ' എന്ന പേരിൽ ട്രെയിൻ തടഞ്ഞത്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് ജോർജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യ സമരമാണ് ഇത്. ജനപങ്കാളിത്തം കൊണ്ടാണ് ഈ സമരം ശ്രദ്ധേയമായത്.

സമരക്കാർ ന്യൂഡൽഹി-തിരുവനന്തപുരം 'കേരള എക്സ്പ്രസ്', തിരുവനന്തപുരം-ഹൈദരാബാദ് 'ശബരി എക്സ്പ്രസ്' എന്നിവ അര മണിക്കൂർ വീതം തടഞ്ഞിട്ടു. റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന പി.സി. ജോർജിനെയും അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 30 ന് പി.സി. ജോർജ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്താനിരിക്കെയാണ്, അദ്ദേഹം നേതൃത്വം നൽകുന്ന ജനപക്ഷത്തിന്റെ കൂടി സഹകരണത്തോടെ റെയിൽ തടയൽ സമരം നടത്തിയത്. സമരത്തിന് പിന്തുണയുമായി വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.

പാവപ്പെട്ടവരുടെ പണം മോദി തടവിലാക്കിയിരിക്കുകയാണ്. കറൻസി നിരോധനത്തിന്റെ ദുരിതങ്ങൾ തീരുമെന്ന് പ്രധാനമന്ത്രി പറഞ്ഞ 50 ദിവസം പിന്നിട്ടിട്ടും പെതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കപ്പെടുന്നില്ല. അശാസ്ത്രീയവും അപക്വവുമായ കറൻസി നിരോധനം മൂലം തൊഴിൽ നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകണം. ഇന്ത്യയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മോദിക്കെതിരെ ശബ്ദമുയർത്താൻ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനാകുന്നില്ല. അതിനാൽ, കോൺഗ്രസ് പിരിച്ചുവിടണം. സാംസ്‌കാരികമായും സാമ്പത്തികമായും യു.ഡി.എഫും എൽ.ഡി.എഫും കേരളത്തെ നശിപ്പിച്ചു. ഇതിനെതിരെ ജനപക്ഷ രാഷ്ട്രീയവുമായി താനുണ്ടാകുമെന്നും പി.സി. ജോർജ് പറഞ്ഞു.

ജനപക്ഷം നേതാക്കളായ മുഹമ്മദ് സക്കീർ, എസ്. ഭാസ്‌കര പിള്ള, ഷോൺ ജോർജ്, ആന്റണി മാർട്ടിൻ, സൈജോ ഹസൻ, ജോയി സക്കറിയ, എം ടി. ജോസഫ്, ഇ.കെ. ഹസൻകുട്ടി തുടങ്ങിയവരും പങ്കെടുത്തു.