- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പി.സി.ജോർജ് ഉച്ചയോടെ വീട്ടിൽനിന്നു പോയതാണ്; ബന്ധുവീടുകളിലും പരിശോധന നടത്തി; ഫോൺ സ്വിച്ച് ഓഫാണ്; ടവർ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ല; ഉച്ചയ്ക്ക് വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു'; ഒളിവിലെന്ന് പൊലീസ്; എന്തിനാണ് ഈ ഷോ ഓഫ് എന്ന് ഷോൺ ജോർജ്
പൂഞ്ഞാർ: വെണ്ണല വിദ്വേഷപ്രസംഗക്കേസുമായി ബന്ധപ്പെട്ട് പിസി ജോർജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും വ്യക്തമായ വിവരം ലഭിക്കാതെ പൊലീസ്. മുൻ എംഎൽഎ പി.സി.ജോർജ് ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ജോർജിനെ അന്വേഷിച്ച് കൊച്ചിയിൽനിന്നുള്ള പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പി.സി. ജോർജിനെ ഫോണിലും ബന്ധപ്പെടാനാകുന്നില്ലെന്ന് മട്ടാഞ്ചേരി എസിപി എ.ജി.രവീന്ദ്രനാഥ് പറഞ്ഞു.
'പി.സി.ജോർജ് ഉച്ചയോടെ വീട്ടിൽനിന്നു പോയതാണ്. ബന്ധുവീടുകളിലും പരിശോധന നടത്തി. ജോർജിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ടവർ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ല. പി.സി.ജോർജ് ഉച്ചയ്ക്കു വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും.' എസിപി പറഞ്ഞു.
വെണ്ണല വിദ്വേഷപ്രസംഗക്കേസിൽ പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ എംഎൽഎ-യെ തേടി ഈരാറ്റുപേട്ടയിലെ വീട്ടിൽ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയത്. പിസി ജോർജിനെ തേടി വീട്ടിലെത്തിയ പൊലീസിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. ഫോണിലും ലഭിക്കുന്നില്ലെന്നാണ് വിവരം.എന്നാൽ എംഎൽഎ ഒളിവിൽ പോയതായാണ് സൂചന.
അതേ സമയം നടക്കുന്നത് പൊലീസിന്റെ നീക്കമല്ലെന്നും പിണറായിയുടെ ഭാഗത്ത് നിന്നുള്ള നീക്കമാണെന്നും ആരോപിച്ച് മകൻ ഷോൺ ജോർജ് രംഗത്തെത്തി. എന്തിനാണ് ഇത്തരത്തിൽ ഒരു ഷോ ഓഫ് എന്നും ഷോൺ ജോർജ് ചോദിച്ചു.
കേസിന്റെ പരിധിയിലെ ഉദ്യോഗസ്ഥനായ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ അറിയിച്ചത് അറസ്റ്റ് ചെയ്യില്ല എന്നായിരുന്നു. ജാമ്യത്തിന്റെ പരിഗണന കൂടി നോക്കിയിട്ടേ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞതിന് ശേഷമാണ് ഇത്തരത്തിൽ ഒരു നീക്കം. ഇത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കമല്ല, പിണറായിയുടെ നീക്കമാണ്. അത് അനുസരിക്കാൻ പിണറായിയുടെ ശമ്പളക്കാരൻ അല്ലാല്ലോ. സർക്കാരിന്റെ ഭാഗത്ത് നിന്നും പൊലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലെങ്കിൽ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് നീതി കിട്ടുമോ എന്നാണ് നോക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിസി ജോർജിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് എത്തിയത്. തിരുവനന്തപുരത്ത് പിസി ജോർജിനെതിരെ കേസെടുത്ത ഘട്ടത്തിൽ പോലും ഇദ്ദേഹം ഈരാറ്റുപേട്ടയിൽ എത്തിയിരുന്നില്ല. അഞ്ച് മണിയോടെയാണ് പൊലീസ് ഈരാറ്റുപേട്ടയിലെത്തിയത്. കുടുംബാംഗങ്ങളുമായി പൊലീസ് സംസാരിച്ചു. ഇവിടെ പിസി ജോർജിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.
പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് തള്ളിയിരുന്നു. ഉത്തരവിനെതിരെ തിങ്കളാഴ്‌ച്ച ഹൈക്കോടതിയെ സമീപിക്കാനാണ് പി സി ജോർജിന്റെ തീരുമാനം. വെണ്ണല പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും അറിയിക്കുക. മതിവിദ്വേഷം വളർത്തുന്ന രീതിയിലും പൊതു സൗഹാർദം തകർക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസെന്നുമാണ് പി സി ജോർജിന്റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനഃപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ