തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായി. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി. ജോർജ് എത്തിയത്. കൊച്ചി വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിനാണ് പി.സി.ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്.

പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്‌തേക്കും. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്.

പി.സി.ജോർജ് ഹാജരാകുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും എത്തി. പി.സി. ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാണ് പിഡിപി പ്രവർത്തകരുടെ ആവശ്യം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജോർജിനു പിന്തുണയുമായി ബിജെപി പ്രവർത്തകരും സ്റ്റേഷനു മുന്നിലെത്തിയിട്ടുണ്ട്. അറസ്റ്റ് അംഗീകരിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.

ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യവ്യവസ്ഥകൾ പി സി ജോർജ് ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.

തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. കേസിൽ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു.

 

കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗത്തിനും പി സി ജോർജിനെതിരെ കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ ജോർജ് ഒളിവിൽപ്പോയി. ഇതിനിടെ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി.

ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് ജാമ്യം റദ്ദാക്കിയത്. കഴിഞ്ഞ 8നു പി.സി.ജോർജ് നടത്തിയ പ്രസംഗം മതവിദ്വേഷം വളർത്തുന്നതാണെന്ന ആരോപണത്തെത്തുടർന്നു പാലാരിവട്ടം പൊലീസാണു സ്വമേധയാ കേസെടുത്തത്. കേസിൽ തിങ്കളാഴ്ച പി.സി.ജോർജിന് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.