- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്വേഷ പ്രസംഗത്തിൽ കസ്റ്റഡിയിൽ വച്ച് പൊലീസിന് എന്താണ് ചെയ്യാനുള്ളതെന്ന് കോടതി; ഇടക്കാല ജാമ്യം തേടിയുള്ള ഹർജി നാളത്തേക്ക് മാറ്റി; പി.സി.ജോർജ് ജയിലിൽ തുടരും
കൊച്ചി: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യം തേടിയുള്ള പി.സി.ജോർജിന്റെ അപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ജോർജ് സമർപ്പിച്ച ഹർജിയിൽ, വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്റ്റഡിയിൽ വെച്ച് എന്താണ് പൊലീസിന് ചെയ്യാൻ ഉള്ളത് എന്ന് കോടതി ചോദിച്ചു.
വീഡിയോ റെക്കോർഡുകൾ കയ്യിലുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം വേണം എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ എറണാകുളത്തുവച്ച് തിരുവനന്തപുരം ഫോർട്ടു പൊലീസ് അറസ്റ്റു രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തുടർന്ന് വഞ്ചിയൂർ കോടതി ജോർജിനെ റിമാൻഡു ചെയ്തു. പുറത്തുനിന്നാൽ പ്രതി കുറ്റം ആവർത്തിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോർജിനെ കോടതി റിമാൻഡ് ചെയ്തത്. കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ ദിവസമാണ് ജോർജിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കിയിരുന്നത്.
ഇതിനിടെ, മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ ഇന്നലെ രാത്രിതന്നെ പി.സി.ജോർജ് ഹൈക്കോടതിയെ സമീപിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹർജി ഇന്നു പരിഗണിക്കാൻ മാറ്റുകയായിരുന്നു.