തിരുവനന്തപുരം: പിസി ജോർജിനെതിരെ പൊലീസ് പീഡന കേസ് എടുക്കുന്നത് പീഡന ശ്രമത്തിൽ തന്നെ. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് ഇരയുടെ ആരോപണം. തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. കേരള രാഷ്ട്രീയത്തിനെ ഞെട്ടിക്കുന്ന ട്വിസ്റ്റാണ് ഈ കേസ്. രാഷ്ട്രീയ പ്രേരിതമാണ് ഈ കേസെന്ന വാദം ശക്തമാകും. ഏതായാലും എകെജി സെന്റർ ആക്രമണത്തിൽ നിന്നും പുതിയ ചർച്ചകളിലേക്ക് കേരള രാഷ്ട്രീയം മാറുകയാണ്.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യാനായിരുന്നു പി സി ജോർജിനെ വിളിച്ചു വരുത്തിയത്. ഇന്ന് 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണം എന്നാവശ്യപ്പെട്ട് പൊലീസ് ജോർജിന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഇന്ന് ഹാജരാകാമെന്ന് പി സി മറുപടി നൽകി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകൾ നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പി സി ജോർജും സ്വപ്ന സുരേഷുമാണ് കേസിലെ പ്രതികൾ. ഈ കേസിന്റെ ചോദ്യം ചെയ്യലിന് പിസി എത്തി. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെ മ്യൂസിയം പൊലീസ് എത്തി. ഇതോടെയാണ് പിസിയെ അറസ്റ്റു ചെയ്യാൻ പോകുന്നുവെന്ന് വ്യക്തമായത്.

എന്നാൽ ഇപ്പോഴും പിസിയെ അറസ്റ്റു ചെയ്യുമോ എന്ന് വ്യക്തമല്ല. 33 തട്ടിപ്പ് കേസിലെ പ്രതിയാണ് പരാതിക്കാരി. ചില കേസുകളിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. അത്തരത്തിലൊരു വ്യക്തിയുടെ രഹസ്യമൊഴിയിലാണ് പൊലീസ് നടപടി. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരേയും പരാതി നൽകിയിരുന്നു. അത് സിബിഐ അന്വേഷിക്കുകയാണ്. ഇതിനിടെയാണ് പിസി ജോർജിനെതിരെ പുതിയ വെളിപ്പെടുത്തൽ വരുന്നത്. അത് അതേ പടി വിശ്വസിച്ച് പൊലീസ് കേസെടുക്കുകയും പിസി ജോർജ്ജിനെ പ്രതിയാക്കുകയും ചെയ്തു. ഈ ഇടപെടൽ പൊലീസിന് നാണക്കേടാണെന്ന് അഡ്വക്കേറ്റ് ആസിഫലി പ്രതികരിച്ചു. ഏതായാലും ഈ കേസ് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.

വയനാട് എസ് എഫ് ഐ വിദ്യാർത്ഥികളുടെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് എകെജി സെന്റർ ബോംബാക്രമണം എത്തുന്നത്. സോളാർ കേസിലെ വിവാദങ്ങളെ മറയ്ക്കാനാണ് വയനാട്ടിലെ അക്രമം എന്ന വാദം ചർച്ചയായിരുന്നു. ഇതിലെ വിവാദം ഇല്ലാതാക്കാൻ എകെജി സെന്ററിലെ ആക്രമണവും വന്നു. ഒരു ദിവസത്തിന് അപ്പുറം ആ ചർച്ചയും നീണ്ടു പോകുന്നില്ല. വയനാട്ടിലെ ആക്രമ കേസിൽ എസ് എഫ് ഐക്കാരെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ എകെജിയിലെ ആക്രമണത്തിൽ ആരും പിടിയിലായില്ല. അതിന് മുമ്പ് തന്നെ പുതിയ ചർച്ചാ വിഷയം കിട്ടുകയാണ് കേരള രാഷ്ട്രീയത്തിന്. പൊലീസാണ് ഇത് നൽകുന്നതെന്നതാണ് വസ്തുത.

എകെജി സെന്റർ ആക്രമണം നടക്കുമ്പോൾ തന്നെ ഇരുപതാംനൂറ്റാണ്ട് എന്ന ചിത്രത്തിലെ ഡയലോഗ് ഏറെ ചർച്ചയായിരുന്നു. സിനിമയിലെ ശേഖരൻകുട്ടിയുടെ അച്ഛനായ മുഖ്യമന്ത്രിയെ രാഷ്ട്രീയ ആരോപണങ്ങളിൽ നിന്ന് രക്ഷിക്കാൻ അധോലോക നായകൻ സാഗർ ഏലീയാസ് ജാക്കി നടത്തുന്ന നീക്കങ്ങളായിരുന്നു ട്രോളുകൾക്ക് ആധാരം. നിയമസഭാ സമ്മേളനത്തിലെ ആരോപണങ്ങൾ നേരിടാനുള്ള സിനിമയിലെ തന്ത്രം. അത് കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കുതന്ത്രമായിരുന്നു. അതുമായി ചേർത്താണ് കേരള രാഷ്ട്രീയത്തിലെ പല സംഭവങ്ങളേയും ട്രോളന്മാർ വിവരിച്ചത്. ഈ രാഷ്ട്രീയ അധോലോക സിനിമയേയും വെല്ലുന്ന തരത്തിലാണ് കേരള രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ യാത്ര.