- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സി ജോർജിന് ശാരീരിക അസ്വസ്ഥത; രക്തസമ്മർദത്തിൽ വ്യത്യാസം; എറണാകുളം ജനറൽ ആശുപത്രിയിൽ ഒരു മണിക്കൂർ നിരീക്ഷണം പൂർത്തിയാക്കി ; തിരുവനന്തപുരത്തേക്കുള്ള യാത്ര പുനരാരംഭിച്ചു; പി.സി. ജോർജിന്റെ ജാമ്യഹർജിയിൽ പ്രത്യേക സിറ്റിങ് ഇല്ല; സാധാരണ സമയക്രമത്തിൽ പരിഗണിക്കും
കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പി സി ജോർജിന് ശാരീരിക അസ്വസ്ഥത. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടത്.രക്തസമ്മർദത്തിൽ വ്യത്യാസമുണ്ടെന്നും ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.
അതേസമയം, വിദ്വേഷ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോടതിയുടെ വിലക്ക് ഉള്ളതിനാൽ മിണ്ടുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. വിലക്ക് മാറിയശേഷം മാധ്യമങ്ങളോടു സംസാരിക്കാമെന്നും പ്രതികരിച്ചു. 'തെറ്റ് ചെയ്തിട്ടില്ല. താൻ രാജ്യസ്‌നേഹി. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും യാത്രചെയ്യും. തല്ലിക്കൊന്നാലും ചാകില്ല' പി.സി.ജോർജ് പ്രതികരിച്ചു.
പി.സി ജോർജിന്റെ ജാമ്യഹർജി കേൾക്കാനായി പ്രത്യേക സിറ്റിങ് നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. നാളെ (വ്യാഴാഴ്ച) ഒമ്പത് മണിക്ക് പ്രത്യേക സിറ്റിങ് നടത്താനായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് തീരുമാനിച്ചത്. എന്നാൽ നാളെ സാധാരണ സമയക്രമത്തിൽ പി.സി. ജോർജിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
സന്ധ്യയോടെയാണ് പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഹാജരായ പി.സി. ജോർജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. ഡിസിപിയുടെ വാഹനത്തിൽ പാലാരിവട്ടം സ്റ്റേഷനിൽനിന്നു കൊണ്ടുപോയ പി.സി. ജോർജിനെ എറണാകുളം എ.ആർ. ക്യാംപിലെത്തിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു കോടതി വ്യക്തമാക്കിയിരുന്നു. വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസിന്റെ നോട്ടിസ് പി.സി.ജോർജ് കൈപ്പറ്റിയിരുന്നു.
അതേസമയം. ജാമ്യം റദ്ദാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പി.സി.ജോർജിനെതിരായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലാരിവട്ടത്തെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് ജോർജിനെ എ.ആർ ക്യാമ്പിലേക്ക് മാറ്റിയത്.
തിരുവനന്തപുരം കേസിൽ ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. വെണ്ണല കേസിൽ മൊഴി എടുക്കാനാണ് പിസിയെ നിലവിൽ കൊണ്ട് പോയത്. സ്റ്റേഷൻ പരിസരത്തെ സംഘർഷ അവസ്ഥ കണക്കിലെടുത്താണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയിൽ അപ്പീൽ പോകുമെന്ന് മകൻ ഷോൺ ജോർജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനിൽ ഹാജരായതെന്നും ഷോൺ ജോർജ് പറഞ്ഞു.
വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്. മകൻ ഷോൺ ജോർജിനൊപ്പമാണ് പി സി ജോർജ് പൊലീസ് സ്റ്റേഷനിലെത്തിയത്. നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യും. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം കൊച്ചിയിലെത്തി. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്.
ഇതിനിടെ ജോർജിനെ പിന്തുണച്ച് ബിജെപിയും പ്രതിരോധിച്ച് പിഡിപിയും രംഗത്തെത്തിയതോടെ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന് കുറ്റം ചുമത്തിയായിരുന്നു മുൻ.എംഎൽഎ പിസി ജോർജിനെതിരേ ആദ്യം തിരുവനന്തപുരം ഫോർട്ട് പൊലീസ് ജോർജിനെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രസംഗം വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് മേധാവി അനിൽ കാന്ത് ജോർജിനെതിരേ കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയിരുന്നതെങ്കിലും മെയ് ഒന്നിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും പറഞ്ഞ് പി.സി വീണ്ടും രംഗത്ത് വന്നതോടെയാണ് കാര്യങ്ങൾ മാറി മറിയുന്നത്.
പാലാരിവട്ടം പ്രസംഗം അനന്തപുരി പ്രസംഗത്തിന്റെ തുടർച്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സമാനകുറ്റം ആവർത്തിക്കില്ലെന്ന് പറഞ്ഞതുകൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാൽ പത്ത് ദിവസത്തിനകം ജാമ്യ വ്യവസ്ഥ ലംഘിച്ചു. കോടതി നൽകിയ ആനുകൂല്യം പ്രതി ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനിൽക്കെയാണ് പി.സി.ജോർജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് പി.സി.ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് അറസ്റ്റിനുള്ള സാധ്യത മുന്നിൽക്കണ്ട് പി. സി. ജോർജ് ഒളിവിൽ പോവുകയും ചെയ്തു.
ഹൈക്കോടതിയിൽ തിങ്കളാഴ്ച വീണ്ടും മൂൻ കൂർ ജാമ്യാപേക്ഷ നൽകിയതിനെ തുടർന്ന് ഹൈക്കോടതി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിച്ച് കൊണ്ട് ജാമ്യം റദ്ദാക്കുകയായിരുന്നു. ഹൈക്കോടി അനുവദിച്ച ഇടക്കാല മൂൻകൂർ ജാമ്യം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടിതിയിൽ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് തടസ്സമാവില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.
കുറ്റവും ശിക്ഷയും 153(എ) വ്യത്യസ്ത സമൂഹത്തിനിടയിൽ സ്പർധ വളർത്തുകയും ഐക്യത്തിന് തടസ്സമാകുകയും ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുക. മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം.
295(എ) ഏതെങ്കിലും മതത്തെയോ, ഒരാളുടെ മതവികാരത്തെയോ വ്രണപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക. ജാമ്യമില്ലാത്ത കുറ്റം. മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാവുന്നത്.
മറുനാടന് മലയാളി ബ്യൂറോ