- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ലൗ ജിഹാദുണ്ട്; 40 പെൺകുട്ടികളെ താൻ ലൗ ജിഹാദ് കെണിയിൽ നിന്ന് രക്ഷിച്ചു; 17 പേരെ രാജ്യത്ത് തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ രണ്ട് പേർ തന്റെ അയൽക്കാർ; വീണ്ടും ആഞ്ഞടിച്ച് പിസി ജോർജ്; കോട്ടയം പ്രസംഗവും പൊലീസ് പരിശോധിക്കും; പൂഞ്ഞാർ നേതാവ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവോ?
കോട്ടയം: ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) നൽകിയ സ്വീകരണച്ചടങ്ങിൽ പിസി ജോർജ് നടത്തിയ പ്രസംഗവും പൊലീസ് പരിശോധിക്കും. ജാമ്യ വ്യവസ്ഥ പിസി ജോർജ് ലംഘിച്ചോ എന്നാകും പരിശോധന. അതിനിടെ ഈ വേദിയിൽ എത്തിയ പി.സി.ജോർജിനെ എ.ഐ.വൈ.എഫ്. കരിങ്കൊടി കാട്ടിയിരുന്നു. പ്രതിരോധിക്കാൻ ക്രിസ്ത്യൻ അസോസിയേഷനും ഹിന്ദു ഐക്യവേദി ബിജെപി പ്രവർത്തകരും നിലയുറപ്പിതോടെ സംഘർഷാവസ്ഥയായി പിസി ജോർജിന് സംരക്ഷണവുമായി പരിവാറുകാർ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
ജോർജിന്റെ വാഹനം ശാസ്ത്രിറോഡിലേക്ക് കടക്കുമ്പോൾ ഒരു വിഭാഗം എ.ഐ.വൈ.എഫ്. പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പൊലീസ് ഇവരെ തടഞ്ഞതോടെ ഹാളിന് മുന്നിലുള്ള ഗേറ്റിൽ മറ്റൊരു സംഘമെത്തി കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തു. ഇവരെയും പൊലീസ് നീക്കി. ഇതോടെ കാസയുടെയും ഹിന്ദു ഐക്യവേദിയുടെയും പ്രവർത്തകർ സംഘടിച്ച് എ.ഐ. വൈ.എഫിനെതിരെ പ്രതിഷേധിച്ചു. പൊലീസ് ഇരുകൂട്ടർക്കും ഇടയിൽ നിന്ന് കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കി.
ഇതിനിടെ ഹാളിലേക്കുള്ള ഗേറ്റ് അടച്ചു. ഇതേച്ചൊല്ലി കാസ, ഹിന്ദുഐക്യവേദി പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. തുടർന്ന് നടന്ന യോഗത്തിൽ രാജ്യത്ത് ലൗ ജിഹാദുണ്ടെന്ന് പി.സി.ജോർജ് ആവർത്തിച്ചു. 40 പെൺകുട്ടികളെ താൻ ലൗ ജിഹാദ് കെണിയിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഇത് തന്റെ അനുഭവമാണ്. 17 പേരെ രാജ്യത്ത് തൂക്കിക്കൊല്ലാൻ വിധിച്ചവരിൽ രണ്ട് പേർ തന്റെ അയൽക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു, ബിജെപി. സംസ്ഥാന വക്താവ് എൻ.കെ.നാരായണൻ നമ്പൂതിരി, പാസ്റ്റർ അനിൽ കൊടിത്തോട്ടം,അഡ്വ. പി.പി.ജോസഫ്, കാസഡോ, കെവിൻ പീറ്റർ, ഫാ. ലൂക്ക് പൂതൃക്ക തുടങ്ങിയവർ സംസാരിച്ചു. എല്ലാ നേതാക്കളുടെ പ്രസംഗവും പൊലീസ് പരിശോധിക്കും. പിസിക്ക് വേദിയൊരുക്കാൻ വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച മുൻ എംഎൽഎ പി.സി.ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചോയെന്ന് പൊലീസ് പരിശോധിക്കുന്നത് സർക്കാർ നിർദ്ദേശം മാനിച്ചാണ്. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും ഉപാധികളോടെ കോടതി ജോർജിന് ജാമ്യം നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത പി.സി.ജോർജിനെ ഒരു ദിവസം പോലും പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചിരുന്നില്ല. ജോർജിനെതിരേ വാദിക്കാൻ മജിസ്‌ട്രേറ്റിനുമുമ്പിൽ പ്രോസിക്യൂട്ടറെ ഹാജരാക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ച് അദ്ദേഹത്തിന് ജാമ്യം നൽകുകയായിരുന്നു. ഇത് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യത്തിനു ശേഷം പി.സി.ജോർജ് നടത്തിയ പ്രസ്താവനകൾ പൊലീസ് പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നും പ്രസംഗത്തിൽ വർഗീയത ആരോപിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നുമായിരുന്നു ജോർജിന്റെ പ്രതികരണം. മറ്റുചില പ്രസ്താവനകളും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ നടത്തുകയുണ്ടായി. വിദ്വേഷ പ്രസ്താവനകൾ നടത്തരുതെന്ന ജാമ്യവ്യവസ്ഥ ജോർജ് ലംഘിച്ചോ എന്നാകും പരിശോധിക്കുക. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയേക്കും. ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ