എരുമേലി: ഏത് വിഷയത്തിലായാലും തന്റെ നിലപാട് പറയാൻ ആരെയും പേടിക്കുന്നയാളല്ല പൂഞ്ഞാർ എംഎൽഎ സാക്ഷാൽ പിസി ജോർജ്. നടി അക്രമിക്കപ്പെട്ട സംഭവത്തിലും ബിഷപ്പിന്റെ പീഡന വിഷയത്തിലും തന്റെ നിലപാട് തുറന്ന് പറഞ്ഞ് പിസി ചങ്കൂറ്റം കാണിച്ചിട്ടുണ്ട്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചാൽ കേരളം പടക്കളമാകുമെന്ന മുന്നറിയിപ്പ് നൽകുകയാണ് പിസി ജോർജ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി വന്നപ്പോൾ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു പിസി. വിശ്വാസ കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്ന് പിസി തുറന്നടിച്ചു. ഇപ്പോൾ വിശ്വാസികളുടെ സമരത്തിൽ സജീവമായി ഇടപെടുകയാണ് പിസി.

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ കേരളം പടക്കളമാകുന്ന ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നു പി.സി.ജോർജ് എംഎൽഎ മുന്നറിയിപ്പ് നൽകുന്നു. താൻ നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങളിലൂടെ ഒരു കാരണവശാലും യുവതികൾ ശബരിമലയിലേക്കു കടന്നുപോകാൻ അനുവദിക്കില്ല. പൊലീസ് ഇടപെട്ടാൽ വിശ്വാസം സംരക്ഷിക്കാൻ എത്തുന്നവർക്കൊപ്പം ചേർന്ന് എന്തുവില കൊടുത്തും യുവതികളെ തടയുമെന്നും ജോർജ് പറഞ്ഞു. വിശ്വാസ സംരക്ഷണ സത്യഗ്രഹ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എല്ലാ സഞ്ചാര മാർഗങ്ങളിലും വലിയ ക്രമസമാധാന പ്രശ്‌നമാകുമെന്നുറപ്പാണ്. ആ സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ സാവകാശം തേടണം. ആർക്കും ഏതവസരത്തിലും കുതിര കയറാനുള്ളതല്ല നാട്ടിലെ ഭൂരിപക്ഷ സമൂഹമായ ഹൈന്ദവരുടെ വിശ്വാസാചാരങ്ങൾ. എന്തും സഹിക്കുന്നവരാണു ഹിന്ദു ഭക്തരെന്ന ധാരണയിൽനിന്നാണ് അയ്യപ്പ ചൈതന്യത്തിനു നേർക്കും വെല്ലുവിളി ഉയരുന്നത്. ഇതനുവദിക്കാനാവില്ല കേരളത്തിന്റെ പുനർനിർമ്മിതി പ്രവർത്തനങ്ങൾ നടക്കുന്ന ഈ ഘട്ടത്തിൽ, വലിയ സമരങ്ങൾ ഉയർന്നു വരുന്ന സാഹചര്യങ്ങൾ സർക്കാർ ഒഴിവാക്കണം. ഹൈന്ദവ ഭക്തർക്കു മുകളിൽ കൊടി കെട്ടിയുള്ള രാഷ്ട്രീയ മുതലെടുപ്പുകൾ അംഗീകരിക്കാനാവില്ലെന്നും ജോർജ് പറഞ്ഞു.

വിശ്വാസ സംരക്ഷണ സത്യഗ്രഹം പന്തളം കൊട്ടാര പ്രതിനിധി മൂലം തിരുനാൾ ശശികുമാർ വർമ ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠാ മാഹാത്മ്യത്തെ നിരാകരിക്കുന്ന വിധിയാണു സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്നു ശശികുമാർ വർമ ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ഇതര ക്ഷേത്രത്തിലേതിനേക്കാൾ വ്യത്യസ്തമാണ്. മകന്റെ നിഷ്ഠകൾ സംരക്ഷിക്കാൻ ശരണനാമങ്ങളുമായി തെരുവിലിറങ്ങേണ്ട സ്ഥിതിയാണ് അയ്യപ്പൻ വളർന്ന പന്തളം കൊട്ടാരത്തിലെ പിന്മുറക്കാർക്കുണ്ടായിരിക്കുന്നത്. അത് ഏതെങ്കിലും കൊടിയുടെ കീഴിലാകരുതെന്ന കരുതൽ തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സത്യഗ്രഹ കോർഡിനേഷൻ കമ്മറ്റി കൺവീനർ മാലേത്ത് പ്രതാപചന്ദ്രൻ വിഷയാവതരണം നടത്തി. ശബരിമല തന്ത്രി കുടുംബാംഗം താഴമൺ മഠം കണ്ഠര് മോഹനര്, രാഹുൽ ഈശ്വർ, പൂഞ്ഞാർ കോവിലകം പൂരംനാൾ ഉഷ വർമ, ക്‌നാനായ സഭ റാന്നി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി.രാമൻ നായർ, ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ മുഹമ്മദ് സക്കീർ, സിനിമാ താരങ്ങളായ ദേവൻ, കൊല്ലം തുളസി, യോഗക്ഷേമസഭ രക്ഷാധികാരി അക്കീരമൺ കാളിദാസൻ ഭട്ടതിരി, മാളികപ്പുറം മുൻ മേൽശാന്തി പുതുമന മനു നമ്പൂതിരി, ശ്രീരാമദാസ മിഷൻ സെക്രട്ടറി ആർ.കെ.ഉണ്ണിത്താൻ, മുൻ വനിതാ കമ്മിഷൻ അംഗം പ്രമീള ദേവി, തൃശൂർ പുന്നശ്ശേരി ആശ്രമം മഠാധിപതി ഗുരു ബാബാനന്ദ സ്വാമി തുടങ്ങിയവർ സംസാരിച്ചു.