റിസർവ് ബാങ്കിന്റെ കൈവശമുള്ള കരുതൽ മൂലധനം വിനിയോഗിക്കേണ്ടതിനെ സംബന്ധിച്ച് കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ തർക്കം മുറുകുകയാണ്. മോദി സർക്കാരിന്റെ എല്ലാ ജനവിരുദ്ധനയങ്ങൾക്കും ഒത്താശ ചെയ്ത വ്യക്തിയാണ് ഇപ്പോഴത്തെ RBI ഗവർണർ ഉർജിത് പട്ടേലും മുൻ ഗവർണർ രഘുറാം രാജനും. ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങളെ സർക്കാരിൽ നിന്നും മോചിപ്പിച്ച് വിദേശമൂലധനത്തിന് തുറന്ന് കൊടുക്കാനും റിസർവ് ബാങ്കിന്റെ അധികാരപരിധി വെട്ടിക്കുറക്കാനും നിർദ്ദേശം നൽകിയ സമിതിയുടെ തലവനായിരുന്നു രഘുറാം രാജൻ. വിശ്വസ്ഥനായിരുന്നെങ്കിലും നോട്ട് നിരോധനം പോലുള്ള നടപടികൾ അദ്ദേഹത്തോട് ആലോചിച്ചില്ല എന്ന് റിസർവ് ബാങ്കിന്റെ പടിയിറങ്ങിയത്തിന് ശേഷം അദ്ദേഹം പറഞ്ഞിരുന്നു. കുരുടന്മാരുടെ നാട്ടിലെ ഒറ്റക്കണ്ണൻ രാജാവ് എന്നത് അദ്ദേഹത്തിന്റെ പ്രയോഗമായിരുന്നു.

രഘുറാം രാജന് പകരം കൊണ്ടുവന്ന മോദിയുടെ വിശ്വസ്ഥനായ, കെനിയൻ പൗരത്വമുണ്ടായിരുന്ന, ഇപ്പോഴത്തെ ഗവർണർ ഉർജിത് പട്ടേലും അനഭിമതനായിത്തുടങ്ങി എന്നുവേണം കരുതാൻ. RBI യുടെ കൈവശം 9.59 ലക്ഷം കോടി രൂപയാണ് കരുതൽ മൂലധനമായി ഉള്ളത്. ഇതിൽ നിന്ന് 3.60 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് ക്രയവിക്രയം ചെയ്യാൻ നൽകണമെന്നാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. വിപണിയിലെ നഷ്ടങ്ങൾ, പ്രവർത്തന നഷ്ടം, ആകസ്മിക നഷ്ടങ്ങൾ എന്നിങ്ങനെ സമ്പദ്ഘടന അപകടത്തിലാകുമ്പോൾ ഉപയോഗിക്കാനുള്ളതാണ് കരുതൽ മൂലധനം. തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ തകർന്നുകിടക്കുന്ന സമ്പദ്ഘടനക്ക് ഉത്തേജനം നൽകാനും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വായ്പ നല്കാനുമാണ് കരുതൽ മൂലധനത്തിന്റെ പങ്ക് ആവശ്യപ്പെടുന്നത്. നോട്ട് നിരോധനവും GST യും പോലുള്ള നടപടികൾ മൂലം സമ്പത്തുൽപ്പാദനത്തിന്റെ എല്ലാ മേഖലകളും പ്രതിസന്ധിയിലാവുകയും സമ്പദ്ഘടനയുടെ നട്ടെല്ലൊടിഞ്ഞിരിക്കുകയുമാണ്. ഇന്നേക്ക് കൃത്യം രണ്ട് വർഷം മുൻപാണ് രാജ്യത്തെ കള്ളപ്പണക്കാരെ മുഴുവൻ പുകച്ചുപുറത്ത് ചാടിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് ഇരുട്ടടി പോലെ നോട്ട് നിരോധനം നടപ്പിലാക്കുന്നത്. എന്നാൽ 2 വർഷങ്ങൾക്കിപ്പുറം നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും(15.31 ലക്ഷം കോടി രൂപ ) തിരിച്ചുവന്നു എന്ന കണക്കുകൾ പുറത്തുവരുമ്പോൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ആ ഇരുട്ടടിയുടെ ആഘാതത്തിൽ നിന്നും ഇപ്പോഴും പുറത്തുവന്നിട്ടില്ല.

വിവിധ കരുതൽ മൂലധനം കുത്തകകളുടെ നഷ്ടം നികത്താനാണ് മോദി സർക്കാർ ഉപയോഗിച്ചത്. IDBI ബാങ്കിന്റെ പ്രതിസന്ധി തീർക്കാൻ LIC ഫണ്ടും എയർ ഇന്ത്യയുടെ നഷ്ടം നികത്താൻ പി.എഫ്. ഫണ്ടും ഉപയോഗിക്കുകയാണുണ്ടായത്. വൻകിട ബാങ്കുകളെ കൊള്ളയടിച്ച് നീരവ് മോദിമാരും വിജയ് മല്യമാരും വിദേശത്ത് സസുഖം വാഴുകയാണ്. മൊത്തം കിട്ടാക്കടത്തിന്റെ 9.38 ശതമാനവും ചെറുകിട മേഖലയുടേതാണ്. വിവിധ ബോണ്ടുകളിൽ നിന്ന് RBI കേന്ദ്രസർക്കാരിന് നൽകിയിരുന്ന പലിശയിൽ കുറവുണ്ടായി. സമ്പദ്ഘടനയുടെ തകർച്ചയുടെ പ്രതിഫലനമാണിത്. ഇതാണ് സ്ഥിതിയെങ്കിലും ഇന്ത്യയിൽ സമ്പന്നരുടെ എണ്ണം പെരുകുകയാണ്. 1 കോടിയിലധികം വാർഷിക ലാഭമുണ്ടാക്കുന്നവരുടെ എണ്ണം 2016ൽ 88449ൽ നിന്ന് ഇപ്പോൾ 140319 ആയി ഉയർന്നിട്ടുണ്ട്.

ആഗോളവൽക്കരണ നയങ്ങൾ ആരംഭിച്ചതിന് ശേഷം റിസർവ് ബാങ്കിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ നിരവധി ശ്രമങ്ങളാണുണ്ടായത്. IMF-ന്റെ ആറാം ചാർട്ടറനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക നടപടികൾ അവരെ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇതിനനുസൃതമായി റിസർവ് ബാങ്ക് നിയമത്തിൽ ഭേദഗതികൾ വരുത്തുകയുണ്ടായി. വിദേശവിനിമയ നിരക്ക് നിശ്ചയിക്കുന്നത് ഇപ്പോൾ റിസർവ് ബാങ്കല്ല. ആ അധികാരം Federation of Foreign Exchange Dealers-ന് കൈമാറി. GST നിയമം പാസാക്കിയത്തിന് ശേഷം GST Network എന്ന പ്രൈവറ്റ് കമ്പനിക്കാണ് നികുതിയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. സംസ്ഥാന ധനകാര്യ മന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയുമടങ്ങുന്ന GST Council ഉണ്ടെങ്കിലും ICICI, HDFC പോലുള്ള സ്വകാര്യ ബാങ്കിങ് കുത്തകകൾ അടങ്ങുന്ന GSTN ആണ് ഇതിലെ പരമാധികാരി. റിസർവ് ബാങ്കിന്റെ ഗവേണിങ് ബോഡിയിൽ കുത്തകകളുടെ പ്രതിനിധികളാണ് പലരും. സാമ്പത്തിക സ്വാതന്ത്രം അടിയറവ് വക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലം.

91 മുതൽ വിത്തെടുത്ത് കുത്തുന്ന നയങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. കരുതൽ മൂലധനം വകമാറ്റി ചെലവഴിച്ചാൽ ഭവിഷ്യത്തുകൾ ഏറെയായിരിക്കും. അതുകൊണ്ടാണ് വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ആണെങ്കിലും റിസർവ് ബാങ്ക് അധികാരികൾ കേന്ദ്രസർക്കാരിന്റെ നടപടിക്ക് പച്ചക്കൊടി കാണിക്കാത്തത്. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ പോൾ ക്രൂഗ്മാൻ 1996ൽ ഹാർവാർഡ് ബിസിനസ് റിവ്യൂവിൽ ഇങ്ങനെയെഴുതി: 'ഒരു രാജ്യം ഒരു കമ്പനിയല്ല. സാമ്പത്തിക അപഗ്രഥനത്തിന് ഒഴിച്ചുകൂടാനാകാത്ത ശൈലി വ്യാപാരത്തിൽ വിജയിച്ചേക്കാം. രാഷ്ട്രീയം വ്യത്യസ്തമാണ്. ഇത് മനസ്സിലാക്കാൻ പരാജയപ്പെട്ടാൽ ദുരന്തപൂർണമായ അവസ്ഥയായിരിക്കും സൃഷ്ടിക്കപ്പെടുക.' മോദി അതിനാണ് തുനിയുന്നത്.