കറാച്ചി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാക്കിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് ന്യൂസിലൻഡ് പിന്മാറിയതിന്റെ ഞെട്ടലിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സുരക്ഷാ പ്രശ്‌നങ്ങൾ നിമിത്തം പാക്കിസ്ഥാനിലേക്കു വരാൻ വിദേശ ടീമുകൾ മടി കാട്ടുന്നതിനിടെയാണ് പ്രശ്‌നങ്ങളില്ലെന്ന് ബോധ്യപ്പെടുത്താൻ പാക്ക് സർക്കാർ മുൻകയ്യെടുത്ത് വിവിധ പര്യടനങ്ങൾക്ക് പദ്ധതിയിട്ടത്.

പാക്ക് പര്യടനത്തിന് തയാറായ ടീമുകൾക്കായി അതീവ സുരക്ഷ ഒരുക്കുകയും ചെയ്തു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിട്ട് ന്യൂസീലൻഡ് പ്രധാനമന്ത്രിയെ വിളിച്ചാണ് സുരക്ഷാ കാര്യത്തിൽ ഉറപ്പു നൽകിയത്. എന്നിട്ടും മത്സരം തുടങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സുരക്ഷയുടെ പേരുപറഞ്ഞ് പരമ്പര ന്യൂസിലന്റ് മടങ്ങിയതിന്റെ ഞെട്ടലിലാണ് പിസിബി.

പര്യടനം റദ്ദാക്കുന്നതായി ന്യൂസീലൻഡ് അറിയിച്ചതിനു പിന്നാലെ പിസിബി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളിലും നിറഞ്ഞുനിന്നത് ഇത്തരമൊരു തിരിച്ചടിയുടെ വേദനയായിരുന്നു. ന്യൂസീലൻഡ് ടീമിനായി ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളിൽ സമ്പൂർണ തൃപ്തി രേഖപ്പെടുത്തിയിട്ടും അവസാന നിമിഷം പിന്മാറിയതിന്റെ അതൃപ്തി പാക്ക് ബോർഡിന്റെ ട്വീറ്റുകളിൽ തെളിഞ്ഞുനിൽക്കുന്നു. 

 

'ഇന്ന് രാവിലെ ചില സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് മുന്നറിയിപ്പു ലഭിച്ചതായി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് ഞങ്ങളെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇരു ബോർഡുകളും ഒന്നുചേർന്ന് പരമ്പര നീട്ടിവയ്ക്കാൻ തീരുമാനിച്ചു. പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന ടീമുകൾക്കായി പാക്കിസ്ഥാൻ സർക്കാരും പാക്ക് ക്രിക്കറ്റ് ബോർഡും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

 

ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിനും സമാനമായ ഉറപ്പാണ് ഞങ്ങൾ നൽകിയിരുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നേരിട്ട് ഇതേക്കുറിച്ച് ന്യൂസീലൻഡ് പ്രധാനമന്ത്രിയുമായി സംസാരിക്കുകയും, ലോകത്തെ തന്നെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനമാണ് ഞങ്ങൾക്കുള്ളതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. ഇവിടെ സന്ദർശനം നടത്തുന്ന ടീമുകൾക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്നും ഉറപ്പുനൽകിയിരുന്നു.

ന്യൂസീലൻഡ് ടീം ഇവിടെയെത്തിയതു മുതൽ അവർക്കായി പാക്കിസ്ഥാൻ സർക്കാർ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളിൽ ടീമിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പൂർണ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തതാണ്.

പരമ്പരയിലെ മത്സരങ്ങൾ മുൻനിശ്ചയിച്ചപ്രകാരം നടത്താൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാണ്. എന്നിരുന്നാലും ഈ അവസാനഘട്ട പിന്മാറ്റത്തിൽ പാക്കിസ്ഥാനിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും ക്രിക്കറ്റ് ആരാധകർ നിരാശരാണ്' പിസിബി കുറിച്ചു. പിന്നാലെ രൂക്ഷ വിമർശനവുമായി മുൻ പാക് താരങ്ങളും രംഗത്തെത്തി. ന്യൂസിലൻഡ് പാക്കിസ്ഥാനെ കൊലക്ക് കൊടുത്തുവെന്നായിരുന്നു മുൻ പാക് താരം ഷൊയൈബ് അക്തറുടെ പ്രതികരണം.

 

ഒരു വ്യാജ സുരക്ഷാ ഭീഷണിയുടെ പേരിലാണ് ന്യൂസിലൻഡ് പരമ്പരയിൽ നിന്ന് പിന്മാറിയതെന്നും ഇതിന്റെ പ്രത്യാഘാതം ന്യൂസിലൻഡ് തിരിച്ചറിയുന്നുണ്ടോ എന്ന് മുൻ നായകൻ ഷാഹിദ് അഫ്രീദി ചോദിച്ചു. 

അവസാന നിമിഷം പരമ്പരയിൽ നിന്ന് പിന്മാറാനുള്ള ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്റെ തീരുമാനം നിരാശാജനകമെന്നായിരുന്നു പാക് നായകൻ ബാബർ അസമിന്റെ പ്രതികരണം.

 

ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ ഏജൻസികളുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്നും അവസാന നിമിഷം പരമ്പരയിൽ നിന്ന് പിന്മാറാനുള്ള ന്യൂസിലൻഡിന്റെ തീരുമാനം നിരാശാജനകമാണെന്നും മുൻതാരം ഉമർ ഗുൽ പറഞ്ഞു.  

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ക്രിക്കറ്റിന് കനത്ത തിരിച്ചടിയാണ് ന്യൂസിലന്റ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം.