മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും നേതാക്കൾ പണം വാങ്ങി വോട്ടു മറിച്ചുവെന്ന ആരോപണവുമായി പിഡിപി സ്ഥാനാർത്ഥികൾ രംഗത്ത്. പി ഡി പി നേതാക്കൾ ലക്ഷങ്ങൾ വാങ്ങി സ്വന്തം വോട്ടു ബാങ്ക് മറിച്ചു നൽകിയെന്ന ഗുരുതര ആരോപണവുമായാണ് മലപ്പുറം ജില്ലയിലെ വിവിധ പിഡിപി സ്ഥാനാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്.

നേതാക്കളുടെ വോട്ടു കച്ചവടത്തിൽ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പാർട്ടി ചെയർമാൻ അബ്ദുന്നാസർ മഅദനി അടക്കമുള്ള നേതാക്കൾക്ക് സ്ഥാനാർത്ഥികൾ കത്ത് കൈമാറിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സംസ്ഥാന നേതൃത്വത്തിനും പരാതി അടങ്ങിയ കത്ത് കൈമാറി.

യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കാണ് മിക്ക മണ്ഡലങ്ങളിലും വോട്ടു മറിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പണം വാങ്ങിയ നേതാക്കളുടെ സ്ഥാനവും പേരുവിവരങ്ങളും പരാതിയിൽ പറഞ്ഞിട്ടുണ്ട്. പരസ്പര ആക്ഷേപങ്ങളുമായി സ്ഥാനാർത്ഥികൾ രംഗത്തു വന്നതോടെ പാർട്ടി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ മഞ്ഞുമലയിൽ ഇടിച്ച അവസ്ഥയാണിപ്പോൾ പിഡിപിയുടേത്.

മലബാറിൽ മലപ്പുറം ജില്ലയിലെ ചില കേന്ദ്രങ്ങളിലാണ് പാർട്ടിയുടെ വോട്ടു ബാങ്ക്. മലപ്പുറത്തെ 16-ൽ 15 മണ്ഡലങ്ങളിലും ഇത്തവണ പിഡിപി സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. പാർട്ടിയുടെ ശക്തി തെളിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വച്ചത്. എന്നാൽ മിക്ക മണ്ഡലങ്ങളിലും 1000 വോട്ട് തികയ്ക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ചില മണ്ഡലങ്ങളിൽ അവസാനത്തെ ഒന്നും രണ്ടും സ്ഥാനത്തിനായുള്ള മത്സരവും നടന്നു.

എന്നാൽ അബ്ദുന്നാസർ മഅദനിയുടെ സഹതാപ തരംഗം വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലായിരുന്നു സ്ഥാനാർത്ഥികൾ. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണിയപ്പോൾ മത്സരിച്ച സ്ഥാനാർത്ഥികളുടെ ബൂത്തിൽനിന്നു പോലും വിരലിലെണ്ണാവുന്ന വോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല, പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നെല്ലാം വോട്ടുകൾ ഗണ്യമായി ഇടിയുകയും ചെയ്തു. ഇതോടെ പൊട്ടിത്തെറിയും ആരോപണങ്ങളും വന്നു. പിന്നാലെ കൂട്ടരാജിയുടെ ഭീഷണിയും.

അബ്ദുന്നാസർ മഅദനിക്കും മറ്റു സംസ്ഥാന നേതാക്കൾക്കും പരാതി നൽകിയിട്ടും യാതൊരു പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിലായിരുന്നു സ്ഥാനാർത്ഥികൾ വാർത്താകുറിപ്പിലൂടെ ഇക്കാര്യം പുറത്തറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപിക്ക് നാണംകെട്ട പരാജയം ഉണ്ടാവാൻ കാരണം പാർട്ടിയിലെ ഉത്തരവാദപ്പെട്ട സംസ്ഥാന-ജില്ലാ നേതാക്കന്മാർ പണം വാങ്ങി വോട്ടുമറിച്ചതാണെന്ന് സ്ഥാനാർത്ഥികൾ വാർത്താകുറിപ്പിലൂടെ പറയുന്നു. തിരൂർ മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ഷമീർ പയ്യനങ്ങാടി, താനൂർ മണ്ഡലം സ്ഥാനാർത്ഥി അൻവർ പന്നിക്കണ്ടത്തിൽ എന്നിവർ വാർത്താ കുറിപ്പിറക്കിയതോടെയാണ് ജില്ലയിൽ വ്യാപകമായി നടന്ന വോട്ടു കച്ചവടത്തിന്റെ കഥ പുറത്തറിയുന്നത്. വോട്ടുമറിച്ചവർക്കെതിരെ പാർട്ടി അന്വേഷണ നടപടി സ്വീകരിക്കണമെന്ന് പിഡിപിയുടെ വിദ്യാർത്ഥി യുവജന വിഭാഗം ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റുകൂടിയായ ഷമീർ പയ്യനങ്ങാടി വാർത്താ കുറിപ്പിൽ അറിയിച്ചു. മിക്ക മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് വോട്ടു മറിച്ചതെന്നും ഇതിനായി നേതാക്കൾ ലക്ഷക്കണക്കിന് രൂപ വാങ്ങിയതായും ഇവർ ആരോപിച്ചു.പാർട്ടി ചെയർമാൻ അടക്കമുള്ളവരോട് വിഷയം അറിയിച്ചതായും നടപടി വരാത്ത സാഹചര്യത്തിലാണ് വാർത്താ കുറിപ്പ് ഇറക്കിയതെന്നും ഷമീർ പറഞ്ഞു. വിഷയത്തിൽ നടപടിയെടുത്തില്ലെങ്കിൽ പിഡിപിയിൽ നിന്നും കൂട്ടരാജി ഉൾപ്പെടെയുള്ളവ ഉണ്ടാവുമെന്നും സൂചനയുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലും പി.ഡി.പി വോട്ട് മറിച്ചുവെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. ലോക്‌സഭയിൽ പിഡിപി ജില്ലാ നേതൃത്വം വോട്ടു കച്ചവടം നടത്തിയതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും കൂട്ടരാജിയുണ്ടായിരുന്നു. 2009ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മഅദനിയുമായി ഇടതുപക്ഷം വേദി പങ്കിട്ടതും പരസ്യമായി പിന്തുണ സ്വീകരിച്ചതും വലിയ വിവാദമാക്കിയിരുന്നു. തുടർന്ന് 2014ലെ ലോകസഭയിലും പിഡിപി നേതൃത്വം യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് വോട്ടു വിൽക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജില്ലാ സംസ്ഥാന നേതാക്കളടക്കം 10 പേർ അന്ന് രാജിവച്ചു. ഇതിലും രൂക്ഷമായ സാഹചര്യമാണ് ഇപ്പോൾ പിഡിപിയിൽ ഉടലെടുത്തിരിക്കുന്നത്.