കോഴിക്കോട: കോഴിക്കോട് ബാലുശ്ശേരിയിൽ ഉണ്ണികുളത്ത് പീഡനത്തിനിരയായ നേപ്പാൾ ദമ്പതിമാരുടെ ആറുവയസ്സുകാരി മകളുടെ നിലയിൽ ആശങ്ക തുടരുന്നു. നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്. അതിനിടെ കുട്ടിയുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി സംസാരിച്ച് വിദഗ്ധചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികൾക്കുനേരെ അതിക്രമം നടത്തുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിട്ടുണ്ട്. കമ്മീഷൻ അംഗങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ സന്ദർശിച്ചു. കമ്മീഷൻ അംഗങ്ങളായ നസീർ ചാലിയം, ബി ബബിത എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ സന്ദർശിച്ചത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് കമ്മീഷൻ അംഗങ്ങൾ പെൺകുട്ടിയെ സന്ദർശിച്ചത്. കുട്ടിയുടെ അമ്മയുമായി കമ്മീഷൻ അംഗങ്ങൾ സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ സ്വമേധയ കേസെടുത്ത കമ്മീഷൻ ഉത്തരവാദിത്തപ്പെട്ടവർക്ക് നോട്ടീസ് നൽകുകയും ചെയ്തു. നാളെ രാവിലെ 11 മണിക്ക് പെൺകുട്ടിയുടെ വീടുൾപ്പെടെയുള്ള പ്രദേശങ്ങൾ വിവിധ സർക്കാർ വകുപ്പുകളെ കൂടി ഉൾപ്പെടുത്തികൊണ്ട് സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കേസിൽ അറസ്റ്റിലായ ഉണ്ണികുളം വള്ളിയോത്ത് സ്വദേശി രതീഷ് ഇന്നലെ ആശുപത്രിയിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വൈദ്യപരിശോധനക്ക് കൊണ്ടുപോകാൻ തുടങ്ങുന്നതിനിടെ ബാലുശ്ശേരി പൊലീസ് സ്റ്റേഷന്റെ മുകൾ നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. പ്രതിയെ നിസാര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ് ഇയാളുടെ നില ഗുരുതരലമല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് ബാലുശ്ശേരിയിലെ ക്വാറിയിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശികളുടെ ആറ് വയസ്സുള്ള പെൺകുട്ടി പീഡനത്തിനിരയായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് പീഡനം നടന്നത്. വീട്ടിൽ തിരിച്ചെത്തിയ രക്ഷിതാക്കൾ രക്തംവാർന്ന് അവശ നിലയിലായ പെൺകുട്ടിയെയാണ്. ഉടൻ തന്നെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുകയായിരുന്നു.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ്  പ്രതി അറസ്റ്റിലായത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബാലുശേശി സി ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ അച്ഛനിൽ നിന്നും പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ പ്രതിയെ അറസ്റ്റ് ലചെയ്തത്.