പത്തനംതിട്ട: കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെ പേരിൽ പത്തനംതിട്ട നാണം കെട്ടിട്ട് അധിക നാളുകളായിട്ടില്ല. ഇപ്പോഴിതാ വീണ്ടും സമാന സാഹചര്യത്തിലുള്ള ഒരു പീഡനം കൂടി ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പാരാമെഡിക്കൽ ടെക്നിഷ്യനെ താൽക്കാലിക ജീവനക്കാരൻ കടന്നു പിടിച്ച് അപമാനിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരും താൽക്കാലിക ജീവനക്കാരാണ്. കോവിഡുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ കുറവ് ഒഴിവാക്കാൻ വേണ്ടി താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചതാണ് ഇരുവരെയും.

ചിറ്റാർ സ്വദേശി അനന്തരാജ്(30) ആണ് ഡ്യൂട്ടി റൂമിലെത്തി പെൺകുട്ടിയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തത്. രാത്രി ആയതിനാൽ ഡ്യൂട്ടി റൂമിൽ വേറെ ആരും ഉണ്ടായിരുന്നില്ല. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാൻ പൊലീസിൽ വിവരം അറിയിച്ചു. രാത്രി തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് അടൂർ ജനറൽ ആശുപത്രിയിൽ നിന്നും പന്തളത്തെ സിഎഫ്എൽടിസിയിലേക്ക് കൊണ്ടു പോയ കോവിഡ് രോഗിയായ പെൺകുട്ടിയെ ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ആംബുലൻസിൽ പീഡിപ്പിച്ചത്. ഈ കേസിൽ പ്രതി ഇപ്പോൾ ജയിലിലാണ്.