ന്യൂഡൽഹി: റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ ഭാര്യയുടേയും മകന്റെയും ഉടമസ്ഥതയിലുള്ള കമ്പനിയുടെ വളർച്ച റോക്കറ്റ് പോകുന്നതിലും വേഗത്തിൽ. പീയൂഷ് ഗോയലിന്റെ ഭാര്യ സീമ ഗോയൽ ഉടമയായ കമ്പനി പത്ത് വർഷം കൊണ്ട് 3,000 ഇരട്ടി വളർന്നെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ വളർച്ചയുടെ സ്രോതസ് എന്തെന്ന് വ്യക്തമല്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പുത്രൻ ജയ് ഷായുടെ കമ്പനി വളർന്ന അതേ മാതൃകയിലാണ് സീമാ ഗോയലിന്റെ കമ്പനി വളർന്നതെങ്കിലും ജെയ്ഷായെ പോലും അമ്പരപ്പിക്കുന്ന വളർ്ചചയാണ് റെയിൽവേ മന്ത്രിയുടെ ഭാര്യയുടെ കമ്പനി കൈവരിച്ചിരിക്കുന്നത്. സീമ ഗോയലിന്റെ ഇന്റർകോൺ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് വൻ വളർച്ച കൈവരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു.

മന്ത്രി ഗോയലിനും കുടുംബത്തിനും ബന്ധമുള്ള കമ്പനികൾ ബാങ്കുകളിൽനിന്നെടുത്ത വൻ തുകയ്ക്കുള്ള വായ്പകൾ കിട്ടാക്കടമായി രൂപപ്പെടുകയാണെന്നു മുഖ്യ പ്രതിപക്ഷം കുറ്റപ്പെടുത്തി. ഗോയലിന്റെ കുടുംബത്തിനു ബന്ധമുള്ള ഷിർദി ഇൻഡസ്ട്രീസ്, യൂണിയൻ ബാങ്കിൽനിന്നു വാങ്ങിയ 651 കോടി രൂപയിൽ 65 ശതമാനവും എഴുതിത്ത്തള്ളിയെന്ന് അവർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഒരു ലക്ഷം രൂപ മൂലധനവുമായി 2005-06ൽ തുടങ്ങിയ കമ്പനിയാണ് പത്തു വർഷങ്ങൾക്കിപ്പുറം 3,000 ഇരട്ടി വളർച്ചയുമായി നിൽക്കുന്നത്. പീയൂഷ് ഗോയലിന്റെയും സീമാ ഗോയലിന്റെയും പേരിലായിരുന്നു കമ്പനി രജിസ്റ്റർ ചെയ്തത്. കേന്ദ്രമന്ത്രിയാകുന്നതിന് തൊട്ടു മുൻപ് 2014 മെയ്‌ 13നു പീയൂഷ് ഗോയൽ ഡയറക്ടർ സ്ഥാനം രാജിവച്ച് ഓഹരികൾ ഭാര്യയ്ക്കു കൈമാറി. ആകെ 10,000 ഓഹരികളിൽ സീമയുടെ പേരിൽ 9,99. ബാക്കി പുത്രൻ ധ്രുവിന്റെ പേരിലേക്കും മാറ്റി മന്ത്രി തൽസ്ഥാനം ഒഴിഞ്ഞു.

കമ്പനി തുടങ്ങി ത്തുവർഷം കൊണ്ടു കമ്പനിയുണ്ടാക്കിയ വരുമാനം 30 കോടി രൂപ. അതായത് മൂലധനത്തിന്റെ 3,000 ഇരട്ടി. അതേസമയം ഇന്റർകോൺ അഡൈ്വസേഴ്‌സിന്റെ വരുമാന സ്രോതസ്സ് എന്തെന്നു പീയൂഷ് ഗോയലും കുടുംബവും വ്യക്തമാക്കുന്നില്ല. പീയൂഷ് ഗോയലും കുടുംബവും ഉൾപ്പെടെയുള്ള രണ്ടു സംഘങ്ങളുടെ ഉടമസ്ഥതയിൽ 11 കമ്പനികളുണ്ട്. ഇവയിൽ പല കമ്പനികളുടെയും ധനസ്ഥിതി മോശം. അവയിൽ പലതിന്റെയും വൻ തുക ബാങ്ക് വായ്പകൾ കിട്ടാക്കടമാകും.

അമിത്ഷായുടെ മകനും ബിസിനസ് രംഗത്ത് വളർന്നത് ഇതേ രീതിയിലാണ്. ജയ് ഷാ ഡയറക്ടറായ ടെമ്പിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിറ്റുവരവിൽ 16,000 മടങ്ങ് വർധനയുണ്ടായെന്നായിരുന്നു റിപ്പോർട്ട്. നഷ്ടത്തിലായിരുന്ന കമ്പനിക്ക് മോദി പ്രധാനമന്ത്രിയായതിനും അമിത്ഷാ പാർട്ടി ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റതിനും ശേഷമാണ് ഈ വർധനയുണ്ടായതെന്ന് കമ്പനിരജിസ്ട്രാർ് നൽകിയ രേഖകൾ ഉദ്ധരിച്ചാണ് 'ദ വയർ ഇൻ' ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

മോദി അധികാരമേൽക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ മകൻ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ച രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, 2013-2014 സാമ്പത്തിക വർഷത്തിൽ കമ്പനി രജിസ്റ്റാർ ഓഫീസിൽ നൽകിയ വാർഷിക റിപ്പോർട്ടും അവിടെ സമർപ്പിച്ച ബാലൻസ് ഷീറ്റിലും നൽകിയ കണക്കുകൾ പ്രകാരം 6,23,01,724 രൂപയുടെ നഷ്ടത്തിലായിരുന്നു.

എന്നാൽ 2014ൽ മോദി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവർഷം 2014-2015 വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വർഷം 18,728 രൂപ ലാഭം ലഭിച്ചുവെന്നാണ്. ആദ്യ വർഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവർഷം പൂർത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2015-16 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച കണക്കുകൾ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭമാണ് നേടിയിരിക്കുന്നത്.