- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സത്യം പുറത്തുവരെട്ടെ, നീതി നിറവേറട്ടെ!'; പെഗസ്സസിൽ സുപ്രീംകോടതി വിധിയെ പിന്തുണച്ച് ശശി തരൂർ
തിരുവനന്തപുരം: പെഗസ്സസിൽ സുപ്രീംകോടതി വിധിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ജനാധിപത്യത്തിൽ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഭരണകൂടത്തിന് ഒളിച്ചോടാനാവില്ലെന്ന പരമമായ യാഥാർത്ഥ്യത്തിലേക്കാണ് പെഗസ്സസുമായി ബന്ധപ്പെട്ട വിധിയിലൂടെ സുപ്രീംകോടതി വിരൽ ചൂണ്ടുന്നതെന്ന് ശശി തരൂർ എംപി പറഞ്ഞു.
വിവര സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ അധ്യക്ഷനായിട്ടും പെഗസ്സസിൽ സുപ്രീംകോടതി അന്വേഷണം താൻ ആവശ്യപ്പെട്ടപ്പോൾ അത് പലരേയും അത്ഭുതപ്പെടുത്തിയിരുന്നെന്ന് തരൂർ അനുസ്മരിച്ചു. പക്ഷേ, കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച വിധി എല്ലാവരുടെയും കണ്ണുതുറപ്പിക്കുമെന്നാണ് താൻ കരുതുന്നതെന്നും തരൂർ പറഞ്ഞു.
''ദേശ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായൊരു വിഷയത്തിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്ത സർക്കാർ നിലപാട് അതീവ ഗുരുതരമാണ്. ജനാധിപത്യത്തേയും ജനങ്ങളേയും അപഹസിക്കുന്ന സമീപനമാണിത്. ചർച്ചയിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ ഒഴിഞ്ഞുമാറുന്നതാണ് അല്ലാതെ ഇതിന്റെ ഫലമായി നിയമനിർമ്മാണ സഭകളെ ജുഡീഷ്യറി മറികടക്കുന്നതല്ല പാർലമെന്റ് നേരിടുന്ന യഥാർത്ഥ അപമാനം.'' ശശി തരൂർ പറയുന്നു.
പല തവണ ചർച്ച ആവശ്യപ്പെട്ടിട്ടും തീർത്തും നിഷേധാത്മകമായ സമീപനമാണ് ഭരണകൂടം സ്വീകരിച്ചത്. പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്നും ഐടി, ടെലികോം, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെക്കൂടി തടയുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും തരൂർ കുറ്റപ്പെടുത്തി.
വാട്ടർഗേറ്റ് വിവാദത്തിൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന് രാജിവെയ്ക്കേണ്ടി വന്നപ്പോൾ ഇവിടെ പെഗസ്സസ് ചോർത്തൽ പട്ടികയിൽ പേരുള്ള ഐടി മന്ത്രിയുടെ അഴകൊഴമ്പൻ ന്യായീകരണം മാത്രമാണുണ്ടായത്. ഒരു മന്ത്രിയുടെ രാജി പോലും സാദ്ധ്യമാക്കാക്കാത്ത വിധത്തിൽ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾ ദുർബ്ബലമായിരിക്കുന്ന അവസ്ഥയിലാണ് ഈ വിധി വരുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി. '' സത്യം പുറത്തുവരെട്ടെ, നീതി നിറവേറട്ടെ! '' ഈ വാക്യത്തോടെയാണ് തരൂർ ലേഖനം അവസാനിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്