ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തലിന് വിധേയരായവരോട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി വിവരങ്ങൾ തേടിയെങ്കിലും നേരിട്ട് ഹാജരായി വിവരങ്ങൾ കൈമാറിയത് രണ്ട് പേർ മാത്രം. ഇന്ത്യയിലെ പൗരന്മാരുടെ ഫോണുകളിലോ മറ്റ് ഉപകരണങ്ങളിലോ സംഭരിച്ച ഡാറ്റ ഉപയോഗിക്കാനും വിവരങ്ങൾ ചോർത്താനും പെഗസ്സസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആണ് സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി വിവരങ്ങൾ ആവശ്യപ്പെട്ടത്.

ഇസ്രയേലി എൻഎസ്ഒ ഗ്രൂപ്പിന്റെ പെഗസ്സസ് സ്‌പൈവെയർ തങ്ങളുടെ മൊബൈൽ ഉപകരണങ്ങളെ ബാധിച്ചതായി സംശയിക്കുന്ന പൊതുജനങ്ങൾക്കായി കമ്മിറ്റി 2022 ജനുവരി 2 നാണ് ഉപകരണവുമായി ഹാജരാകണമെന്ന പൊതു അറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാൽ, ഒരു മാസത്തിന് ശേഷം, സ്‌പൈവെയർ നിരീക്ഷണം സംശയിക്കുന്ന രണ്ട് പേർ മാത്രമാണ് അവരുടെ ഉപകരണങ്ങളുമായി പാനലിന് മുന്നിൽ ഹാജരായത്.

രണ്ടുപേരുടെയും ഐഡന്റിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരിക്കൽ കൂടി മൊബൈൽ ഉപകരണത്തിന് പെഗസ്സസ് സ്‌പൈവെയർ ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നവർ സാങ്കേതിക സമിതിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ട് വ്യാഴാഴ്ച വീണ്ടും അറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ഫെബ്രുവരി 8 വരെയാണ് സമിതി പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

inqiry@pegasus-india-investigation.in  എന്ന ഈ മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ഫോൺ ചോർത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങൾ കൈമാറണം. വിവരങ്ങൾ പരിശോധിച്ച ശേഷം ചോർത്തലിന് വിധേമായ ഫോണുകളും ആവശ്യമെങ്കിൽ സമിതി ആവശ്യപ്പെട്ടേക്കും. ഉപകരണവുമായെത്തുന്ന വ്യക്തിയുടെ സാന്നിധ്യത്തിൽ ഉപകരണത്തിന്റെ ഡിജിറ്റൽ ചിത്രം എടുക്കുമെന്നും അതിനുശേഷം ഉപകരണം ഉടൻ തന്നെ വ്യക്തിക്ക് തിരികെ നൽകുമെന്നും കമ്മിറ്റി പറഞ്ഞു. ആ വ്യക്തിക്ക് ഡിജിറ്റൽ ചിത്രത്തിന്റെ ഒരു പകർപ്പും നൽകും.

സുപ്രീംകോടതിയിൽ ഹർജി നൽകിയവരോട് ഫോൺ ചോർത്തൽ വിവരങ്ങൾ നേരത്തെ സമിതി തേടിയിരുന്നു. ചോർത്തലിന് വിധേയനായ ഫോണുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബർ 27-നാണ് സുപ്രീം കോടതി സാങ്കേതിക കമ്മിറ്റിയെ നിയമിച്ചത്. ഇന്ത്യൻ പൗരന്മാർക്കെതിരെ കേന്ദ്രമോ സംസ്ഥാന സർക്കാരോ പെഗസ്സസ് സ്യൂട്ട് സ്പൈവെയറുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും. ഏതെങ്കിലും സർക്കാർ ഏജൻസി രാജ്യത്തെ ഏതെങ്കിലും പൗരന്റെമേൽ പെഗസ്സസ് സ്‌പൈവെയർ ഉപയോഗിച്ചിട്ടുണ്ടോയെന്നും ഇത് ഏത് നിയമം, ചട്ടം, മാർഗ്ഗനിർദ്ദേശം, പ്രോട്ടോക്കോൾ അല്ലെങ്കിൽ നിയമാനുസൃതമായ നടപടിക്രമം എന്നിവയുടെ കീഴിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും സമിതി പരിശോധിച്ച് വരികയാണ്.

അതേ സമയം പെഗസ്സസുമായി ഇന്ത്യ നടത്തിയ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി സമർപ്പിച്ചിരുന്നു. ന്യൂയോർക്ക് ടൈംസിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്നാണ് അഭിഭാഷകനായ എംഎൽ ശർമ്മ സമർപ്പിച്ച ഹർജിയിൽ അപേക്ഷിച്ചിരിക്കുന്നത്.

മിസൈൽ ഉൾപ്പെടെയുള്ള ആയുധ ഇടപാടുകൾക്കായി കോടിക്കണക്കിന് ഡോളർ ചെലവാക്കിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.2017ൽ 200 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഉൾപ്പെടുത്തി ഇന്ത്യ പെഗസ്സസ് വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചപ്പോഴാണ് ഇതിൽ തീരുമാനമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളും വിമർശനവുമായി രംഗത്തെത്തി. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അതേസമയം വിഷയത്തിൽ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് കേന്ദ്ര സർക്കാർ നൽകുന്ന മറുപടി. പെഗസ്സസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.