- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെഗസസ് ഫോൺ ചോർത്തൽ വിവാദം: സാങ്കേതികവിദ്യ ദുരുപയോഗത്തിൽ വിശ്വസനീയമായ തെളിവ് ലഭിച്ചാൽ അന്വേഷിക്കും; ആവശ്യമെങ്കിൽ പെഗസ്സസ് നിർത്തലാക്കും എന്നും ഇസ്രയേൽ കമ്പനി
ടെൽ അവിവ്: പെഗസ്സസ് ഫോൺ ചോർത്തൽ - നിരീക്ഷണ വിവാദത്തിൽ വിശ്വസനീയമായ തെളിവുകളുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് ചാര സോഫ്റ്റ് വെയർ നിർമ്മാതാക്കളായ ഇസ്രയേൽ കമ്പനി എൻഎസ്ഒ. ആവശ്യമെങ്കിൽ ചാര സോഫ്റ്റ് വെയർ തന്നെ നിർത്തലാക്കും. അതേസമയം മാധ്യമങ്ങളുടെ അന്വേഷണത്തോട് പ്രതികരിക്കാനില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
പെഗസസിനെതിരായ മാധ്യമ ക്യാംപെയ്ൻ ചില പ്രത്യേക സംഘങ്ങളുടെ താൽപര്യ പ്രകാരം ഫോർബിഡൻ സ്റ്റോറീസ് നടപ്പാക്കിയതാണ്. 17 മാധ്യമ സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ പുറത്തുവിട്ട വിവരങ്ങൾ ഇതിന്റെ ഭാഗമാണെന്നാണു കമ്പനിയുടെ നിലപാട്.
സ്‌പൈവെയറിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇസ്രയേൽ ഉന്നത സംഘത്തെ നിയോഗിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് എൻഎസ്ഒയുടെ നീക്കം. ചാരപ്രവർത്തനത്തിന് ഇരയാക്കപ്പെട്ടവരുടേതെന്ന രീതിയിൽ പുറത്തുവന്ന ലിസ്റ്റും എൻഎസ്ഒ തള്ളി. പെഗസസ് ലക്ഷ്യമിട്ടെന്നു പറഞ്ഞു പുറത്തുവരുന്ന പേരുകളെല്ലാം തെറ്റാണെന്നും കമ്പനി അറിയിച്ചു.
വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ, മാധ്യപ്രവർത്തകർ, ജുഡീഷ്യറി അംഗങ്ങൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗസ്സസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്ന മാധ്യമ റിപ്പോർട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തെത്തിയിരുന്നു.
വിവിധ രാജ്യങ്ങളിലെ 10 പ്രധാനമന്ത്രിമാർ, മൂന്ന് പ്രസിഡന്റുമാർ, ഒരു രാജാവ് തുടങ്ങിയവരെയും പെഗസസ് ലക്ഷ്യമിട്ടിരുന്നെന്നാണു മാധ്യമങ്ങൾ പുറത്തുവിട്ട വിവരം. ഇന്ത്യയിൽ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ, കേന്ദ്ര സർക്കാരിലെ രണ്ട് മന്ത്രിമാർ, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ എന്നിവരുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ പെഗസസ് ഉപയോഗിച്ചെന്നാണ് ദ് വയർ റിപ്പോർട്ട് ചെയ്തത്.
17 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് ഈ വിവരം പുറത്തുവിട്ടത്. തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാൽ മുൻപ് എന്നത്തെയും പോലെ എൻ.എസ്.ഒ. വിശദമായ അന്വേഷണം നടത്തും.
മാധ്യമ സ്ഥാപനങ്ങളുടെ അന്വേഷണത്തിന് ആധാരമായ, ചോർത്തലിനോ നിരീക്ഷണത്തിനോ വിധേയമായവയുടെ പട്ടികയെ ഞായറാഴ്ച മുതൽ എൻ.എസ്.ഒ. നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ചോർത്തലിന് വിധേയമായ ചില ഫോണുകളിൽ പെഗസ്സസ് പ്രവർത്തിച്ചിരുന്നതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.
ഭീകരവാദം, കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷാ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാരുകൾക്ക് മാത്രമാണ് തങ്ങൾ സോഫ്റ്റ് വെയർ നൽകുന്നതെന്ന് എൻ.എസ്.ഒ. അവകാശപ്പെട്ടു. പുറത്തെത്തിയ ലിസ്റ്റ് പെഗസ്സസിന്റെ ലക്ഷ്യങ്ങളോ ലക്ഷ്യമാക്കാൻ സാധ്യതയുള്ളതോ ആയിരുന്നില്ലെന്നും ആവർത്തിച്ചു.
ലിസ്റ്റിൽ ഉൾപ്പെട്ട നമ്പറുകൾക്ക് എൻ.എസ്.ഒ. ഗ്രൂപ്പുമായി ബന്ധമില്ലെന്നും അവർ പറഞ്ഞു. പെഗസ്സസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ ഇസ്രയേൽ മുതിർന്ന മന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചെന്ന വാർത്തയ്ക്കു പിന്നാലെയാണ് വിഷയവുമായി ബന്ധപ്പെട്ട പ്രസ്താവന വരുന്നത്.
പെഗസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തെക്കുറിച്ചു പാർലമെന്റിനുള്ളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനു മേൽ സമ്മർദം ചെലുത്തുകയാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അന്വേഷണത്തിനു കേന്ദ്രം തയാറാകും വരെ ഇരു സഭകളിലും പ്രതിഷേധമുയർത്തും.
ന്യൂസ് ഡെസ്ക്