- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെഗസ്സസ് വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറായില്ല; പാർലമെന്റിനെ റബർ സ്റ്റാമ്പാക്കി മാറ്റി; രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നു; ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി പരിഹസിക്കുന്നുവെന്നും ശശി തരൂർ
ന്യൂഡൽഹി: ഏകപക്ഷീയമായ അഭിപ്രായങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ജനാധിപത്യത്തെ പരിഹസിക്കുന്നുവെന്ന് കോൺഗ്രസ് നേതാവും പാർലമെന്ററി ഐടി സമിതി അധ്യക്ഷനുമായ ശശി തരൂർ. രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാർലമെന്റിനെ ബിജെപി റബർ സ്റ്റാമ്പാക്കി മാറ്റി. ഏകപക്ഷീയമായ അഭിപ്രായങ്ങൾ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോർഡ് മാത്രമാണ് ബിജെപിക്ക് പാർലമെന്റെന്നും ശശി തരൂർ കുറ്റപ്പെടുത്തി.
ഐ.ടി പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ യോഗം അവസാനമായി ചേർന്നത് ജൂലായ് 28നാണ്. പെഗസസ് വിവാദം ചർച്ച ചെയ്യരുതെന്ന ഉദ്ദേശ്യത്തോടെ ബിജെപി അംഗങ്ങൾ യോഗം തടസ്സപ്പെടുത്തി. സമിതി യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് ഉദ്യോഗസ്ഥരോടു നിർദ്ദേശിച്ചിരിക്കാം. എന്തായാലും പെഗസസ് വിഷയം വൈകാതെ ചർച്ച ചെയ്യുമെന്നാണു പ്രതീക്ഷയെന്നും തരൂർ പറഞ്ഞു.
യോഗത്തിൽ പങ്കെടുക്കാത്ത മന്ത്രാലയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കു തരൂർ കത്തയച്ചു. കൂടിക്കാഴ്ച ഒഴിവാക്കാൻ അവസാന നിമിഷം ഒഴികഴിവ് പറഞ്ഞ മൂന്ന് ഉദ്യോഗസ്ഥരുടെ നടപടി ഗുരുതര കൃത്യവിലോപമാണെന്നു കത്തിൽ ചൂണ്ടിക്കാട്ടി. ചർച്ചകൾ ഒഴിവാക്കുന്നതും ഉത്തരവാദിത്തം ഏറ്റെടുക്കാത്തതുമാണു പാർലമെന്റിനോടുള്ള യഥാർഥ അവഹേളനമെന്നും വാർത്താ ഏജൻസി പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ തരൂർ വ്യക്തമാക്കി.
പ്രതിപക്ഷം പാർലമെന്റിനെ അപമാനിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. 'ദേശീയ, രാജ്യാന്തര പ്രാധാന്യമുള്ള വിഷയത്തിൽ മറുപടി പറയുന്നതിൽനിന്നു സർക്കാർ പിന്മാറി. ജനാധിപത്യത്തെയും സാധാരണക്കാരായ ഇന്ത്യക്കാരെയുമാണ് ഇതിലൂടെ സർക്കാർ പരിഹസിച്ചത്. പാർലമെന്ററി ഐടി സമിതിക്കു പെഗസസ് പ്രശ്നം ഇനിയും ഏറ്റെടുക്കാനാകും. 2 വർഷമായി പൗരന്മാരുടെ ഡേറ്റാ സ്വകാര്യത, ഡേറ്റാ സുരക്ഷ, സൈബർ സുരക്ഷ എന്നിവ സമിതി ചർച്ച ചെയ്യുന്നുണ്ട്.
പെഗസസ് പ്രശ്നം വ്യക്തമായും ഐടി സമിതിയുടെ പരിധിയിൽ വരുന്നതാണ്. അതിനാൽ ഈ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ അതിലെ അംഗങ്ങൾ ചോദ്യങ്ങൾ ചോദിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ, പെഗസസ് ചർച്ച ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത ബിജെപി അംഗങ്ങൾ സമിതിയുടെ സ്ഥാപിത ലക്ഷ്യത്തെ തടസ്സപ്പെടുത്തിയതു രഹസ്യമല്ല. 10 അംഗങ്ങൾ പങ്കെടുക്കുന്നതും ക്വോറം തികയാതിരിക്കാൻ രജിസ്റ്ററിൽ ഒപ്പിടാൻ വിസമ്മതിക്കുന്നതും അസാധാരണമായിരുന്നു.
പാർലമെന്റിനോടുള്ള ഉത്തരവാദിത്തം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. ഐടി സമിതിക്കു കഴിയാത്തതു സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) ചെയ്യാനാകുമെന്ന് ഉറപ്പില്ല. പെഗസസിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നാണു ഞങ്ങളുടെ ആവശ്യം. ജുഡീഷ്യറിക്ക് അധികാരങ്ങളുണ്ട്, ഒരു പരിധിവരെ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവുകയുമില്ല. അതു പെഗസസ് വിഷയത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചു കണ്ടെത്താൻ അനുയോജ്യമാണ്' തരൂർ പറഞ്ഞു.
ന്യൂസ് ഡെസ്ക്