- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്ന് ചോർത്തിയത് 300ഓളം പേരുടെ ഫോൺ; കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ജഡ്ജിമാരും മാധ്യമ പ്രവർത്തകരും ഇരകൾ; ചാര സോഫ്റ്റ് വെയർ ഓപ്പറേഷൻ കണ്ടെത്താനുള്ള അന്വേഷണത്തിൽ പങ്കാളിയായി 'ദി വയറും'; വിവരങ്ങൾ പുറത്തു വന്നത് പെഗസ്സസ് ഫോൺ ചോർത്തൽ കേന്ദ്രം നിഷേധിച്ചതിന് പിന്നാലെ
ന്യൂഡൽഹി:ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ പെഗസ്സസ് ഉപയോഗിച്ചുള്ള ഫോൺചോർത്തൽ വിവരങ്ങൾ പുറത്ത്. കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജൻസി മേധാവികളുടെയും വിവരങ്ങളാണ് ചോർത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
സൗദിയിലെ വിമത മാധ്യമപ്രവർത്തകനായ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി 16 മാധ്യമസ്ഥാപനങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽനിന്ന് 'ദ വയർ'ആണ് ഈ ഉദ്യമത്തിൽ പങ്കാളിയായത്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മുന്നൂറോളം നമ്പറുകൾ ചോർത്തലിന് വിധേയമായെന്നാണ് കരുതുന്നത്.
നാൽപ്പതോളം മാധ്യമപ്രവർത്തകരുടെ പേരുകൾ ഇതിലുണ്ട്. മലയാളി മാധ്യമപ്രവർത്തകൻ ജെ ഗോപീകൃഷ്ണന്റെ പേരും ഇതിലുണ്ടെന്നാണ് വിവരം. മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കൾ, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവൻ, നരേന്ദ്ര മോദി സർക്കാരിലെ രണ്ടുമന്ത്രിമാർ, സുരക്ഷാ ഏജൻസി മേധാവികളുടെയും മുന്മേധാവികളുടെയും ഫോണുകൾ ചോർത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
പെഗസ്സസ് എന്ന ഇസ്രയേൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നുവെന്നും ഇതേക്കുറിച്ച് മാധ്യമങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കരുതുന്നതായും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങൾ ദ വൈർ, വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ വെബ്സൈറ്റുകൾ രാത്രി ഒൻപതരയോടെ പുറത്തു വിട്ടു.
മോദി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പത്തിലേറെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോർത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, നെറ്റ് വർക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗസ്സസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗസ്സസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ , ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം. പെഗസ്സസ് ചോർച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങൾ അറിയിക്കുന്നു.
ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോർത്തിയത് എന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാർ,മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോർത്തപ്പെട്ടത്.
ഐ.ടി. നിയമത്തിൽ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് വ്യക്തമായ വ്യവസ്ഥകൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ഇവ ലംഘിച്ചു കൊണ്ടാണ് പെഗസ്സസ് ഉപയോഗിച്ച് മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയുടെയും സ്മൃതി ഇറാനിയുടെയും ഫോണുകളാണ് ചോർത്തിയത് എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഹിന്ദുസ്ഥാൻ ടൈംസ്, ഹിന്ദു തുടങ്ങിയ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകരുടെ ഫോണുകളാണ് ചോർത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ ആയിരത്തിലധികം പേരുടെ ഫോണുകൾ ചോർത്തിയെന്ന വിവരവമാണ് പുറത്തുവന്നിട്ടുള്ളത്. വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ, ശാസ്ത്രജ്ഞർ എന്നിവരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്.
ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പാണ് പെഗസ്സസ് സോഫ്റ്റ്വെയറാണ് വിൽക്കുന്നത്. അതേസമയം തങ്ങളുടെ സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തൽ നടത്തിയെന്നത് ശരിയല്ലെന്നും തങ്ങളുടെ സോഫ്റ്റ്വെയർ വാങ്ങിയ ഏതെങ്കിലും സ്ഥാപനങ്ങൾ ഉപയോഗിച്ചതാവാം എന്നതാണ് പെഗസ്സസിന്റെ നിലപാട്. കമ്പനി അഭിഭാഷകനാണ് അന്വേഷണസംഘത്തിനു മുൻപാകെ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ ഫോൺ ചോർത്തലിൽ പങ്കില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. സർക്കാർ ഏജൻസികൾ അനധികൃതമായി ഫോൺ ചോർത്തൽ നടത്തിയിട്ടില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുറത്തുവന്ന റിപ്പോർട്ടെന്നും കേന്ദ്ര സർക്കാർ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
Government of India's response to inquiries on the ‘Pegasus Project' media report. pic.twitter.com/F4AxPZ8876
- ANI (@ANI) July 18, 2021
2019ലാണ് പെഗസ്സസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗസ്സസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാർത്തകൾ വന്നു.
പിന്നാലെ വാട്സാപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി. തുടർന്ന് 2019 നവംബറിൽ മറുപടി നൽകിയ വാട്ട്സ്ആപ്പ്, വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്സാപ്പ് വിശദീകരണം നൽകി. എന്നാൽ വിഷയത്തിൽ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കൾ അന്ന് രംഗത്ത് എത്തിയത് വാർത്തയായിരുന്നു.
ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗസ്സസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗസ്സസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ ഒരു സോഫ്റ്റ് വെയറുണ്ടെന്ന് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്നാണ് കമ്പനിയുടെ വിശദീകരണം.
ഫേസ്ബുക്കും വാട്സാപ്പും ആപ്പിളുമെല്ലാം പെഗസ്സസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവർത്തനവും പെഗസ്സസ് ചോർത്തും, ഫോണ് വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിങ് ഡാറ്റയും വരെ ചോർത്താൻ കെല്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പെഗസ്സ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്സാപ്പും അവകാശപ്പെടുന്നത്. എന്നാൽ സമീപകാലം വരെയും ചോര്ച്ച നടന്നുവെന്നാണ് ഇന്ന് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ വ്യക്തമാവുന്നത്.
2019 ലെ പെഗസ്സസിന്റെ വാട്ട്സ്ആപ്പ് ആക്രമണത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും സൈനികരും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു എന്നാണ് വിവരം. 20 രാജ്യങ്ങളിലെ സൈനികരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ചോർത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെയും സൈനികരുടെയും വാട്സാപ്പ് വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്