- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീഷണിപ്പെടുത്തി സമരം ഹൈജാക്ക് ചെയ്ത് ട്രേഡ് യൂണിയനുകൾ; നിരാശയിലും പൊട്ടിക്കരഞ്ഞും പെമ്പിളൈ ഒരുമൈ; വലയിലാക്കാൻ ബിജെപിയും വിടുതലൈ ചിരുത്തൈയും; മനസാക്ഷിയുള്ളവർ മാത്രം കൂടെ മതിയെന്നു സ്ത്രീസമരക്കാർ
ഇടുക്കി: മൂന്നാറിൽ സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകരെ തങ്ങളുടെ കീഴിൽ അണിനിരത്താൻ ബി. ജെ. പിയും വിടുതലൈ ചിരുത്തൈ എന്ന തമിഴ് സംഘടനയും കൊണ്ടുപിടിച്ചു ശ്രമിക്കുന്നു. പെമ്പിളൈ ഒരുമൈയാകട്ടെ, ശക്തി ചോർന്നു പോകുന്നതിന്റെ നിരാശയിലും രാഷ്ട്രീയക്കാരുടെ പിന്തുണ വേണ്ടെന്ന കടുത്ത നിലപാടിലുമാണ്. കഴിഞ്ഞ ദിവസത്തെ പി. എൽ. സി യോഗത്തിൽ സമരം
ഇടുക്കി: മൂന്നാറിൽ സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകരെ തങ്ങളുടെ കീഴിൽ അണിനിരത്താൻ ബി. ജെ. പിയും വിടുതലൈ ചിരുത്തൈ എന്ന തമിഴ് സംഘടനയും കൊണ്ടുപിടിച്ചു ശ്രമിക്കുന്നു. പെമ്പിളൈ ഒരുമൈയാകട്ടെ, ശക്തി ചോർന്നു പോകുന്നതിന്റെ നിരാശയിലും രാഷ്ട്രീയക്കാരുടെ പിന്തുണ വേണ്ടെന്ന കടുത്ത നിലപാടിലുമാണ്. കഴിഞ്ഞ ദിവസത്തെ പി. എൽ. സി യോഗത്തിൽ സമരം അവസാനിപ്പിക്കാവുന്ന തരത്തിലേയ്ക്ക് ധാരണയുണ്ടായതാണെന്നും എന്നാൽ ട്രേഡ് യൂണിയനുകളുടെ കടുംപിടുത്തം സമരം നീളാൻ കാരണമായെന്നുമാണ് പെമ്പിളൈ ഒരുമൈ ആരോപിക്കുന്നത്.
പെമ്പിളൈ ഒരുമൈയുടെ സമരവേദിയിൽ സ്ത്രീകളുടെ മുഖത്ത് വിഷാദവും സങ്കടവുമാണ് നിഴലിക്കുന്നത്. ഇടയ്ക്കിടെ പൊട്ടിക്കരഞ്ഞും വിതുമ്പിയും അവർ തങ്ങളുടെ ദുഃഖങ്ങൾ പങ്കുവയ്ക്കുന്നു. സമരം ഹൈജാക്ക് ചെയ്ത് ട്രേഡ് യൂണിയനുകൾ തങ്ങളുടെ ഒരുമ ഇല്ലാതാക്കി. കുറഞ്ഞ വേതനം 500 രൂപയാക്കണമെന്ന ആവശ്യം തങ്ങളാണ് ഉയർത്തിയത്. അയ്യായിരത്തിലധികം സ്ത്രീതൊഴിലാളികളെ ദിവസങ്ങളോളം മൂന്നാർ ടൗണിൽ എത്തിച്ച് റോഡ് ഉപരോധം നടത്തി. സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ ഭീഷണിപ്പെടുത്തിയും മദ്യവും പണവുമൊഴുക്കിയും തൊഴിലാളികളെ തങ്ങൾക്കനുകൂലമാക്കാൻ യൂണിയനുകൾ ശ്രമിക്കുകയാണ്.
ജാതിസ്പർധ ഉണ്ടാക്കാനും ശ്രമിക്കുന്നു. ഇപ്പോൾ അഞ്ഞൂറിൽ താഴെ സമരക്കാരെ മാത്രമേ രംഗത്തിറക്കാൻ തങ്ങൾക്ക് കഴിയുന്നുള്ളൂ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ തൊഴിലാളികൾക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല. മുതലെടുപ്പിനു ലക്ഷ്യമിടുന്ന രാഷ്ട്രീയക്കാരെ തങ്ങൾക്കു വേണ്ടേ വേണ്ട. മന:സാക്ഷിയുള്ളവർ മാത്രം തങ്ങളുടെ കൂടെ വന്നാൽ മതിയെന്നും നിരാശയോടെ പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതിയും ലിസിയും പറഞ്ഞു. നോ ട്രേഡ് യൂണിയൻ, മന:സാക്ഷിയുള്ളവർ മാത്രം ഇവിടേയ്ക്ക് വരിക തുടങ്ങിയ പ്ലക്കാർഡുകളും പെമ്പിളൈ ഒരുമൈ ഉയർത്തിയിട്ടുണ്ട്.
ട്രേഡ് യൂണിയനുകളുടെ സംഘബലത്തിൽ കരുത്തു ചോർന്ന പെമ്പിളൈ ഒരുമൈയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനാണ് ബി. ജെ. പിയും വിടുതലൈ ചിരുത്തൈയും ശ്രമം നടത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തന്നെയാണ് ഇരുവിഭാഗത്തിന്റെയും ലക്ഷ്യം. മൂന്നാറിലെ തോട്ടം മേഖലയിൽ ഇനിയും ക്ലച്ച് പിടിക്കാൻ ബി. ജെ. പിക്കായിട്ടില്ല. ചില മേഖലകളിൽ പാർട്ടിയുടെ അനുഭാവികളുണ്ടെങ്കിലും ട്രേഡ് യൂണിയൻ ഇല്ല. എ. ഐ. ടി. യു. സി, ഐ. എൻ. ടി. യു. സി, സി. ഐ. ടി. യു യൂണിയനുകൾക്ക് മാത്രമാണ് അംഗീകാരമുള്ളത്. സ്ത്രീകളുടെ ആദ്യഘട്ട സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് പ്രകടനമായെത്തിയ ബി. ജെ. പിക്കാരെ അവരുടെ കൊടികൾ പിടിച്ചുവാങ്ങി സ്ത്രീകൾ തല്ലിയോടിച്ചിരുന്നു.
എന്നാൽ രണ്ടാംഘട്ട സമരത്തിൽ വേദിയിലെത്തിയ ബി. ജെ. പി നേതാക്കളോട് സൗഹാർദത്തോടെയാണ് സ്ത്രീകൾ പെരുമാറിയത്. പ്രധാന രാഷ്ട്രീയ കക്ഷികൾ ഒറ്റക്കെട്ടായിനിന്നു പെമ്പിളൈ ഒരുമൈയെ തകർക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ പിന്തുണ അവർ സ്വീകരിക്കുമെന്നാണ് ബി. ജെ. പി പ്രതീക്ഷിക്കുന്നത്. ഇതിനായി തമിഴ്‌നാട്ടിൽനിന്നുള്ള ബി. ജെ. പി നേതാക്കളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എന്നാൽ ഇതുവരെ അവരോട് അനുഭാവപൂർണമായ ചർച്ചയ്ക്ക് പെമ്പിളൈ ഒരുമൈ തയാറായിട്ടില്ല.
വിടുതലൈ ചിരുത്തൈ ഏറെക്കാലമായി തമിഴ് തോട്ടം മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന സംഘടനയാണ്. ട്രേഡ് യൂണിയൻ ഇല്ലെങ്കിലും മൂന്നാറിൽ ഇവർക്ക് യൂണിറ്റുകളുണ്ട്. തമിഴ്‌നാട്ടിൽ ഡി. എം. കെയുടെ സഖ്യകക്ഷിയായ ചിരുത്തൈയ്ക്ക് തമിഴ് തീവ്രവാദസ്വഭാവമാണുള്ളത്. ഇവരുടെ നേതാവ് തിരുമാവഴകൻ എം. പി, മൂന്നാർ സമരത്തിന്റെ ആദ്യഘട്ടത്തിൽ സഹായ വാഗ്ദാനം നടത്തിയെന്നും പിന്തുണ നൽകിയെന്നും പറയുന്നുണ്ട്. അതിർത്തി മേഖലകളായ തേനി, കമ്പം, ബോഡി തുടങ്ങിയ പ്രദേശങ്ങളിൽ ചിരുത്തൈയ്ക്ക് വേരോട്ടമുണ്ട്. മൂന്നാർ തൊഴിലാളികളെ ഭാഷാവികാരമുയർത്തി തങ്ങൾക്കൊപ്പം നിർത്താനാകുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത്. ഇതേസമയം ഇന്നോ, നാളെയോ സമരം അവസാനിപ്പിക്കാവുന്ന തരത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പെമ്പിളൈ ഒരുമൈ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പി. എൽ. സി യോഗത്തിൽ മിനിമം കൂലി 385 രൂപ എന്ന നിലയിൽ രൂപപ്പെടുത്തിയ പാക്കേജിനോട് അവർക്ക് യോജിപ്പായിരുന്നു.
യൂണിയനുകൾ ഇതംഗീകരിക്കാതെ പോയതാണ് സമരം നീളാൻ ഇടയാക്കുന്നത്. മരണം വരെ നിരാഹാരം എന്ന നിലപാടിലും റോഡ് ഉപരോധം ശക്തമാക്കാനും തീരുമാനമെടുത്ത പെമ്പിളൈ ഒരുമൈ പിന്നീട് നിരാഹാരം മാത്രമാക്കി ചുരുക്കാൻ കാരണം സമരം തീരുമെന്ന പ്രതീക്ഷയാണ്. സാമ്പത്തിക പ്രതിസന്ധി അവരെ വല്ലാതെ അലട്ടുന്നുമുണ്ട്. സമരം മുമ്പോട്ടു കൊണ്ടുപോകണമെങ്കിൽ ഇനി ഏതെങ്കിലും സംഘടനയുടെ പിന്തുണ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യവും അവരെ ഭയപ്പെടുത്തുന്നു. ഈ അവസരങ്ങൾ പരമാവധി മുതലാക്കാനാണ് ബി. ജെ. പിയുടെയും വിടുതലൈ ചിരുത്തൈയുടെയും നീക്കം.