- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെമ്പിളൈ ഒരുമൈയുടെ മൂന്ന് പഞ്ചായത്തംഗങ്ങളേയും രാഷ്ട്രീയ പാർട്ടിക്കാർ റാഞ്ചി; സ്വന്തം സ്ഥാനാർത്ഥിയുണ്ടാകുമെന്ന് ലിസി സണ്ണി; ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും സൂചന: ദേവികുളം പിടിക്കാൻ ജയലളിത പണം വാരിയെറിഞ്ഞിട്ടും നടപടിയില്ലെന്നു ലിസി
ഇടുക്കി; തൊഴിലാളികളുടെ അവകാശപ്പോരാട്ടത്തിൽ ദേശീയ ശ്രദ്ധയാകർഷിച്ച മൂന്നാറിലെ 'പെമ്പിളൈ ഒരുമൈ'ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച മൂന്നു ജനപ്രതിനിധികളേയും രാഷ്ട്രീയകക്ഷികൾ റാഞ്ചി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിയേയും പിന്തുണയ്ക്കാതെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സംഘടനയുടെ പ്രസിഡന്റ് ലിസി സണ്ണി. കേരളത്തിന്റെ മണ്ണിൽ കാലുറപ്പിച്ച് മൂന്നാർ മേഖലയെ തമിഴ്‌നാടിനോട് ചേർക്കാൻ ശ്രമിക്കുന്ന എ. ഐ. ഡി. എം കെയേയും എതിർക്കും. സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇടതു-വലതുകക്ഷികളുടേതല്ലാത്ത നല്ലൊരു വ്യക്തി സ്ഥാനാർത്ഥിയായി വന്നാൽ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ലിസി സണ്ണി 'മറുനാടൻ മലയാളി'യോട് പറഞ്ഞു. സ്വന്തം സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിൽ നിർത്തുമെന്നു നേരത്തതന്നെ പെമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ ശക്തികേന്ദ്രമായ മൂന്നാർ ഉൾപ്പെടുന്ന ദേവികുളം അസംബ്ലി സീറ്റിലും തമിഴ് തോട്ടം തൊഴിലാളികൾ ഏറെയുള്ള പീരുമേട് സീറ്റിലുമാണ് തങ്ങളുടെ സ്ഥാനാർത്ഥികളുണ്ടാവുകയെന്നു ലിസി പറയുന്നു. കണ്ണൻ ദേവൻ ഹിൽസ്
ഇടുക്കി; തൊഴിലാളികളുടെ അവകാശപ്പോരാട്ടത്തിൽ ദേശീയ ശ്രദ്ധയാകർഷിച്ച മൂന്നാറിലെ 'പെമ്പിളൈ ഒരുമൈ'ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച മൂന്നു ജനപ്രതിനിധികളേയും രാഷ്ട്രീയകക്ഷികൾ റാഞ്ചി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കക്ഷിയേയും പിന്തുണയ്ക്കാതെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സംഘടനയുടെ പ്രസിഡന്റ് ലിസി സണ്ണി. കേരളത്തിന്റെ മണ്ണിൽ കാലുറപ്പിച്ച് മൂന്നാർ മേഖലയെ തമിഴ്‌നാടിനോട് ചേർക്കാൻ ശ്രമിക്കുന്ന എ. ഐ. ഡി. എം കെയേയും എതിർക്കും. സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇടതു-വലതുകക്ഷികളുടേതല്ലാത്ത നല്ലൊരു വ്യക്തി സ്ഥാനാർത്ഥിയായി വന്നാൽ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ലിസി സണ്ണി 'മറുനാടൻ മലയാളി'യോട് പറഞ്ഞു.
സ്വന്തം സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിൽ നിർത്തുമെന്നു നേരത്തതന്നെ പെമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ ശക്തികേന്ദ്രമായ മൂന്നാർ ഉൾപ്പെടുന്ന ദേവികുളം അസംബ്ലി സീറ്റിലും തമിഴ് തോട്ടം തൊഴിലാളികൾ ഏറെയുള്ള പീരുമേട് സീറ്റിലുമാണ് തങ്ങളുടെ സ്ഥാനാർത്ഥികളുണ്ടാവുകയെന്നു ലിസി പറയുന്നു. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ ബോണസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു ട്രേഡ് യൂണിയനുകളെപ്പോലും കടത്തിവെട്ടി മൂന്നാറിനെ സ്തംഭിപ്പിച്ചു സമരം ചെയ്തു വിജയിച്ച പെൺപടയാണ് പെമ്പിളൈ ഒരുമൈ. സ്ത്രീതൊഴിലാളികൾ ഒറ്റയ്ക്ക് പൊരുതി നേടിയ വിജയമായിരുന്നു അത്. അതിനു പിന്നാലെ രാഷ്ട്രീയ തൊഴിലാളി സംഘടനകളുടെ കൂട്ടായ എതിർപ്പുകളെ അതിജീവിച്ചു ശമ്പള വർധനവിനായും സമരരംഗത്ത് ഉറച്ചുനിന്നു പോരാടി.
സമരങ്ങൾ ഹിറ്റാക്കി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പയറ്റി നോക്കി. പരിചയക്കുറവും സംഘാടകത്വത്തിന്റെ പാളിച്ചയും വിനയായെങ്കിലും രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളേയും ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗത്തേയും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ പെമ്പിളൈ ഒരുമൈ വിജയിപ്പിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് നല്ലതണ്ണി ഡിവിഷനിൽ ഗോമതി അഗസ്റ്റിനും മൂന്നാർ ഗ്രാമപഞ്ചായത്തിൽ രണ്ട് അംഗങ്ങളേയും വിജയിപ്പിച്ചു. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത മൂന്നാർ പഞ്ചായത്തിൽ പെമ്പിളൈ ഒരുമൈ അംഗങ്ങളുടെ പിന്തുണയോടെയാണ് യു. ഡി. എഫ് ഭരിക്കുന്നത്. ഗോമതി പിന്നീട് സി. പി. എമ്മിനൊപ്പമായി. ഇപ്പോൾ മൂന്നാർ പഞ്ചായത്തിലെ രണ്ടു പെമ്പിളൈ ഒരുമൈ അംഗങ്ങളേയും കോൺഗ്രസും പോക്കറ്റിലാക്കി. ഒറ്റയ്ക്ക് പൊരുതി വിജയിച്ച മൂന്നു സ്ഥാനങ്ങളും അങ്ങനെ നഷ്ടമായി.
ഇത്തരമൊരു സാഹചര്യത്തിലാണ് സംഘടനയുടെ പ്രസിഡന്റ് ലിസി സണ്ണി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. പത്താം തീയതി ചേരുന്ന യോഗത്തിൽ തെരഞ്ഞെടുപ്പിൽ തങ്ങളുടെ അന്തിമ നിലപാട് പ്രഖ്യാപിക്കുമെന്ന് അവർ പറഞ്ഞു. ഇരുമുന്നണികളോടും യാതൊരു താൽപര്യവുമില്ല. സമരസമയത്ത് തങ്ങളെ തല്ലിയും ഭീഷണിപ്പെടുത്തിയും ഒതുക്കാൻ നോക്കിയവരാണ് ഇടതുമുന്നണിക്കാർ. യുഡിഎഫിനോട് ആഭിമുഖ്യമുണ്ടായിട്ടല്ല മൂന്നാറിൽ പിന്തുണ നൽകിയത്. സമരവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ പരിഗണനയും നേരിൽ കണ്ട് സംസാരിക്കാൻ അവസരമുണ്ടാക്കിത്തന്നതിനുമൊക്കെ പ്രത്യുപകാരമായാണ്.
യുഡിഎഫിന് എട്ടും എൽഡിഎഫിന് ഒൻപതും സീറ്റുകൾ കിട്ടിയപ്പോൾ പെമ്പിളൈ ഒരുമൈയുടെ രണ്ട് അംഗങ്ങളുടെ പിന്തുണ കോൺഗ്രസിനു നൽകി. പിന്നീട് പെമ്പിളൈ ഒരുമൈ അംഗങ്ങളെ കോൺ്ഗ്രസ് പാട്ടിലാക്കി. പണവും സ്വാധീനവും കയ്യൂക്കുമാണ് മൂന്നാറിലെ ട്രേഡ് യൂണിയനുകൾക്ക്. അവർക്കെതിരെ പോരടിച്ചു നിൽക്കാൻ പ്രയാസമാണ്. സമരത്തിനിടെ, പണിയില്ലാത്തവർക്ക് 500, 1000 രൂപ വീതം നൽകി അവരെയൊക്കെ പാർട്ടികൾ വിലയ്‌ക്കെടുത്തു. നല്ലതണ്ണിയിൽ ഉജ്വല വിജയം നേടിയ ഗോമതി ആദ്യം ജയലളിതയുടെ പാർട്ടിക്കൊപ്പവും പിന്നീട് സി. പി. എം നിയന്ത്രണത്തിലുമായി, തമിഴ്‌നാട്ടിൽ പോയി ജയലളിതയുടെ കാശ് വാങ്ങിയ ഗോമതി കേസ് ഭയന്നാണ് സി. പി. എമ്മിനൊപ്പം ചേർന്നത്.
പണം വാരിയെറിഞ്ഞു ദേവികുളം നിയോജക മണ്ഡലത്തിൽ വേരുറപ്പിക്കാൻ ജയലളിതയുടെ പാർട്ടിയായ എ. ഡി. എം. കെ ശ്രമിക്കുകയാണെന്നു ലിസി പറഞ്ഞു. കഴിഞ്ഞ മാസം 28ന് ജയലളിതയുടെ പിറന്നാളുമായി ബന്ധപ്പെട്ടു മൂന്നാറിൽ നടത്തിയ ആഘോഷത്തിനിടെ പാരിതോഷികങ്ങൾ വിതരണം ചെയ്തത് ഏറ്റവും ഒടുവിലത്തെ സംഭവമാണ്. പങ്കെടുത്തവർക്ക് പരസ്യമായി നൽകിയ പാരിതോഷികങ്ങളിൽ പണവും വസ്ത്രങ്ങളും ലാപ് ടോപ്പ് വരെയുമുണ്ട്. ലഭിച്ചവരിൽ ചിലരുടെ വീടുകളിൽ പോയി അവയൊക്കെ കണ്ടതുമാണ്. തെരഞ്ഞെടുപ്പ് സമയത്ത് പാരിതോഷികങ്ങൾ വിതരണം ചെയ്യുന്നതായി പൊലിസിന്റെയും ജില്ലാ കലക്ടറുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായില്ല. തടഞ്ഞാൻ പ്രശ്‌നമാകുമെന്നാണ് ഇടുക്കി കലക്ടർ പറഞ്ഞത്. തെരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടായിട്ടും നടപടിയെടുത്തില്ല.
ഇപ്പോൾ ജയലളിതയുടെ പാർട്ടിക്കാർ ഓരോ മേഖലയിലും പണം നൽകി ആളുകളെ വശത്താക്കാൻ നോക്കുകയാണ്. ഒരു വാർഡിൽ 50 പേരെയെങ്കിലും വീതം തങ്ങളോടൊപ്പം നിർത്താനാണ് ശ്രമിക്കുന്നതിന്. അതിന് 50000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകുന്നുണ്ട്. ഓരോ തൊഴിലാളിയുടെയും വിവരങ്ങളും പേ സഌപ്പും ഉൾപ്പെടെ വാങ്ങിയാണ് പാർട്ടിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തവർക്ക് പ്രതിഫലം നൽകുന്നത്. ഇങ്ങനെപോയാൽ അവർ ദേവികളം പിടിച്ചെടുക്കും.
ഇതുവരെ തൊഴിലാളികൾക്ക് യാതൊന്നും നൽകാത്ത ട്രേഡ് യൂിയനുകൾക്ക് ഇത് തിരിച്ചടിയാണ്. ഇത്രയൊക്കെ കിട്ടുന്നതിൽ തൊഴിലാളികളും സന്തോഷത്തിലാണ്. വോട്ട് ചെയ്യുന്നത് ആർക്കാണെന്ന് ആരും അറിയില്ലല്ലോ എന്നാണ് അവർ രഹസ്യമായി പറയുന്നത്. ഇവിടെ മൂന്നുപേരും ( സിഐടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി) തൊഴിലാളികളെ മാത്രമല്ല വിറ്റത്. മൂന്നാറിനെ മൊത്തത്തിൽ വിൽക്കുകയായിരുന്നു. ദൈവമുണ്ടെങ്കിൽ ഇവരൊക്കെ റോഡിൽ കുത്തിയിരുന്നു കരയുന്നതു കാണാമെന്നു രോഷത്തോടെ ലിസി പറഞ്ഞു.
സമരകാലത്ത് ആരും സഹായത്തിനെത്തിയില്ലെന്നും തൊടുപുഴയിലെ അഭിഭാഷകനും കത്തോലിക്കാ കോൺഗ്രസ് നേതാവുമായ ബിജു പറയന്നിലമാണ് അരിയുൾപ്പെടെ എത്തിച്ചുതന്ന് സഹായവും നിയമോപദേശവും തന്നതെന്നും ഇപ്പോഴും ബിജു മാത്രമാണ് വലംകൈയായി ഉള്ളതെന്നും അവർ പറഞ്ഞു. സ്വർത്ഥതാൽപര്യമില്ലാതെയും പബ്ലിസിറ്റി ആഗ്രഹിക്കാതെയുമാണ് ബിജു സഹായിക്കുന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ ഹൈറേഞ്ച് സംരക്ഷണ സമിതിയോടും കൂട്ടുകൂടാനില്ല. താൻ സി. പി. എമ്മിന്റെ ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റും ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമൊക്കെയായി പ്രവർത്തിച്ചതാണ്.
തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചു പാർട്ടി മീറ്റിങ്ങുകളിൽ ചർച്ച ചെയ്യുന്നതു കേട്ടു മനം നൊന്തതാണ്. ജോയ്‌സ് ജോർജിനു വേണ്ടി തെരഞ്ഞെടുപ്പിൽ ഒത്തിരി കഷ്ടപ്പെട്ടു. എം. പി ആയ ജോയ്‌സ് സമരത്തിന്റെ അവസാന ദിവസമാണ് മുഖം കാണിക്കാൻ മൂന്നാറിലെത്തിയത്. അവരെയൊക്കെ ഇനി പിന്തുണയ്ക്കുന്ന പരിപാടിയില്ല. ഞങ്ങൾ മൂന്നാറിൽ ജനിച്ചു വളർന്നവരാണ്. തമിഴ്‌നാടിനോടല്ല കൂറ്. ഇവിടെത്തന്നെ ജീവിച്ചു മരിക്കും. ജയലളിതയുടെ പാർട്ടിക്കാർ ദേവികുളം പിടിച്ചാൽ അത് തമിഴ്‌നാടിനോട് കൂട്ടിച്ചേർ്ക്കും. അവരുടെ രാഷ്ട്രീയം കേരളത്തിനു പറ്റിയതല്ലെന്നും ലിസി സണ്ണി പറഞ്ഞു.
ജാതിയാണ് മൂന്നാറിലെ രാഷ്ട്രീയക്കാരുടെ തുറുപ്പുചീട്ടെന്നു ലിസി പറഞ്ഞു. എംഎൽഎമാരായവർ അവരുടെ ജാതിക്കുവേണ്ടി നിലകൊള്ളുകയും നാടിനെ കൊള്ളയടിക്കുകയുമാണ്. അതുകൊണ്ടുതന്നെ ജാതിവോട്ടുകൾ സമാഹരിച്ച് വീണ്ടും ജനപ്രതിനിധിയാകുകയും ചെയ്യുന്നു. നല്ലൊരു സ്ഥാനാർത്ഥി ഒരു മുന്നണിയിലും വരുന്നില്ലെന്നും വ്യക്തമാക്കി. പത്താം തീയതി യോഗം ചേരുമ്പോൾ സ്വന്തം സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതിനൊപ്പം ഏതെങ്കിലും പുതിയ സ്ഥാനാർത്ഥി ഉണ്ടോയെന്നും പരിശോധിക്കും.
ഇരുമുന്നണികളുടെയും ജയലളിതയുടേതുമല്ലാതെ മറ്റൊരു വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയുണ്ടായാൽ സ്വന്തം സ്ഥാനാർത്ഥിയെന്ന നിലപാട് മാറ്റിയേക്കാമെന്നു ലിസിയുടെ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ബി. ജെ. പിയോ, മറ്റേതെങ്കിലും സംഘടനയോ വിജയപ്രതീക്ഷയുള്ള നല്ല സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാൽ പിന്തുണയ്ക്കുമെന്നു സൂചനയുണ്ട്. എന്തായാലും തങ്ങളുടെ വോട്ടുകൾ തങ്ങളുടെ സ്വന്തം സ്ഥാനാർത്ഥി പിടിച്ചു പരാജയമടയുന്ന സ്ഥിതിയോട് അവർ യോജിക്കുന്നില്ല. വോട്ട് പാഴാകരുതെന്നു ചിന്തിക്കുന്നു. ഇവിടെ ബി. ജെ. പിനല്ലൊരു പ്രതീക്ഷയ്ക്കു വക കാണുന്നുമുണ്ട്.