മൂന്നാർ: ഒരു യൂണിയന്റെയും പിൻബലമില്ലാതെ സമരം നയിച്ച് മൂന്നാറിലെ വനിതാ തോട്ടം തൊഴിലാളികൾ നേടിയെടുത്ത സമരം മൂന്നാറിലെ തൊഴിലാളി സംഘടനകളുടെ സമരം മേഖലയിലെ വ്യവസ്ഥാപിത തൊഴിലാളി സംഘടനകൾക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. കണ്ണൻദേവൻ പ്ലാന്റേഷനിലെ വലിയ തൊഴിലാളി സംഘടനയായ എഐടിയുസിക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. രണ്ടാമത്തെ സംഘടനയായ കോൺഗ്രസിന്റെ ഐഎൻടിയുസിയാണ് തിരിച്ചടിയേറ്റ മറ്റൊരു പ്രസ്ഥാനം. അതേസമരം ആദ്യമെത്തിയ നേതാക്കൾക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും വിഎസിന്റെ വരവോടെ സിഐടിയുവിന് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട. എന്നാൽ ഈപ്രസ്ഥാനങ്ങൾക്കൊക്കെ തിരിച്ചടിയായി സമരം നയിച്ച പെമ്പിള ഒരുമൈ യൂണിയനാകാൻ പോകുന്നു ഒരുങ്ങുകയാണ്. ഇതിനുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണിപ്പോൾ. യൂണിന്റെ പ്രഖ്യാപനം ഞായറാഴ്‌ച്ച ഉണ്ടാകുമെന്നാണ് മൂന്നാർ സമരത്തിന് നേതൃത്വം നൽകിയവർ അറിയിച്ചിരിക്കുന്നത്.

സ്ത്രീത്തൊഴിലാളികളുടെ നേതൃത്വത്തിൽ തൊഴിലാളി യൂണിയനുകൾക്ക് സമാനമായ സ്ത്രീകൂട്ടായ്മക്കാണ് അരങ്ങൊരുന്നത്. പെമ്പിളൈ ഒരുമൈ(വനിതാ ഐക്യം) എന്ന പേരിലാണ് സംഘടന രൂപവത്കരിക്കുന്നത്. ഇതിനുള്ള പ്രാഥമിക ഒരുക്കങ്ങൾ എല്ലാ എസ്റ്റേറ്റുകളിലും ഉടൻ ആരംഭിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ പെമ്പിള ഒരുമൈയിലെ അംഗങ്ങൾ ഒരുമിച്ചുള്ള മീറ്റിങ് ചേരും. തുടർന്നാകും ഞായറാഴ്‌ച്ച സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുക.

ഓരോ ഡിവിഷനിലുമുള്ള സ്ത്രീകൾ ചേർന്ന് തങ്ങളുടെ നേതാക്കന്മാരായി രണ്ടോ മൂന്നോ പേരെ ചുമതലപ്പെടുത്തും. ഇവർചേർന്ന് ഒരു എസ്റ്റേറ്റിൽനിന്നുള്ളവരെയും അവർ സംഘടനയുടെ തലപ്പത്തുള്ളവരെയും തിരഞ്ഞെടുക്കാനാണ് തീരുമാനം.
തൊഴിലാളി സ്ത്രീകളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും ഇനിമുതൽ തോട്ടംമേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് മാനേജ്‌മെന്റിനും സർക്കാരിനുംമുന്നിൽ അവകാശങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതും പോരാടുന്നതും. തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനശൈലിയിൽനിന്ന് തികച്ചും വ്യത്യസ്ഥമായിരിക്കും സംഘടനയുടെ പ്രവർത്തനങ്ങൾ. സ്ത്രീകളുടെ കൂട്ടായ്മയിൽ തീരുമാനിച്ചെടുക്കുന്ന കാര്യങ്ങൾക്കായിരിക്കും പ്രാധാന്യംനൽകുക. സംഘടനയുടെ പ്രാരംഭ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽത്തന്നെ ഓരോ ഡിവിഷനിലും ആരംഭിക്കാനാണ് നീക്കം.

ചരിത്രസമരത്തിന് നേതൃത്വംനൽകിയ ലിസി സണ്ണി, സുന്ദവല്ലി, വനറാണി, സംഗീത, ഗോമതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപവത്കരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. മിനിമം കൂലി 500 രൂപ ആക്കുന്നതിന് വേണ്ടി സർക്കാരുമായി നടത്തുന്ന ചർച്ചയ്ക്ക് മുമ്പ് സംഘടന രൂപീകരിക്കാനാണ് നീക്കം. 26ന് നടക്കുന്ന പി.എൽ.സി. മീറ്റിങ്ങിന് മുമ്പുതന്നെ സംഘടന നിലവിൽവരുമെന്ന് ഒരു തൊഴിലാളി സ്ത്രീ പറഞ്ഞു. പെമ്പിളൈ ഒരു മൈയിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയ ഇടപെടലുകളോ പുരുഷസാന്നിധ്യമോ ഉണ്ടായിരിക്കില്ലെന്നും ഇവർ പറഞ്ഞു.

നല്ലതണ്ണി എസ്റ്റേറ്റിലെ ലിസി സണ്ണി, ദേവികുളം എസ്റ്റേറ്റിലെ ഗോമതി അഗസ്റ്റിൻ, ദേവികുളം ഫാക്ടറി ഡിവിഷനിലെ ഇന്ദ്രാണി മണികണ്ഠൻ ഈ മൂന്നു തൊഴിലാളി സ്ത്രീകളിലൂടെയാണ് മൂന്നാറിലെ സ്ത്രീവിപ്ലവം കത്തിപ്പടർന്നത്. കൊച്ചിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത സ്ത്രീകളുടെ പ്രതിനിധി സംഘത്തെ നയിച്ചതു ലിസിയാണ്. ലിസിയുടെ നേതൃത്വത്തിൽ തന്നെയാണ് സംഘടന രൂപീകരിക്കാൻ നീക്കം നടക്കുന്നതും.

നിലവിൽ വ്യത്യസ്ത തൊഴിലാളി സംഘടനകളിലെ അംഗങ്ങളാണിവർ. അതുകൊണ്ട് തന്നെ ഇവർ നിലവിലുള്ള സംഘടനയെ ഒഴിവാക്കി മുന്നോട്ട് പോയാൽ അത് വ്യവസ്ഥാപിത തൊഴിലാളി യൂണിയനുകൾക്ക് കനത്ത തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. ഫോണിൽ ആശയവിനിമയം നടത്തി വിവിധ എസ്റ്റേറ്റുകളിൽനിന്നു തൊഴിലാളികളെ സംഘടിപ്പിക്കാൻ മുൻകൈയെടുത്തത് ലിസിയും ഗോമതിയും ഇന്ദ്രാണിയുമായിരുന്നു. കൂലി കൂട്ടുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കണം. കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണം. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും ഇവർ പറയുന്നു.

അയ്യായിരത്തോളം പേരാണ് കണ്ണൻദേവൻ പ്ലാന്റേഷനിൽ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷം പേരും മൂന്നാറിൽ സമരത്തിന് ഇറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പെമ്പിള ഒരുമൈ എന്ന പേരിൽ യൂണിയൻ നിലവിൽ വന്ന് തൊഴിലാളികൾക്കിടയിൽ ഹിതപരിശോധന നടത്തിയാൽ മറ്റ് രാഷ്ട്രീയപാർട്ടികളുടെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാകും. ഇതോടെ പിറക്കും മുമ്പ് തന്നെ പെമ്പിള ഒരുമൈക്ക് പാര പണിത് തൊഴിലാൡനേതാക്കളും രംഗത്തുണ്ട്. ഈമാസം 26ന് നടക്കുന്ന ചർച്ചയിൽ ത്യാഗോജ്ജ്വലമായ ഈ സമരം നയിച്ച യൂണിയൻ നേതാക്കളെ അടുപ്പിക്കില്ലെന്നാണ് വിവരം. തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെ വാക്കുകളിൽ തന്നെ ഈ നിലപാട് വ്യക്തമാണ്. അംഗീകൃത തൊഴിലാളി യൂണിയന്റെ നേതാക്കളെ മാത്രമേ ചർച്ചയിൽ പങ്കെടുപ്പിക്കൂ എന്നാണ് മന്ത്രിയുടെ നിലപാട്.

ഐഎൻടിയുസിയും എഐടിയുസിയും തൊഴിലാകളുടെ ആവശ്യം അംഗീകരിക്കരുതെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. കാരണം തൊഴിലാളി സംഘടകളാണ് പ്രതിക്കൂട്ടിലായത് എന്നതു തന്നെയാണ് ഇതിന് ഇതിന്റെ അടിസ്ഥാനം. തോട്ടം തൊഴിലാളി സമരങ്ങളെ മാദ്ധ്യമങ്ങൾ മഹത്വവത്കരിക്കുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞതിൽ നിന്നും മിനിമം കൂലി 500 ആക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കരുത് എന്ന ധ്വനി തന്നെയാണ് ഒളിച്ചിരിക്കുന്നത്. തൊഴിലാളി യൂണിയനുകൾ ഇല്ലാതെ തൊഴിലാളികൾക്ക് നിലനിൽപില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

അതേസമയം വിഎസിന്റെ വരവോടെയും മറ്റും നേട്ടം കൊയ്ത സിഐടിയു ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടിലാണ്. തൊഴിലാളികളുടെ ന്യായമായ ആവശ്യം അംഗീകരിക്കണമെന്ന് പറഞ്ഞ് വനിതാ തൊഴിലാളികളുടെ കൈയടി നേടാനാണ് സിഐടിയുവിന്റെ നിലപാട്. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തായാലും പെൺകൂട്ടായ്മ ശക്തിപ്രാപിച്ചാൽ തങ്ങൾക്ക് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ.