റിയാദ്: ഈസ്റ്റേൺ പ്രൊവിൻസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മൂന്നു മാസമായി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതായി റിപ്പോർട്ട്. ശമ്പളം മുടങ്ങിയതിനെ തുടർന്ന് നാലു ദിവസമായി ജീവനക്കാർ സമരം ആരംഭിക്കുകയും ചെയ്തു. ജീവനക്കാർ തങ്ങളുടെ ശമ്പള കുടിശിക കിട്ടുന്നതിനായി മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവല്പമെന്റിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

പരാതി മിനിസ്ട്രിയിൽ ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ കേസ് കമ്മീഷനിലേക്ക് റഫർ ചെയ്തിരിക്കുകയുമാണെന്നാണ് ലേബർ ബ്യൂറോ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. കമ്മീഷൻ ഇതിനു തക്ക പരിഹാരം കണ്ടെത്തുമെന്നും വക്താവ് പറയുന്നു. മുടങ്ങിയ ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലരും മാനേജ്‌മെന്റിലെ പല ഉന്നതരേയും സമീപിച്ചുവെങ്കിലും അവരിൽ നിന്നൊന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.

ശമ്പളം മുടങ്ങിയ ജീവനക്കാരിൽ നഴ്‌സുമാരും ഏറെയുണ്ട്. ഇതിനു മുമ്പും പല തവണ ഇവിടെ ശമ്പളം മുടങ്ങിയിട്ടുണ്ടെങ്കിലും അവ പെട്ടെന്നു തന്നെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തവണ സ്ഥിതി ഗുരുതരമാണെന്നും പെട്ടെന്നു തന്നെ ശമ്പള കുടിശിക ലഭ്യമായില്ലെങ്കിൽ പലരുടേയും സാമ്പത്തികാവസ്ഥ ശോചനീയമാകുമെന്നും ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുന്നു.