തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതിൽ നിർണ്ണായകം സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനം. യുവജനങ്ങളെ കൂടെ നിർത്തി തീരുമാനം എടുക്കാനാണ് ആലോചന. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇതിന് പെൻഷൻപ്രായം ഉയർത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ഇടതു മുന്നണിയും ചർച്ച ചെയ്യും.

56ൽ നിന്ന് 57 ആക്കി വർധിപ്പിക്കണമെന്ന 11ാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ ആലോചന. ഇത് നയപരമായ തീരുമാനമാണ്. അതുകൊണ്ട് തന്നെ മുന്നണിയിലും സിപിഎമ്മിലും ചർച്ച നടത്തും. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി നേതാക്കളെ മനസ്സിലാക്കിക്കാൻ നീക്കമുണ്ടാകും. അങ്ങനെ വന്നാൽ യുവാക്കൾക്ക് ബദൽ നിർദ്ദേശിച്ച് പെൻഷൻപ്രായം ഉയർത്തും.

എൽഡിഎഫിലും സിപിഎമ്മിലും അനുകൂല തീരുമാനം ഉണ്ടായാൽ മാർച്ച് 11ന് മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ വിരമിക്കൽ പ്രായം ഉയർത്തുന്ന പ്രഖ്യാപനം ഉണ്ടാകും. അടുത്ത സാമ്പത്തിക വർഷം 4,000 കോടി രൂപ വരെ ഇതുവഴി ലാഭിക്കാമെന്നാണു ധനവകുപ്പ് കണക്കുകൂട്ടുന്നത്. എന്നാൽ, ബജറ്റിനു മുന്നോടിയായി മന്ത്രി വിളിച്ച ചർച്ചയിൽ യുവജന സംഘടനകൾ ഈ നീക്കത്തെ എതിർത്തു. ഇത് സർക്കാർ നീക്കത്തിന് തിരിച്ചടിയാണ്.

5.25 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാരാണുള്ളത്. ഇതിൽ 1.60 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലായതിനാൽ വിരമിക്കൽ പ്രായം 60 ആണ്. ബാക്കി 3.65 ലക്ഷം ജീവനക്കാർക്കാണു പെൻഷൻ പ്രായം വർധിപ്പിക്കുന്നതിന്റെ ഗുണം ലഭിക്കുക. ഈ സാഹചര്യമെല്ലാം യുവാക്കളെ പറഞ്ഞു മനസ്സിലാക്കും. പെൻഷൻ ആനുകൂല്യം നൽകാൻ പണം കടമെടുക്കാൻ കഴിയില്ലെന്നതാണ് വസ്തുത. ഈ പ്രതിസന്ധിയെ ഇടതു മുന്നണി അംഗീകരിച്ചാൽ പെൻഷൻ പ്രായം ഉയർത്തും.

പി എസ് സിയിൽ അപേക്ഷിക്കാനുള്ള പ്രായം ഒരു വർഷം കൂട്ടാമെന്ന നിർദ്ദേശം സർക്കാർ മുമ്പോട്ട് വച്ചേക്കാം. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഉയർത്തിയേക്കും. പങ്കാളിത്ത പെൻഷനിൽ നിന്നും മാറിയൊരു തീരുമാനം ഉണ്ടാകാനും ഇടയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെൻഷൻ പ്രായം ഉയർത്തിയേ പിടിച്ചു നിൽക്കാനാകൂവെന്നാണ് ധനവകുപ്പിന്റെ നിലപാട്. പെൻഷൻ പ്രായം 58 ആക്കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. എന്നാൽ ഇത് യുവാക്കളുടെ കടുത്ത എതിർപ്പുണ്ടാക്കും. അതുകൊണ്ടാണ് 57ലേക്ക് ചുരുക്കാൻ ആലോചന.

സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ള ഇന്ധനം, മദ്യം, റജിസ്‌ട്രേഷൻ, മോട്ടർ വാഹനം എന്നിവയുടെ നികുതികളെല്ലാം വർധിപ്പിക്കുകയോ പുനഃക്രമീകരിക്കുകയോ വേണമെന്നു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്) കഴിഞ്ഞയാഴ്ച കൈമാറിയ റിപ്പോർട്ടിൽ ധന വകുപ്പിനോടു ശുപാർശ ചെയ്തിരുന്നു.

ബംപർ ഒഴികെ ലോട്ടറി ടിക്കറ്റുകളുടെ വില 40 രൂപയിൽ നിന്നു 50 ആയി വർധിപ്പിക്കുന്നതും പരിഗണനയിലാണ്. തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതികളിലും പുനഃക്രമീകരണം ആലോചിക്കുന്നുണ്ട്. ഇവയെല്ലാം ബജറ്റിൽ പ്രഖ്യാപനങ്ങളായി വരുമെന്നാണു സൂചന.