- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇംഗ്ലീഷിന് ഹിന്ദി ബദലാകണം; വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ ആശയ വിനിമയത്തിന് ഹിന്ദി ഉപയോഗിക്കണം; സർക്കാർ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കും; ഔദ്യോഗിക ഭാഷാ സമിതിയുടെ യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി: ഇംഗ്ലീഷിന് ബദലായി ഹിന്ദി മാറണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുന്നത് 'ഇന്ത്യയുടെ ഭാഷ'യിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സർക്കാരിന്റെ ഭരണ കാര്യങ്ങൾക്കുള്ള മാധ്യമമായി ഹിന്ദിയെ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു. ഈ തീരുമാനം ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇപ്പോൾ മന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഹിന്ദിയിലാണ് തയ്യാറാക്കുന്നതെന്ന് മന്ത്രി സമിതി അംഗങ്ങളെ അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയുടെ ഭാഗമായി ഔദ്യോഗിക ഭാഷയായ ഹിന്ദിയെ മാറ്റിയെടുക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ് ഷാ ഊന്നൽ നൽകിയത്. ഒന്നാമതായി, സമിതിയുടെ റിപ്പോർട്ടിന്റെ 1 മുതൽ 11 വരെയുള്ള വാല്യങ്ങളിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനായി ജൂലൈയിൽ ഒരു യോഗം ചേരാൻ സമിതിക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഭാഷാ സമിതി സെക്രട്ടറി അതിന്റെ അംഗങ്ങളെ അറിയിക്കണമെന്നും ഷാ പറഞ്ഞു.
രണ്ടാമതായി, ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെയും ഹിന്ദി അദ്ധ്യാപന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്നാമതായി, ഹിന്ദി നിഘണ്ടു പരിഷ്‌കരിച്ച് പുനഃപ്രസിദ്ധീകരിക്കണമെന്നും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു.
കൂടാതെ, സമിതിയുടെ റിപ്പോർട്ടിന്റെ 11-ാം വാല്യം രാഷ്ട്രപതിക്ക് അയയ്ക്കുന്നതിന് ഷാ അംഗീകാരം നൽകി. സമിതിയുടെ ഈ കാലയളവിൽ തന്നെ മൂന്ന് റിപ്പോർട്ടുകൾ രാഷ്ട്രപതിക്ക് അയച്ചത് എല്ലാവരുടെയും കൂട്ടായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഭാഷാ സമിതി റിപ്പോർട്ടിന്റെ 1 മുതൽ 11 വരെയുള്ള വാല്യങ്ങളിലെ ശുപാർശകൾ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്യാൻ ഒരു ഇംപ്ലിമെന്റേഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി 22,000 ഹിന്ദി അദ്ധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒമ്പത് ആദിവാസി സമുദായങ്ങൾ അവരുടെ ഭാഷാ ലിപികൾ ദേവനാഗരിയിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ, എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാൻ സമ്മതം നൽകിയതായും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ അജയ് കുമാർ മിശ്ര, നിസിത് പ്രമാണിക്, ഔദ്യോഗിക ഭാഷാ പാർലമെന്ററി കമ്മിറ്റി വൈസ് ചെയർമാൻ ഭർതൃഹരി മഹ്താബ് എന്നിവരും സമിതിയിലെ മറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.




