കോഴിക്കോട്: ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾക്കായെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ താമസസ്ഥലത്ത് നിന്നും നാട്ടുകാർ കുടിയൊഴിപ്പിച്ചു. സമീപത്തെ കിണറുകളിൽ കക്കൂസ് മാലിന്യം വ്യാപിക്കുന്നെന്ന കാരണത്താലാണ് ഇരൂന്നൂറിലധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അവർ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ബലമായി ഒഴിപ്പിച്ചത്.

രണ്ട്മാസങ്ങൾക്ക് മുമ്പാണ് ഇരുന്നൂറിലധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കോഴിക്കോട് ചെത്തുകടവ് പിലാശ്ശേരി റോട്ടിലെ 24 മുറികളുള്ള കെട്ടിടത്തിൽ താമസമാക്കിയത്. ഇവർ താമസിക്കുന്ന കുന്ദമംഗലം ചെത്തുകടവ് പിലാശ്ശേരി റോഡിലുള്ള കെട്ടിടത്തിന്റെ സമീപത്തെ 7 കിണറുകളിൽ വെള്ള നിറത്തിലുള്ള പാട നിറഞ്ഞുതുടങ്ങിയതോടെയാണ് നാട്ടുകാർ പ്രശ്നം ശ്രദ്ധിച്ചുതുടങ്ങിയത്.

ഇതോടൊപ്പം കഴിഞ്ഞ ദിവസം ഈ ഫ്ളാറ്റിന് സമീപത്തെ വെളുത്തേടത്ത് രാഘവന്റെ മകൻ ശ്രീകാന്തിന് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്റെ കണ്ടപ്പോഴും പ്രശ്നം കിണറുകളിലെ വെള്ളത്തിന്റെ പ്രശ്നമാണെന്നാണ് കണ്ടെത്തിയിയത്. പിന്നീട് നടത്തിയ പരിശോധനയിൽ കിണറിലെ ബാക്ടീയകളുടെ അളവ് വൻതോതിൽ വർദ്ധിച്ചതായും കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ മലിനപ്പെട്ട 7 വീടുകളിലെയും കിണറുകൾ ഇപ്പോൾ തീരെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

വെള്ളത്തിന് അസഹ്യമായ ദുർഗന്ധവും നിറത്തിന് വ്യത്യാസവുമുണ്ട്. ഇരൂന്നൂറിലധികം വരുന്ന ആളുകൾ താമസിക്കുന്ന കെട്ടിടത്തിൽ ആകെയുണ്ടായിരുന്നത് 24 ശുചിമുറികളാണ് ഇവിടുത്തെ കക്കൂസ് മാലിന്യമടക്കമുള്ള മുഴുവൻ മാലിന്യങ്ങളും ഒരു വലിയ കുഴിയിലേക്കാണ് ഒഴുക്കിയിരുന്നത്. ഈ കുഴിയിൽ നിന്നാണ് സമീപത്തെ കിണറുകളിലേക്ക് മാലിന്യം വ്യാപിച്ചത്. ഈ കണ്ടെത്തെലുകളുടെ അടിസ്ഥാനത്തിൽ കെട്ടിടം അടച്ചുപൂട്ടാനും ഇതരസംസ്ഥാന തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനും ഹെൽത് ഇൻസ്പെക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയും പഞ്ചായത്ത് സ്റ്റോപ് മെമോ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഹെൽത് ഇൻസ്പെക്ടറുടെയും പഞ്ചായത്തിന്റെയും ഉത്തരവുകൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് ഇന്നലെ നാട്ടുകാർ തന്നെ നേരിട്ടെത്തി തൊഴിലാളികളെ ഒഴിപ്പിച്ചത്. നിലവിൽ മലിനമാക്കപ്പെട്ട ഏഴോളം കിണറുകൾ ഇനി ഉപയോഗിക്കണമെങ്കിൽ കിണറിൽ ഇപ്പോഴുള്ള മുഴുവൻ വെള്ളവും ഒഴിവാക്കി വൃത്തിയാക്കേണ്ടതുണ്ട്. ഇത് ഇടക്കിടെ തുടർന്ന് കൊണ്ടിരിക്കുകയും വേണം. ഇത്തരത്തിൽ വെള്ളം ഒഴിവാക്കി രണ്ട് വർഷത്തോളമെങ്കിലും കഴിഞ്ഞേ കിണർ പുനരുപയോഗിക്കാൻ സാധ്യമാകൂ. രണ്ട് വർഷത്തോളം ഈ ബാക്ടീരിയകൾ കിണറിൽ തന്നെയുണ്ടായകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

നിലവിൽ വെള്ളത്തിന്റെ നിരപ്പ് താഴ്ന്ന് തുടങ്ങുന്ന സമയമായതിനാൽ ഇപ്പോൾ കിണർ വറ്റിച്ചാൽ ഇനി വെള്ളമുണ്ടാകുമോ എന്ന ആശങ്കയും വീട്ടുകാർക്കുണ്ട്. മാത്രവുമല്ല ഇത്തരത്തിൽ രണ്ട് വർഷമെങ്കിലുമെടുക്കും കിണർ പുനരുപയോഗസാധ്യമാകാൻ എന്നിരിക്കെ ഇത്രയും ദിവസം കുടിവെള്ളത്തിന് എന്ത് ചെയ്യുമെന്നും ഇവർ ചോദിക്കുന്നു. കേടായ കിണറുകളിൽ ഇനി ശുദ്ധജലം ലഭ്യമാക്കണമെങ്കിൽ കിണറുകൾ വൃത്തിയാക്കണം. കിണറുകൾ ശുദ്ധീകരിച്ചാൽ തന്നെ രണ്ടര വർഷം വരേ ഈ വെള്ളം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. കിണറുകൾ മലിനപ്പെട്ടവർക്ക് കുടിവെള്ളം എത്തിച്ച് നൽകണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.