കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള കോഴിമാലിന്യങ്ങളും അറവു മാലിന്യങ്ങളും സംസ്‌കരിക്കുന്ന താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ പരിസരവാസികൾ പ്രത്യക്ഷ സമരത്തിലേക്ക്. ഫ്രഷ് കട്ട് എന്ന പേരിലുള്ള സ്ഥാപനത്തിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് കട്ടിപ്പാറ പഞ്ചായത്തിലേക്ക് ഈ മാസം 25ന് ജനകീയ മാർച്ച് നടത്താൻ തയ്യാറെടുക്കുകയാണ് കോഴിക്കോട് കോടഞ്ചേരി പഞ്ചായത്ത് 14ാം വാർഡ് കരിമ്പാലക്കുന്ന് നിവാസികൾ.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിൽ ഇരുതുള്ളി പഴയുടെ തീരത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കോഴി അറവു മാലിന്യങ്ങൾ ഇവിടെ എത്തിച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇത് സംസ്‌കരിക്കുന്ന സമയത്ത് പുറത്തേക്ക് വരുന്ന ദുർഗന്ധം കാരണം നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ശ്വാസംമുട്ടലടക്കമുള്ള അസുഖങ്ങൾ പലർക്കും കണ്ടുതുടങ്ങിയിട്ടുണ്ട്. ഛർദ്ദിയും തലവേദനയും ഈ ദുർഗന്ധം കാരണം ഉണ്ടാകുന്നു.

ഗർഭിണികളും കുട്ടികളും പ്രായമായവരുമടക്കം നിരവധി പേർ താമസിക്കുന്ന ഈ പ്രദേശത്ത് എല്ലാ വീട്ടിലും ഈ ദുർഗന്ധം കാരണം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുണ്ട്. അന്യ നാടുകളിൽ നിന്ന് ബന്ധുക്കളാരും തങ്ങളുടെ നാട്ടിലേക്ക് വരുന്നില്ലെന്നും വിവാഹത്തിനോ മറ്റ് ചടങ്ങുകൾക്കോ എത്തുന്നവർക്ക് കരിമ്പാനക്കുന്നിലെത്തിയാൽ ഛർദ്ദിയും തലവേദനയും അനുഭപ്പെടുന്നെന്നും നാട്ടുകാർ പറയുന്നു. സ്ഥാപനം സ്ഥിതി ചെയ്യുന്നത് കട്ടിപ്പാറ പഞ്ചായത്തിന്റെ അതിർത്തിയിലാണ്.

എന്നാൽ ഈ സ്ഥാപനത്തിൽ നിന്നുള്ള ദുരിതം അനുഭവിക്കുന്നത് കോടഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾക്കാണെന്നും നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു. നിരവധി തവണ സ്ഥാപനമേധാവികലുമായി നേരിട്ടും പൊലീസ് മുഖേനയും ചർച്ച നടത്തിയെങ്കിലും ദുർഗന്ധത്തിന് പരിഹാരമായിട്ടില്ല. ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ കരാറുകളുണ്ടാക്കിയെങ്കിലും അതൊന്നും പാലിക്കാൻ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. പ്രതിദിനം സംസ്‌കരിക്കാൻ അനുമതി നൽകിയിട്ടുള്ളതിനേക്കാൾ അധികം മാലിന്യം ഇവിടെ സംസ്‌കരിക്കുന്നുണ്ടെന്നും എന്നാൽ എന്നാൽ ദുർഗന്ധം പുറത്ത് വരാതിരിക്കാനായുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുമില്ല എന്നാണ് നാട്ടുകാരുടെ പരാതി.

കൂടാതെ ഫാക്ടറിയോട് ചേർന്നുള്ള ഇരു തുള്ളി പുഴയിലെ ജലവും മലിനമാവുന്നതായി പരാതി ഉയർന്നിട്ടുണ്ട്.മലിനീകരണ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് നാട്ടിൽ ്സംയുക്ത സമരസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൺവെൻഷൻ ചേരുകയും ഈ മാസം 25ന് കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് ജനീകയ മാർച്ച് നടത്താനും തീരുമാനമായിട്ടുണ്ട്.അതേ സമയം സ്ഥാപനത്തിൽ നിന്ന് ഇപ്പോൾ പുറത്തേക്ക് ദുർഗന്ധമുണ്ട് എന്ന കാര്യം കമ്പനി അധികൃതരും സമ്മതിക്കുന്നു.

എന്നാൽ ഈപ്രശ്നം ഫെബ്രുവരി 15നകം പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോൾ നടക്കുന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും കമ്പനി അധികൃതർ പറയുന്നു. നിരവധി ചെറുപ്പക്കാർക്ക് ജോലി നൽകുന്ന സ്ഥാപനമാണ്. പുതിയ സജ്ജീകരണങ്ങൾ ഒരുക്കി ഇപ്പോഴുള്ള പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കും. നാട്ടിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കാൻ സ്ഥാപനത്തിനായിട്ടുണ്ട്. സ്ഥാപനത്തിനെതിരെ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ചില രാഷ്ട്രീയക്കാരാണെന്നും അവർക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നൽകാത്തതിലുള്ള പകയാണ് ഇതിന് പിന്നിലെന്നും കമ്പനി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.