ന്യൂഡൽഹി: നടപ്പു സാമ്പത്തികവർഷം ഒരു കോടി പുതിയ നികുതിദായകരെ ഉൾപ്പെടുത്താനുള്ള പദ്ധതിയുമായി ആദായനികുതി വകുപ്പ്. ഈ ലക്ഷ്യം കൈവരിക്കാൻ നാലു ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുള്ളവരേുയം നികുതി അടയ്ക്കാൻ തക്ക വരുമാനമുള്ള നഗരവാസികളേരും ആദായനികുതി വകുപ്പ് നിരീക്ഷണത്തിലാക്കും. നികുതി വെട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്.

കൂടുതൽ പേർ കുടിശ്ശിക അടച്ചുതീർത്താൽ നികുതിഭാരം സംബന്ധിച്ച പരാതികൾ ക്രമേണ ഇല്ലാതാക്കാമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) അഭിപ്രായപ്പെട്ടു. നികുതി നൽകാൻ തക്ക വരുമാനമുള്ളവർ റിട്ടേണുകൾ ഫയൽ ചെയ്യാൻ തുടങ്ങണം. കുറഞ്ഞ തുകയാണ് നികുതിയടക്കുന്നതെങ്കിൽ പോലും അത് ആളുകൾ നിർവഹിക്കുമ്പോൾ ഗുണകരമാവും. പ്രതിവർഷം നാലു ലക്ഷത്തോളം വരുമാനമുള്ളവർ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നില്ലെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു.

റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ പട്ടികയിൽ ഇവർ ഇല്ല. രാജ്യത്തെ ഇടത്തരം നഗരങ്ങളിലെ ചെറുകിട നികുതിദായകരുടെ കാര്യത്തിലും നികുതി വകുപ്പ് പ്രാധാന്യം നൽകും. ഇത്തരത്തിലുള്ളവരിൽ 12 മുതൽ 20 വരെ ശതമാനം ആളുകളുടെ ആദായനികുതി വിവരങ്ങൾ ലഭ്യമല്ലെന്ന് സി.ബി.ഡി.ടി. ചെയർപേഴ്‌സൺ അനിത കപൂർ പറഞ്ഞു.

നികുതി കൃത്യമായി അടയ്ക്കുന്നതു സംബന്ധിച്ച് റസിഡൻസ് അസോസിയേഷനുകളിലും മറ്റും പ്രചാരണം തുടരും. ഭൂമിക്ക് ഉയർന്ന വിലയുള്ള നഗര മേഖലകളിൽ താമസിക്കുന്നവരിൽ പലരും നികുതി അടയ്ക്കുന്നില്ലെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ചെറുകിട നികുതിദായകർ കൂടി നികുതി ഘടനയുടെ ഭാഗമായാൽ നികുതിയിൽ അയവു വരുത്താനാവുമെന്നും അനിത കപൂർ പറഞ്ഞു.

നികുതി അടയ്ക്കാത്തവർ അടയ്ക്കുന്നവർക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജനങ്ങൾ ഇത് മനസ്സിലാക്കുന്നില്ല. നികുതിക്കായി വകുപ്പ് വേട്ടക്കിറങ്ങില്ലെന്നും പുതിയ നികുതി ദായകരെ കണെ്ടത്തുന്നതിന് സാങ്കേതികവിദ്യയുടെ സഹായം തേടുമെന്നും അവർ പറഞ്ഞു.