തിരുവനന്തപുരം: കുപ്പിവെള്ളത്തെ അവശ്യസാധനമായി പ്രഖ്യാപിച്ച് വില 13രൂപയാക്കാനുള്ള സർക്കാരിന്റെ എല്ലാ ശ്രമങ്ങളും കുപ്പിവെള്ള മാഫിയ പൊളിച്ചടുക്കി. 600കോടിയിലേറെ രൂപയുടെ വ്യാപാരം നടത്തുന്ന കുപ്പിവെള്ള മാഫിയ സർക്കാരിനെ വെല്ലുവിളിച്ച് വില കുറയ്ക്കില്ലെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ മേയിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുപ്പിവെള്ളം അവശ്യവസ്തുവായി വിജ്ഞാപനം ചെയ്യാനും വില 13രൂപയാക്കാനും തീരുമാനിച്ചിരുന്നു.

കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാനുള്ള കുപ്പിവെള്ള നിർമ്മാണ അസോസിയേഷന്റെ തീരുമാനം വ്യാപാരി സംഘടനകൾ അംഗീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ കടുത്ത തീരുമാനമെടുത്തത്. എന്നാൽ ഒരു കാരണവശാലും വില കുറയ്ക്കാനാവില്ലെന്ന് കുപ്പിവെള്ള കമ്പനികൾ സർക്കാരിനെ അറിയിച്ചു. സർക്കാർ പലവട്ടം അഭ്യർത്ഥിച്ചിട്ടും കുപ്പിവെള്ള വിപണി നിയന്ത്രിക്കുന്ന പെപ്സികോ തിരിഞ്ഞുനോക്കിയില്ല. ഒരു യോഗത്തിലും അവർ പങ്കെടുത്തില്ല. 146 കുപ്പിവെള്ള കമ്പനികളാണ് കേരളത്തിലുള്ളത്.

കേരളാ എസൻഷ്യൽ ആർട്ടിക്കിൾ കൺട്രോൾ ആക്ട് 1986 പ്രകാരം കുപ്പിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കാനും ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13രൂപയായി വില നിശ്ചയിക്കാനുമാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പല ഘട്ടങ്ങളിലൂടെയുള്ള നിർമ്മാണ പ്രക്രിയയിലൂടെയാണ് കുപ്പിവെള്ളം നിർമ്മിക്കുന്നതെന്നും 13രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വിൽക്കാനാവില്ലെന്നും കുപ്പിവെള്ള നിർമ്മാണ കമ്പനികളുടെ സംഘടന സർക്കാരിനെ അറിയിച്ചു. ഈ സാഹചര്യം പരിശോധിക്കാനും കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുമായി സിവിൽ സപ്ലൈസ് ഡയറക്ടർ ചെയർമാനും നികുതി, നിയമം, വ്യവസായം, ധനകാര്യം, ധനകാര്യം, ജലവിതരണം, ആരോഗ്യം, ലീഗൽ മെട്രോളജി വകുപ്പുകളെയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിനെയും സിവിൽ സപ്ലൈസ് വകുപ്പിലെ ലോ ഓഫീസറെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

കുപ്പിവെള്ളത്തെ മാത്രമായി അവശ്യവസ്തുവായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കമ്മിറ്റിക്കു മുൻപാകെ കുപ്പിവെള്ള കമ്പനികൾ അറിയിച്ചത്. അങ്ങനെയെങ്കിൽ ടാങ്കറിൽ കൊണ്ടുപോകുന്ന വെള്ളത്തെയും അവശ്യവസ്തുവായി പ്രഖ്യാപിക്കേണ്ടി വരും. മാത്രമല്ല, 13രൂപ പരമാവധി വിൽപ്പന വില (എം.ആർ.പി) നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ജീവൻ രക്ഷാമരുന്നുകളുടെയും വളത്തിന്റെയും വിലനിലവാരം നിശ്ചയിക്കാൻ കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂ. അതിനാൽ കുപ്പിവെള്ളത്തിന്റെ വില 13രൂപയാക്കിയ സർക്കാർ തീരുമാനം നിയമപരമല്ല. കുപ്പിവെള്ള കമ്പനികളുമായി സർക്കാർ പലവട്ടം ചർച്ച നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.

സർക്കാർ പറയുന്നതുപോലെ 13രൂപയ്ക്ക് കുപ്പിവെള്ളം നൽകിയാൽ ജനങ്ങളുടെ കൈയിലെത്തുക മലിനജലമായിരിക്കുമെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നുമാണ് കുപ്പിവെള്ള കമ്പനികളുടെ ഭീഷണി. ഐ.എസ്.ഒ സ്‌പെസിഫിക്കേഷൻ പാലിക്കുന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന കുപ്പിയിലാണ് കുടിവെള്ളം നിറയ്ക്കുന്നത്. വില കുറയ്ക്കാൻ നിർബന്ധിച്ചാൽ ഈ പ്ലാസ്റ്റിക് കുപ്പിയുടെ നിലവാരവും കുറയ്ക്കും. പ്ലാസ്റ്റികിന്റെ ക്വാളിറ്റി കുറച്ചാൽ വെള്ളം പെട്ടെന്ന് മലിനമാവും. അത് വിപരീത ഫലമുണ്ടാക്കും.- കുപ്പിവെള്ള കമ്പനികൾ സമിതിയെ അറിയിച്ചു. 18മുതൽ 22രൂപ വരെ വേണമെന്നാണ് കുപ്പിവെള്ള കമ്പനികളുടെ ആവശ്യം. എം.ആർ.പിയിൽ കൂടുതൽ വില ഈടാക്കുന്നവർക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് വഴി പരിശോധനകൾ നടത്തി പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനവും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും കുപ്പിവെള്ള മാഫിയ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികൾ വെള്ളത്തിലായിട്ടുണ്ട്.

സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് വ്യാപാരികൾ ലാഭം കുറച്ച് കുപ്പിവെള്ള വ്യാപാരികളും തയ്യാറായിട്ടില്ല. 150ശതമാനം വരെ കൊള്ളലാഭമാണ് വ്യാപാരികൾ നേടുന്നത്. മൊത്തവിതരണക്കാർ എട്ടും പത്തും രൂപയ്ക്ക് നൽകുന്ന കുപ്പിവെള്ളത്തിനാണ് 15 മുതൽ 20 വരെ രൂപ നൽകേണ്ടിവരുന്നത്. വൻകിട ഹോട്ടലുകളിൽ 30രൂപയും അതിനു മുകളിലും ഈടാക്കുന്നുണ്ട്. വിലകൂട്ടി വാങ്ങുന്നത് ഒഴിവാക്കാൻ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന നടത്തുമെന്ന സർക്കാർ പ്രഖ്യാപനവും പാഴ്‌വാക്കായി മാറി. അതേസമയം, ലിറ്ററിന് പത്തുരൂപയ്ക്ക് താഴെ കുടിവെള്ളം നൽകാവുന്ന വാട്ടർ അഥോറിറ്റിയുടെ കുപ്പിവെള്ള പദ്ധതിക്ക് ഉന്നത ഐ.എ.എസുകാർ തന്നെ തടയിട്ടിരിക്കുകയാണ്. ജലവിഭവവകുപ്പ് തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ കുപ്പിവെള്ള പ്ലാന്റ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിപണിയിൽ ഇറക്കാനായിട്ടില്ല. വാട്ടർ അഥോറിറ്റി തൊടുപുഴയിലെ പ്ലാന്റിൽനിന്ന് ഹില്ലി അക്വാ എന്നപേരിൽ കുപ്പിവെള്ളം വിപണിയിലിറക്കുന്നുണ്ട്.

15 രൂപയാണ് ഒരു ലിറ്ററിന് വില. കൺസ്യൂമർ സ്റ്റോറുകളിൽ 10രൂപയ്ക്കാണ് വിൽക്കുന്നത്. കിണറിൽനിന്നോ കുഴൽക്കിണറിൽനിന്നോ വെള്ളമെടുത്താണ് സ്വകാര്യ കമ്പനികൾ കുപ്പിവെള്ളമുണ്ടാക്കുന്നത്. ഇതിന് സെസ് ഈടാക്കുന്നില്ല. അനുവദനീയമായ അളവിലേ ജലമെടുക്കാവൂ എന്ന നിബന്ധന മാത്രം. ശുദ്ധീകരണം അടക്കമുള്ള നിർമ്മാണച്ചെലവിന്റെ പേരിലാണ് വിലയത്രയും ഈടാക്കുന്നത്. തുച്ഛമായ വിലയ്ക്ക് കിട്ടുന്ന വാട്ടർ അഥോറിറ്റിയുടെ വെള്ളം ശുദ്ധീകരിച്ച് 20രൂപയ്ക്ക് വിൽക്കുന്ന കമ്പനികളുമുണ്ട്. വ്യവസായ പാർക്കുകളിലും മറ്റും വ്യവസായ ആവശ്യത്തിന് 1000 ലിറ്റർ വെള്ളത്തിന് 40 രൂപയാണ് വാട്ടർ അഥോറിറ്റി ഈടാക്കുന്നത്. ഇതേവെള്ളം പേരിന് ശുദ്ധീകരണ പ്ലാന്റിലൂടെ കടത്തിവിട്ട് ലിറ്ററിന് 20 രൂപയ്ക്ക് വിൽക്കും.