- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ പെരളത്ത് അശോകൻ തട്ടിപ്പുവീരൻ; ഇയാൾ മുമ്പ് വിവാഹം കഴിച്ചതും സമാനമായ വിധത്തിൽ; സ്വഭാവ ദൂഷ്യത്താൽ ഒരു വർഷം നീണ്ട ബന്ധത്തിൽ യുവതി ഉപേക്ഷിച്ചു പോയി; അശോകൻ ഫേസ്ബുക്കിലൂടെ നോട്ടമിടുന്നത് സമ്പന്ന യുവതികളെ
കൊച്ചി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരിചയം സ്ഥാപിച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി വിവാഹം കഴിച്ചതും സമാന രീതിയിലൂടെ എന്നു പൊലീസ്. കഴിഞ്ഞ ദിവസം എറണാകുളം വടക്കേകര സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ 16 കാരിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയ കാസർഗോഡ് കാഞ്ഞിരപ്പൊയ് പെരളത്ത് അശോകൻ(30) സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ചൂഷണം നടത്തുന്ന ആളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇയാൾ നേരത്തെ മറ്റൊരു പെൺകുട്ടിയേയും ഫെയ്സ് ബുക്കിൽ നിന്നും സൗഹൃദത്തിലാക്കിയ ശേഷമാണ് വിവാഹം കഴിച്ചത്. ഇയാളുടെ സ്വഭാവ ദൂഷ്യം മൂലം ഒരു വർഷം നീണ്ടു നിന്ന ബന്ധത്തിനൊടുവിൽ യുവതി ഉപേക്ഷിച്ചു പോകുകയായിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന വാണിമൂലമൊട്ട തൈവളപ്പിൽ മഞ്ജുനാഥിനെയും(28) പൊലീസ് പിടികൂടിയിരുന്നു. ഒന്നാം പ്രതി അശോകൻ ഫേസ്ബുക്കിൽ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിൽ നിന്ന് പെൺകുട്ടിയും ആയി അടുപ്പത്തിലാകുകയും സുഹൃത്തുമായി വടക്കേക്കര എത്തി പെൺകുട്ടിയേയും വിളിച്ചിറക്കി കടന്നു കളയുകയായിരുന്നു.
മറ്റൊരു പേരിൽ അശോകൻ തുടങ്ങിയ ഫേസ്ബുക്കു പ്രൊഫൈലിൽ നിന്നാണ് പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തുടർന്നാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത്. കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ വടക്കേക്കര പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും പ്രതികളെയും കോഴിക്കോട് നിന്നും കണ്ടെത്തിയത്. പരാതി ലഭിച്ചയുടൻ സ്റഅറേഷൻ എസ്.എച്ച്.ഒ എം.കെ മുരളി വിവരം വയർലെസ്സിലൂടെ കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും അറിയിച്ചു.
ഇതോടെ കൺട്രോൾ റൂം വാഹനങ്ങൾ റെയിൽവേ സ്റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി സ്റ്റാന്റുകളിലും അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ വച്ച് പെൺകുട്ടിയെയും പ്രതികളെ പൊലീസ് കണ്ടെത്തിയത്. പൊലീസിനെ കണ്ട് പെൺകുട്ടിയെ ഉപേക്ഷിച്ച് ഇരുവരും കടന്നു കളയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് പെൺകുട്ടിയേയും പ്രതികളെയും പൊലീസ് വടക്കേക്കരയിലെത്തിക്കുകയായിരുന്നു. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളയാളാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞാണ് തന്നെ കൂട്ടിക്കൊണ്ടു പോയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.
പൊലീസിന്റെ കൃത്യമായ ഇടപെടൽ മൂലം മറ്റ് ഉപദ്രവങ്ങളൊന്നും ഏൽക്കാതെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പൊലീസ് കൗൺസിലിങ് നൽകിയ സേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. പ്രതികൾ കാസർഗോഡ് വാഹന സംബന്ധമായ തൊഴിലുകൾ ചെയ്തു വരികയാണ്. വിവാഹം കഴിക്കുക എന്ന ലക്ഷ്യമായിരുന്നു പിന്നിലെന്നാണ് അശോകൻ പൊലീസിനോട് പറഞ്ഞത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. കോവിഡ് പരിശോധനയ്ക്കു ശേഷം ഇന്നു ജയിലിൽ എത്തിക്കും.
കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചു വരുകയാണെന്നും ഇതിലൂടെ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു എന്നും പൊലീസ് പറഞ്ഞു. വടക്കേക്കര ഇൻസ്പെക്ടർ എം.കെ മുരളി, എസ്ഐ കെ.എസ്.ഷാജൻ,എഎസ്ഐ ബിന്ദു കൃഷ്ണകുമാർ,വനിതാ പൊലീസ് ഉദ്യാഗസ്ഥ ബോൺസ്ലെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.