തൃശ്ശൂർ: യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസ് ഒതുക്കി തീർക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് പേരാമംഗലം സിഐ എംവി മണികണ്ഠൻ മറുനാടൻ മലയാളിയോട പറഞ്ഞു. മൊഴിയെടുക്കുന്നതിന്റെ ഭാഗമായി അനാവശ്യ ചോദ്യങ്ങൾ ചോദിച്ചുവെന്ന യുവതിയുടെ ആരോപണം തെറ്റാണ്. വനിതാ പൊലീസ് സ്വാഭാവികമായ നടപടിക്രമങ്ങളിലൂടെ മാത്രമാണ് മൊഴിയെടുത്തത്. കൃത്യമായി മൊഴി എടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. അത നിറവേറ്റുകമാത്രമാണ് ചെയ്തത്. പുരുഷ പൊലീസുകാർ മൊഴി എടുക്കുന്നതിൽ ഇടപെട്ടില്ല.

കൂട്ടമാനഭംഗത്തിന്റെ ഇരയ്ക്ക നൽകേണ്ട എല്ലാ പരിഗണനയും പൊലീസ് നൽകിയിട്ടുണ്ട്. കേസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. മുമ്പ് തന്ന മൊഴിയിൽ വീഡിയോ എടുത്ത കാര്യം പറഞ്ഞതായി ഓർമ്മയില്ല. ഇല്ലെന്നാണ് വിശ്വാസം. യുവതിയുടേയും ഭർത്താവിന്റേയും സുഹൃത്തുക്കളാണ് കേസിലെ പ്രതികൾ. അതിനാൽ യുവതി തന്നെ കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പറയുകയായിരുന്നുവെന്നും മണികണ്ഠൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

നേരത്തെ യുവതി ഗുരുതരമായ ആരോപണമായിരുന്നു പൊലീസിനെിതിരെ ഉന്നയിച്ചിരുന്നത്. കൂട്ട ബലാൽസംഗം നടന്നതിനെ കുറിച്ച് പരാതി പറയാൻ തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ തനിക്ക് കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്നാണ് യുവതി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. തെളിവെടിപ്പിനായി നാടുനീളെ കൊണ്ടുനടന്ന് അവഹേളിക്കുകയും മാനസികമായി തകർക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തതായി തൃശൂരിലെ യുവതി ആരോപിക്കുകയുണ്ടായായി.

സ്റ്റേഷനിൽ പ്രതികൾക്കൊപ്പം നിർത്തിയാണ് ചില പൊലീസുകാർ അശ്ലീല ചുവയോടെ ചോദ്യങ്ങൾ ആരാഞ്ഞതെന്നും യുവതി പറഞ്ഞു. പരാതി ബോധിപ്പിക്കാനെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ പെരുമാറ്റത്തോടെ പരാതിപ്പെടാൻ തന്നെ പേടിച്ചു. സിഐ ചോദിച്ച ചോദ്യങ്ങൾ ബലാൽസംഗം ചെയ്യപ്പെട്ടതിനേക്കാൾ വേദനിപ്പിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. പേരാമംഗലം സിഐയാണ് ഇത്തരത്തിൽ മാനസികമായി തകർക്കുന്ന ചോദ്യങ്ങൾ ചോദിച്ചതെന്നും യുവതി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ തെറ്റാണെന്നാണ് പേരാമംഗലം സിഐ വ്യക്തമാക്കിയത്.

ഓഗസ്റ്റ് 16നാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അശ്ലീല ചുവയോടെ സിഐ ചോദിച്ചത് ഇവരിൽ ആര് ചെയ്തപ്പോഴാണ് കൂടുതൽ സുഖം കിട്ടിയതെന്നാണ്. ഇത് കേട്ട് അത്യധികം വേദനയോടെ നിലവിളിക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ലെന്നും യുവതി പറയുന്നു. സ്റ്റേഷനിലെത്തിയ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾക്ക് ഒപ്പം നിർത്തിയാണ് പലപ്പോഴും പൊലീസുകാർ ചോദ്യം ചെയ്തത്. പട്ടിയെ പോലെയാണ് ഞങ്ങളെ സ്‌റ്റേഷനിൽ ഇരുത്തിയത്. നാടുതോറും തെളിവെടുപ്പിനെന്ന് പറഞ്ഞ് കൊണ്ടു നടന്ന് അവഹേളിച്ചു. ആൾക്കാർ ഉള്ളിടത്താണ് തെളിവ് ശേഖരണത്തിന് കൊണ്ടു നിർത്തിയത്. നാല് ദിവസം ഞങ്ങളെ ഇത്തരത്തിൽ കൊണ്ടു നടന്നു. മാനസിക പീഡനവും അവഹേളനവും സഹിക്ക വയ്യാതായപ്പോൾ ഇതെങ്ങനേയും അവസാനിപ്പിച്ചാൽ മതിയെന്നായി. ആൾക്കാരുള്ള സ്ഥലത്ത് നിർത്തിയിട്ട് എന്നോട് സ്ഥലം കാണിച്ചു തരാൻ ആവശ്യപ്പെടുകയായിരുന്നു.- യുവതി ആരോപിക്കുകയുണ്ടായി.

ഒടുവിൽ ഒത്തുതീർപ്പിന് പൊലീസുകാർ നിർബന്ധിച്ചു. മജിസ്‌ട്രേറ്റിന് മുന്നിൽ പറയാനുള്ള മൊഴി പൊലീസ് സ്റ്റേഷനിൽ ഇരുത്തിയാണ് പഠിപ്പിച്ചു തന്നത്. പൊലീസുകാരാണ് ഇത് ചെയ്തത്. മൊഴി മാറ്റിപ്പറഞ്ഞില്ലെങ്കിൽ കുട്ടികളെ കൊല്ലുമെന്ന് പറഞ്ഞു. അതിനാൽ പ്രതികൾക്ക് അനുകൂലമായ തരത്തിൽ മൊഴി പറയേണ്ടി വന്നു. മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ മൊഴി പറയാൻ എത്തിച്ചത് പ്രതികളുടെ കാറിലാണ്. തന്നെ മജിസ്‌ട്രേറ്റിന് മുന്നിലേക്ക് വിട്ടത് ഭർത്താവിനെ കാറിൽ പിടിച്ചു വച്ചിട്ടാണ്. പ്രതികൾ ഭർത്താവിനെ കാറിൽ പിടിച്ചുരുത്തിയതും കുട്ടികളുടെ ജീവനും ഓർത്ത് മൊഴി മാറ്റി പറയാൻ നിർബന്ധിതയായി.

മജിസ്‌ട്രേറ്റ് ബാഹ്യസമ്മർദ്ദമുണ്ടോയെന്ന് ചോദിച്ചതോടെ പൊട്ടിക്കരഞ്ഞുപോയെന്നും യുവതി പറയുന്നു. പൊലീസിന്റെ സഹായം പ്രതികൾക്ക് ഉണ്ടായതോടെയാണ് കേസ് പിൻവലിക്കാനും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയും മാറ്റിപ്പറയാൻ നിർബന്ധിതയായതെന്ന് തൃശൂരിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ യുവതി പറയുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത് പൊലീസ് കൂടിയാണ്. തൃശൂരുപോയ അവര് ഞങ്ങളെ കൊല്ലും. ഞങ്ങളെ അവര് എന്ത് വേണേലും ചെയ്‌തോട്ടെ ഇത് എന്തായാലും ഉണ്ടായ സംഭവമാണെന്ന് ആ യുവതി കരഞ്ഞു പറഞ്ഞിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമല്ലെന്നാണ് പേരാമംഗലം സിഐ മണികണ്ഠൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കിത്.