തൃശൂർ: വടക്കാഞ്ചേരി കൂട്ടബലാൽസംഗ കേസിലെ ഇരയോട് മോശമായി പെരുമാറുകയും വേദനിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുകയും ചെയ്ത പേരാമംഗലം സിഐ മണികണ്ഠന് സസ്‌പെൻഷൻ. പരാതി ബോധിപ്പിക്കാനെത്തിയ യുവതിയെ മാനസികമായി പീഡിപ്പിക്കുകയും അശ്ലില പരാമർശങ്ങൾ നടത്തുകയും ചെയ്‌തെന്ന് ആരോപണത്തിലാണ് അന്വേഷണ വിധേയമായി പേരാമംഗലം സിഐയെ സസ്‌പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഐജിയാണ് അന്വേഷണവിധേയമായി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്. യുവതിയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

അതേസമയം പേരാമംഗലം സിഐക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. മണികണ്ഠനെതിരെ പരാതി അറിയിക്കാൻ വേണ്ടി പാർവതി ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥ നടത്തുകയുമുണ്ടായി. ഇതോടെ ഉദ്യോഗസ്ഥനെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടാകുകയും ചെയ്തു. കൈക്കൂലി കേസിൽ അടക്കം ആരോപണ വിധേയനായിരുന്നു മണികണ്ഠൻ. ചെർപ്പുളശേരി സി ഐ ആയിരിക്കെ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിന് അഞ്ചു മാസത്തിലേറെ സസ്‌പെൻഷൻ നടപടി നേരിട്ടിരുന്നു.

2009 ൽ ചെർപ്പുളശേരി സി ഐ ആയിരിക്കുമ്പോഴാണ് മണികണ്ഠനെ സസ്‌പെന്റ് ചെയ്യുന്നത്. അന്ന് പാലക്കാട് ജില്ലയും സമീപജില്ലകളും കേന്ദ്രീകരിച്ച് വീടുകളിൽ നിന്ന് വ്യാപകമായി സ്വർണം മോഷണം പോകുന്ന പതിവുണ്ടായിരുന്നു. രാത്രി കാലത്ത് വീടുകൾ തകർത്ത് അകത്തു കയറിയാണ് മോഷ്ടാക്കൾ സ്വർണം മോഷ്ടിച്ചിരുന്നത്. ഇങ്ങിനെ കിലോകണക്കിന് സ്വർണമാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുപ്രസിദ്ധ ക്രിമിനൽ പരുത്തി വീരനും സംഘവും അറസ്റ്റിലായി.

മോഷണ മുതൽ വാങ്ങിയതിന് കസ്റ്റഡിയിൽ കഴിയുന്നയാളിന്റെ ഭാര്യയോട് മണികണ്ഠൻ ഫോണിലൂടെ കൈക്കൂലി ആവശ്യപ്പെട്ടു. ഇതു ഫോണിൽ റെക്കോർഡ് ചെയ്ത് എസ് പി ക്ക് പരാതി നൽകുകയും ചില ചാനലുകളിൽ ഈ സംഭാഷണം അതേപടി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതോടെ മണികണ്ഠനെ അന്വേഷണ നടപടികളുടെ ഭാഗമായി സസ്‌പെൻഡ് ചെയ്യുകയുണ്ടായി.

തിരികെ സർവീസീിൽ കയറിയപ്പോഴും മണികണ്ഠൻ വിവാദ നായികനായി തുടർന്നു. പാലക്കാട് ഹേമാംബിക നഗറിൽ ജോലി ചെയ്യവേ ഒരു ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും സി ഐക്ക് എതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നു. പിന്നീട് ഒറ്റപ്പാലത്തും ഇയാൾ ജോലി ചെയ്തു. അതിന് ശേഷമാണ് പേരാമംഗലത്ത് എത്തിയത്. ഇവിടെ മുഹമ്മദ് നിസാം കേസുമായി ബന്ധപ്പെട്ടും സിഐ ആരോപണ വിധേയനായിരുന്നു.