കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പേരാമ്പ്ര നിയോജക മണ്ഡലത്തിൽ രൂപപ്പെട്ട കോൺഗ്രസ് കൂട്ടായ്മ പേരാമ്പ്രയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനവുമായി രംഗത്ത്. ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെയും പേരാമ്പ്രയിലെ കോൺഗ്രസ് നേതൃത്വത്തിന്റെയും തെറ്റായ നടപടിയിൽ പ്രതിഷേധിച്ചും ലീഗ് ആവശ്യപ്പെടാതെ തന്നെ പേരാമ്പ്ര അവർക്ക് നൽകാനെടുത്ത തീരുമാനത്തിനെതിരെയും ജനാധിപത്യവിരുദ്ധമായ സമീപനത്തിനുമെതിരെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് പേരാമ്പ്രയിലെ പാർട്ടി പ്രവർത്തകരും ഒരു വിഭാഗം നേതാക്കളും വ്യക്തമാക്കുന്നു.17 ന് ചേരുന്ന ബഹുജന കൺവെൻഷനിൽ വെച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. കൂട്ടായ്മ നിർത്തുന്ന സ്ഥാനാർത്ഥിയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതൃത്വത്തിന് പ്രഖ്യാപിക്കേണ്ടിവരുമെന്നും കോൺഗ്രസ് കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പേരാമ്പ്രയിൽ കോൺഗ്രസ് കൂട്ടായ്മ രൂപീകരിച്ചത്. കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നിലപാടും ധാർഷ്ട്യവും കാരണമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദയനീയ പരാജയം ഉണ്ടായത്. ഇക്കാര്യങ്ങൾ സംസാരിക്കാനായി ഡിസിസി പ്രസിഡന്റിനെ കണ്ടപ്പോൾ ധിക്കാരപരമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിൽ നിന്നുണ്ടായത്. പേരാമ്പ്രയിലെ നേതാക്കൾ നടത്തുന്ന വോട്ടുകച്ചവടമാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്.

ഇത്തരം നേതാക്കളെ മാറ്റിയാലെ കോൺഗ്രസിന് രക്ഷപ്പെടാൻ കഴിയുകയുള്ളുവെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പേരാമ്പ്ര സീറ്റിന് ലീഗ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ലീഗ് നേതാക്കൾ കൂടിയുള്ള വേദിയിൽ വച്ചാണ് പേരാമ്പ്രയിൽ കോൺഗ്രസ് മത്സരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ചത്. ലീഗ് നേതാക്കൾ പോലും ആ പ്രസ്താവന കേട്ട് കയ്യടിക്കുകയാണ് ചെയ്തത്. എന്നാൽ പ്രാദേശിക നേതൃത്വം ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെയാണ് സീറ്റ് ലീഗിന് നൽകാൻ തീരുമാനമായത്. പ്രാദേശിക നേതൃത്വത്തെ മാറ്റണം എന്നതുൾപ്പെടെ കെ പി സി സിയോട് ആവശ്യപ്പെട്ട കാര്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രവർത്തനം ശക്തമാക്കി മുന്നോട്ടുപോകുമെന്നും കൂട്ടായ്മ ഭാരവാഹികൾ വ്യക്തമാക്കി.

പേരാമ്പ്രയിലെ പ്രശ്‌നങ്ങൾ തീർക്കാൻ കെ പി സി സി വയനാട്ടിൽ നിന്നുള്ള കെ എൽ പൗലോസിനെ പേരാമ്പ്രയിലേക്ക് അയച്ചിരുന്നു.അദ്ദേഹം പ്രവർത്തകരുമായി ചർച്ച നടത്തുകയും റിപ്പോർട്ട് തയ്യാറാക്കി കെ പി സി സിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തി. യു ഡി എഫ് മുൻ കൺവീനർ പി പി രാമകൃഷ്ണൻ മാസ്റ്റർ, മുൻ മണ്ഡലം പ്രസിഡന്റുമാരായ വാസു വേങ്ങേരി, പി ടി ഇബ്രാഹിം മാസ്റ്റർ, ബാബു തത്തക്കാടൻ, ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറിമാരായ പ്രദീഷ് നടുക്കണ്ടി, കെ പി രാധാകൃഷ്ണൻ മാസ്റ്റർ, വി വിനോദൻ മാസ്റ്റർ, ചങ്ങരോത്ത് മണ്ഡലം വൈസ് പ്രസിഡന്റ് വി പി ഇബ്രാഹിം മാസ്റ്റർ, പി കെ ബാലകൃഷ്ണൻ നൊച്ചാട്, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ ടി അബൂബക്കർ, മണ്ഡലം ഭാരവാഹികളായ രാജൻ കെ ഐശ്വര്യ, രാജീവൻ പാറാട്ടുപാറ, മുരളീധരൻ എൻ എം, സതീശൻ നീലാംബരി, ചന്ദ്രൻ പടിഞ്ഞാറക്കര, ഒ രാജീവൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് കൂട്ടായ്മ മുന്നോട്ട് പോകുന്നത്. കൂടുതൽ പഞ്ചായത്തുകളിൽ കൂട്ടായ്മ രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി സമ്മർദം ശക്തമാക്കാൻ പേരാമ്പ്ര നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗവും കഴിഞ്ഞ ദിവസം തീരുാനിച്ചിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് എ ഐ സി സിക്കും കെപി സി സിക്കും അടിയന്തര സന്ദേശവും അയച്ചിട്ടുണ്ട്.