- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്നേഹത്തിന്റെയും കരുതലിന്റെയും നിറകുടമായ ഭർത്താവ് പോയി; ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്ക കൂടിയായപ്പോൾ ആത്മഹത്യാ തീരുമാനം കൈക്കൊണ്ടു; ഞങ്ങളെ രക്ഷിക്കരുത്... പ്രകാശേട്ടന്റെ അടുത്തെത്തണം; ദേഹമാസകലം പൊള്ളലേറ്റ് പിടയുമ്പോഴും പ്രിയ പറഞ്ഞത് ഇങ്ങനെ; ദാരുണ സംഭവത്തിൽ കണ്ണീരണിഞ്ഞു ഗ്രാമം
കോഴിക്കോട്: പേരാമ്പ്രയിൽ രണ്ട് കുഞ്ഞുങ്ങളും അമ്മയും തീകൊളുത്ത മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ഗ്രാമം. ഭർത്താവ് മരിച്ചതോടെ ജീവിക്കാൻ ആശ്രയമില്ലാതായ കുടുംബ കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കാൻ ഉറച്ചു തന്നെയായിരുന്നു പ്രിയ ഈ കടുംകൈ ചെയ്തത്. ദേഹമാസകലം പൊള്ളലേറ്റ് പിടയുമ്പോഴും രക്ഷപ്പെടണമെന്ന് അവർ ആഗ്രഹിച്ചില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പ്രിയ ആവശ്യപ്പെട്ടത് 'തങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്റെയടുത്ത് എത്തണമെന്നാണ്.
രണ്ടു മക്കളെയും പ്രിയയെയും തനിച്ചാക്കി ജനുവരി നാലിനാണ് മുളിയങ്ങൽ നടുക്കണ്ടി പ്രകാശനെ മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ തട്ടിയെടുത്തത്. അന്ന് മുതൽ കടുത്ത ആഘാതത്തിലാണ് പ്രിയ. സ്നേഹത്തിന്റെയും കരുതലിന്റെയും നിറകുടമായ ഭർത്താവില്ലാത്ത ലോകത്ത് ജീവിക്കാൻ അവർ ഒരുക്കമായിരുന്നില്ല. തനിച്ചു ജീവിക്കാൻ മുന്നോട്ടുള്ള കാര്യങ്ങൾ അത്രയ്ക്ക് സുഖകരമായിരുന്നുമില്ല. മരണത്തെക്കുറിച്ച് മാത്രമാണ് പ്രിയ എപ്പോഴും സംസാരിച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
മൂത്ത മകളോട് ആത്മഹത്യയെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ, ഇളയ മകൾ ഒന്നും അറിയാതെയാണ് മരണത്തിലേക്ക് യാത്രയായത്. കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങൽ അങ്ങാടിയിലെത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാൽവ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകൾ രക്ഷിക്കാതിരിക്കാൻ വേണ്ടിയായിരുന്നെന്ന് കരുതുന്നു.
പ്രകാശന്റെ മാതാവ് ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത മകൾ പുണ്യതീർത്ഥയെ പ്രിയ വ്യാഴാഴ്ച രാത്രി തന്റെ അടുത്ത് കിടത്തുകയായിരുന്നു. പുലർച്ച മൂന്നരയോടെ വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ കേട്ട് അയൽവാസികൾ എത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് അഞ്ചിന് പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പിൽ പ്രകാശന്റെ ശവകുടീരത്തിനു സമീപം മൂവരെയും സംസ്കരിച്ചു. ഒരു നാട് മുഴുവൻ കണ്ണീർ വാർത്താണ് രണ്ട് പിഞ്ചു മക്കൾക്കും അമ്മക്കും അന്ത്യയാത്ര നൽകിയത്.
വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നിനാണ് സംഭവം. പ്രിയയും മക്കളും കിടപ്പ് മുറിയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീയിടുകയായിരുന്നു. മറ്റൊരു മുറിയിൽ താമസിക്കുന്ന ഭർത്താവിന്റെ അമ്മ കൂട്ട നിലവിളി കേട്ട് ഉണർന്നപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയ നാട്ടുകാർ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും പുണ്യതീർത്ഥ യാത്രാമധ്യേയും, നിവേദ്യയും പ്രിയയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു.
ജനുവരി നാലിനാണ് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തോടെ പ്രിയ വലിയ മനോവിഷമത്തിലായിരുന്നു. 'പ്രകാശേട്ടന്റെ കൂടെ ഞങ്ങളും പോകും' എന്ന് പലപ്പോളും ബന്ധുക്കളോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ കൊണ്ടു പോകുംവഴി ഞങ്ങളെ രക്ഷിക്കാൻ ശ്രമിക്കരുതെന്ന് അയൽവാസിയോട് പറഞ്ഞു. പ്രകാശേട്ടന്റെ അടുത്ത് തന്നെ സംസ്ക്കരിക്കണമെന്നും അവർ പറഞ്ഞിരുന്നു. വീട്ടുവളപ്പിൽ പ്രകാശന്റെ ശവകുടീരത്തിന് സമീപം തന്നെയാണ് മൂവരെയും സംസ്കരിച്ചത്.
പുണ്യതീർത്ഥ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ: വിജയ, ഉഷ, ജയ, ബിജിലേഷ്.
മറുനാടന് മലയാളി ബ്യൂറോ