ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ എജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ഏഴ് പ്രതികളിൽ ഒരാളാണ് പേരറിവാളൻ. 32 വർഷമായി ജയിലിൽ കഴിയുന്നത് പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവുവിന്റെയും, ബിആർ ഗവായിയുടെയും ബഞ്ച് പറഞ്ഞു. ജാമ്യഹർജിയെ കേന്ദ്ര സർക്കാർ ശക്തമായി എതിർത്തെങ്കിലും കോടതി പേരറിവാളന് അനുകൂല വിധിയാണ് പുറപ്പെടുവിച്ചത്.

ശിക്ഷാ കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതിന് എതിരെ പേരറിവാളൻ 2016 ൽ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സുപ്രീം കോടതി വിധി.

പേരറിവാളൻ നിലവിൽ പരോളിൽ ആണെന്നും, മുമ്പ് മൂന്നുപ്രാശ്യം പരോൾ നൽകിയിട്ടുണ്ടെന്നും, ഉള്ള കാര്യം കോടതി പരിഗണിച്ചു. തടവ് കാലത്ത് മോശം ആരോഗ്യസ്ഥിതിയിലും വിദ്യാഭ്യാസ യോഗ്യതകൾ നേടാൻ കഴിഞ്ഞതിന് ആവശ്യമായ രേഖകൾ ഉള്ള കാര്യവും കോടതി പരിഗണിച്ചു. വിചാരണ കോടതിയുടെ ഉപാധികൾക്ക് വിധേയമായിരിക്കും ജാമ്യം എന്നും കോടതി പറഞ്ഞു. സ്വദേശമായ ജോലാർപേട്ടയിൽ മാസത്തിന്റെ ആദ്യ ആഴ്ച പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണം,

2014 ൽ പേരറിവാളന്റെയും മറ്റുരണ്ട് പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമായി സുപ്രീം കോടതി കുറച്ചിരുന്നു. 1991 ജൂൺ 11നാണ് രാജീവ്ഗാന്ധി വധക്കേസിൽ അറസ്റ്റിലായത്. 26 വർഷത്തെ ജയിൽ വാസത്തിനുശേഷം 2017 ഓഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്. ജോലാർപേട്ടയിലെ വസതിയിൽ ഒരു മാസം താമസിച്ചു.

പിന്നീട് പിതാവിന്റെ അസുഖം, സഹോദരി പുത്രിയുടെ വിവാഹം, പേരറിവാളന്റെ വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങൾക്കായാണ് പരോൾ ലഭിച്ചത്. ഡി.എം.കെ സർക്കാർ അധികാരത്തിൽ കയറിയതിനുശേഷം പരോൾ അനുവദിക്കുന്നതിൽ ഉദാര നിലപാടാണ് സ്വീകരിക്കുന്നത്.പേരറിവാളന്റെ തുടർ ചികിത്സ കണക്കിലെടുത്താണിതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. മൂന്ന് ദശാബ്ദക്കാലത്തോളം തടവിൽ കഴിയുന്ന കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്നാണ് തമിഴ്‌നാട് സർക്കാർ നിലപാട്.

അറസ്റ്റിലാകുമ്പോൾ 19 വയസ്

രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂണിൽ അറസ്റ്റിലായപ്പോൾ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനും എൽടിടിഇ പ്രവർത്തകനുമായ ശിവരശനു പേരറിവാളൻ രണ്ട് ബാറ്ററി സെൽ വാങ്ങി നൽകിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബിൽ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 23 വർഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ശിവകീർത്തി സിങ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകൻ, സന്തൻ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.

കസ്റ്റഡിയിലായിരുന്നപ്പോഴുള്ള പേരറിവാളന്റെ മൊഴി താൻ തിരുത്തി കുറ്റസമ്മതം പോലെയാക്കുകയായിരുന്നുവെന്നു വിരമിച്ച സിബിഐ എസ്‌പി വി ത്യാഗരാജൻ 2013 നവംബറിൽ വെളിപ്പെടുത്തിയിരുന്നു. മൊഴി തിരുത്തിയതാണു പേരറിവാളനു വധശിക്ഷ ലഭിക്കുന്നതിൽ നിർണായകമായതെന്നും ത്യാഗരാജൻ പറഞ്ഞിരുന്നു. ഇതാണു താൻ നിരപരാധിയാണെന്ന പേരറിവാളന്റെറ അവകാശവാദത്തിനു ബലമായത്.

1991 ൽ പേരറിവാളന്റെയും മറ്റു പ്രതികളുടെയും മൊഴി സിബിഐ എസ്‌പി വി ത്യാഗരാജനാണു രേഖപ്പെടുത്തിയത്. താനാണു ബാറ്ററികൾ കൈമാറിയതെന്നു പേരറിവാളൻ സമ്മതിച്ചിട്ടുണ്ടെങ്കിലും അവ ബോംബ് നിർമ്മിക്കാൻ ഉപയോഗിക്കുമെന്ന് തനിക്കറിയാമെന്ന് പറഞ്ഞിട്ടില്ലെന്നാണു ത്യാഗരാജൻ വെളിപ്പെടുത്തിയത്. രണ്ടാം ഭാഗം തന്റെ വ്യാഖ്യാനമായിരുന്നുവെന്നും ത്യാഗരാജൻ പറഞ്ഞു.

മൊഴി രേഖപ്പെടുത്തിയതു ഇപ്രകാരമാണ്: ''... മാത്രമല്ല, ഞാൻ രണ്ട് ഒൻപത് വോൾട്ട് ബാറ്ററി സെൽ (ഗോൾഡൻ പവർ) വാങ്ങി ശിവരശനു നൽകി. ബോംബ് സ്ഫോടനത്തിനായി ശിവരശൻ ഇവ ഉപയോഗിച്ചു.''

രണ്ടാമത്തെ വാചകം പേരറിവാളൻ പറഞ്ഞതല്ലെന്നു ത്യാഗരാജൻ സമ്മതിച്ചു. ഇതെന്നെ ധർമസങ്കടത്തിലാക്കി. 'ബാറ്ററി വാങ്ങി നൽകിയതു ഗൂഢാലോചനയുടെ ഭാഗമാണെന്നു സമ്മതിക്കാതെ അതു കുറ്റസമ്മതമൊഴിയാവില്ല. ഞാൻ പേരറിവാളന്റെ മൊഴിയുടെ ഒരു ഭാഗം ഒഴിവാക്കി എന്റെ വ്യാഖ്യാനം ചേർത്തു. ഞാൻ ഖേദിക്കുന്നു,'' ത്യാഗരാജൻ പറഞ്ഞിരുന്നു.

പേരറിവാളന്റെ മൊഴിയിൽ ''ഇതുതാൻ രാജീവ് ഗാന്ധിയിൻ കൊലക്കു പയാൻ പദുത്തപ്പെട്ടത്'' എന്നു തമിഴിൽ ത്യാഗരാജൻ കൂട്ടിച്ചേർത്തത് ഇതാണ് (ബാറ്ററികൾ) അയാൾ ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ചത്'എന്നാണു വിവർത്തനം ചെയ്തത്. ഗൂഢാലോചനയെക്കുറിച്ച് തനിക്കറിയാമെന്നും അല്ലെങ്കിൽ ബോംബ് നിർമ്മാണത്തിനാണെന്ന് അറിഞ്ഞുകൊണ്ടാണു ബാറ്ററികൾ വാങ്ങിയതെന്നും പേരറിവാളൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ത്യാഗരാജൻ വ്യക്തമാക്കിയിരുന്നു.

കേസിൽ 19 പ്രതികളെ 1999 ൽ സുപ്രീംകോടതി കുറ്റവിമുക്തരാക്കി. ടാഡയുടെ വ്യവസ്ഥകൾ റദ്ദാക്കുകയും ചെയ്യുകയും ചെയ്തു. എന്നാൽ ടാഡ പ്രകാരമുള്ള പേരറിവാളന്റെ കുറ്റസമ്മതമൊഴി വിശ്വസനീയമാണെന്നു കോടതി നിരീക്ഷിക്കുകയായിരുന്നു.